യുപിഐ സേവനങ്ങൾ ഉപഭോക്താക്കൾക്ക് സൗജന്യമായി ലഭിക്കുമെന്ന് പെയ്മെന്റ് കൗൺസിൽ ഓഫ് ഇന്ത്യ

ന്യൂഡൽഹി: ഡിജിറ്റൽ ഇടപാടുകൾക്ക് ചാർജ് ഈടാക്കുമെന്ന പ്രചാരണം ശക്തമാകുന്നതിനിടെ വിശദീകരണവുമായി പേയ്മെന്റ് കൗൺസിൽ ഓഫ് ഇന്ത്യ (പി.സി.ഐ). യു.പി.ഐ (ഏകീകൃത പേയ്മെന്റ് ഇൻറർഫേസ്) സേവനങ്ങൾ ഉപഭോക്താക്കൾക്ക് സൗജന്യമായി തന്നെ തുടരുമെന്ന് സംഘടന പ്രസ്താവനയിലൂടെ വ്യക്തമാക്കി.
സാധാരണക്കാർക്കും ചെറുകിട വ്യാപാരികൾക്കും നിലവിലെ പോലെ തന്നെ യാതൊരുവിധ അധിക തുകയും നൽകാതെ സേവനം തുടർന്നും ഉപയോഗിക്കാം. ഇതിൽ മാറ്റമുണ്ടാകില്ലെന്ന് പേയ്മെന്റ് കൗൺസിൽ ഉറപ്പുനൽകുന്നു.
അതേസമയം, യു.പി.ഐ ഉപയോക്താക്കളുടെ എണ്ണത്തിലും ഇടപാടുകളിലും വലിയ വർധനവാണ് സമീപകാലത്തുണ്ടായത്. അതിനാൽ തന്നെ സംവിധാനത്തിന്റെ സുഗമമായ പ്രവർത്തനവും സുസ്ഥിരതയും ഉറപ്പുവരുത്തുന്നതിന് ആവശ്യമായ നടപടികളെക്കുറിച്ച് ബന്ധപ്പെട്ടവരുമായി ചർച്ചകൾ നടന്നുവരികയാണെന്നും പി.സി.ഐ കൂട്ടിച്ചേർത്തു.
