ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പര, ജസ്പ്രീത് ബുംറയുടെ പകരക്കാരനെ പ്രഖ്യാപിച്ച് ബിസിസിഐ, കാത്തിരിപ്പിനൊടുവില്‍ അക്വിബ് നബിക്ക് അവസരം

മുംബൈ: ശ്രീലങ്കയ്ക്കെതിരായ രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി പരിക്കേറ്റ സ്റ്റാർ പേസര്‍ ജസ്പ്രീത് ബുംറയ്ക്ക് പകരക്കാരനെ പ്രഖ്യാപിച്ച് ബിസിസിഐ. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കിടെ ഇടത് കാൽമുട്ടിനേറ്റ പരിക്കിൽ നിന്ന് ബുംറ പൂർണമായി മുക്തനാകാത്ത സാഹചര്യത്തിലാണ് ജമ്മു കശ്മീർ പേസര്‍ ആഖിബ് നബിയെ സെലക്ഷൻ കമ്മിറ്റി ടെസ്റ്റ് ടീമിൽ ഉൾപ്പെടുത്തിയത്. വരാനിരിക്കുന്ന പ്രധാന പരമ്പരകൾ മുൻനിർത്തി താരത്തെ ധൃതിപിടിച്ച് കളത്തിലിറക്കേണ്ടതില്ലെന്നാണ് ബിസിസിഐ തീരുമാനം. നിലവിൽ ബെംഗളൂരുവിലെ സെന്റര്‍ ഓഫ് എക്സലൻസിൽ സ്പോർട്സ് സയൻസ് ടീമിന്റെ നിരീക്ഷണത്തിലാണ് ബുംറ. ഐ.പി.എല്ലിൽ ഡൽഹി ക്യാപിറ്റൽസ് താരമായ 29-കാരൻ ആഖിബ് നബിക്ക് ആദ്യമായാണ് ഇന്ത്യൻ ടെസ്റ്റ് ടീമിൽ അവസരം ലഭിക്കുന്നത്. കശ്മീരിലെ ബാരമുള്ള സ്വദേശിയായ ആഖിബ്, പർവേസ് റസൂലിനും ഉമ്രാൻ മാലിക്കിനും ശേഷം സീനിയർ ടീമിലെത്തുന്ന മൂന്നാമത്തെ ജമ്മു കശ്മീർ താരമാണ്. കഴിഞ്ഞ രണ്ട് രഞ്ജി ട്രോഫി സീസണുകളിലായി 104 വിക്കറ്റുകൾ വീഴ്ത്തിയ താരം, കഴിഞ്ഞ സീസണിൽ കശ്മീരിന് ആദ്യ രഞ്ജി കിരീടം സമ്മാനിക്കുന്നതിൽ നിർണായക പങ്കുവഹിക്കുകയും 60 വിക്കറ്റുകളോടെ വിക്കറ്റ് വേട്ടയിൽ ഒന്നാമതെത്തുകയും ചെയ്തിരുന്നു. ബൗളിംഗിന് പുറമെ വാലറ്റത്ത് റൺസ് കണ്ടെത്താനും ആഖിബിന് സാധിക്കും. അതേസമയം, കാൽവിരലിനേറ്റ പരിക്കിൽ നിന്ന് മുക്തനായി വരുന്ന ബാറ്റ്സ്മാൻ ബി. സായ് സുദർശന്റെ പരമ്പരയിലെ പങ്കാളിത്തം ഫിറ്റ്നസ് പരിശോധനയ്ക്ക് വിധേയമായിരിക്കും. ഓഗസ്റ്റ് 15-ന് ഗാലെയിലാണ് ശ്രീലങ്കയ്ക്കെതിരായ ആദ്യ ടെസ്റ്റ് ആരംഭിക്കുന്നത്. രണ്ടാം ടെസ്റ്റ് ഓഗസ്റ്റ് 23 മുതൽ 27 വരെ കൊളംബോയിൽ നടക്കും.
ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യൻ സ്ക്വാഡ്: ശുഭ്മൻ ഗിൽ (ക്യാപ്റ്റൻ), കെ.എൽ. രാഹുൽ (വൈസ് ക്യാപ്റ്റൻ), യശസ്വി ജയ്സ്വാൾ, റിഷഭ് പന്ത് (വിക്കറ്റ് കീപ്പർ), ബി. സായ് സുദർശൻ (ഫിറ്റ്നസിന് വിധേയം), ധ്രുവ് ജൂറെൽ, രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, മാനവ് സുതാർ, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ഗുർനൂർ ബ്രാർ, ദേവ്ദത്ത് പടിക്കൽ, സാരാംശ് ജെയിൻ, ആഖിബ് നബി.
