രോഹിത്തിനെ പുറത്താക്കാൻ നോക്കി, പണി കിട്ടിയത് അഗാർക്കർക്ക്; ചീഫ് സെലക്ടറെ പുറത്താക്കാൻ ബിസിസിഐ; പകരക്കാരനായി ആ താരം

മുംബൈ: ഇന്ത്യൻ ക്രിക്കറ്റിൽ വീണ്ടും വൻ മാറ്റങ്ങൾക്ക് കളമൊരുങ്ങുന്നു. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കിടെ മുൻ നായകന് രോഹിത് ശർമയുടെ ഭാവിയെച്ചൊല്ലിയുണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ, ചീഫ് സെലക്ടർ അജിത് അഗാർക്കറുടെ സ്ഥാനം തെറിച്ചേക്കുമെന്ന് സൂചന. അടുത്ത ഒരു മാസത്തിനുള്ളിൽ അഗാർക്കറെ മാറ്റി, നിലവിൽ ബെംഗളൂരുവിലെ നാഷണൽ ക്രിക്കറ്റ് അക്കാദമി (എൻ.സി.എ) സെന്റർ ഓഫ് എക്സലൻസ് തലവനായ വി.വി.എസ് ലക്ഷ്മണെ പുതിയ ചീഫ് സെലക്ടറായി ബി.സി.സി.ഐ നിയമിച്ചേക്കുമെന്നാണ് ദേശീയ മാധ്യമങ്ങളുടെ റിപ്പോർട്ട്. അഗാർക്കറുടെ കാലാവധി നീട്ടി നൽകിയിരുന്നെങ്കിലും, രോഹിത് ശർമയെ ടീമിൽ നിന്ന് ഒഴിവാക്കാൻ ഗൗതം ഗംഭീറിന്റെ നേതൃത്വത്തിലുള്ള ടീം മാനേജ്മെന്റും അഗാർക്കറും ചേർന്ന് നടത്തിയ നീക്കങ്ങളാണ് തിരിച്ചടിയായത്. ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് മത്സരങ്ങളിൽ നിരാശപ്പെടുത്തിയെങ്കിലും, ലോർഡ്സിൽ നടന്ന മൂന്നാം ഏകദിനത്തിൽ രോഹിത് തകർപ്പൻ സെഞ്ചുറി നേടിയതോടെ സെലക്ടർമാരുടെ കണക്കുകൂട്ടലുകൾ തെറ്റി. ഇതിന് പിന്നാലെ സെലക്ടർമാരോട് ആലോചിക്കാതെ ബിസിസിഐ രോഹിതിന് പരസ്യ പിന്തുണ പ്രഖ്യാപിക്കുകയും, വിദേശ പര്യടനങ്ങളിലെ തിരിച്ചടികളെക്കുറിച്ചുള്ള അവലോകന യോഗം നടത്താതെ ടീം ശ്രീലങ്കയിലേക്ക് പോവുകയും ചെയ്തത് ബോർഡിനുള്ളിൽ കടുത്ത അതൃപ്തിക്ക് കാരണമായിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് അഗാർക്കർക്ക് പകരം വി.വി.എസ് ലക്ഷ്മണെ ചുമതലയേൽപ്പിക്കാനുള്ള നീക്കം ബിസിസിഐ ശക്തമാക്കിയിരിക്കുന്നത്.
