യുപിഐ ഇടപാടുകൾക്ക് നിരക്ക് ഈടാക്കുമോ എന്ന ചോദ്യത്തിന് മറുപടിയുമായി റിസര്‍വ് ബാങ്ക് ഗവര്‍ണര്‍, നിയമഭദേഗതിക്ക് കേന്ദ്രം

ദില്ലി: ഡിജിറ്റൽ ഇന്ത്യയുടെ നട്ടെല്ലായ യുപിഐ ഇടപാടുകളിൽ ഭാവിയിൽ നിരക്ക് ഏർപ്പെടുത്തുമെന്ന സൂചന നൽകി റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മലഹോത്ര. പണനയ പ്രഖ്യാപനത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. വൻകിട ബിസിനസ് ഇടപാടുകൾക്ക് സേവന നിരക്ക് ഈടാക്കാൻ ലക്ഷ്യമിട്ടുള്ള പെയ്മെന്റ് ആൻഡ് സെറ്റിൽമെന്റ് സിസ്റ്റംസ് ആക്ട് ഭേദഗതി ബിൽ പാർലമെന്റിൽ അവതരിപ്പിച്ച പശ്ചാത്തലത്തിലാണ് ഈ പ്രതികരണം.
ചെലവ് ആരെങ്കിലും വഹിക്കണമെന്നും ഡിജിറ്റൽ പൊതുസംവിധാനങ്ങൾ ശക്തമായി തുടരണമെന്നാണ് എല്ലാവരുടെയും ആഗ്രഹമെങ്കിലും ഇതിന്റെ പ്രവർത്തനച്ചെലവ് ആരെങ്കിലും വഹിച്ചേതീരൂ എന്നും ആർബിഐ ഗവർണർ വ്യക്തമാക്കി. നിലവിൽ ഈ ഭാരം സർക്കാരും ബാങ്കുകളുമാണ് വഹിക്കുന്നത്. ഭാവിയിൽ ഇത് എങ്ങനെ കൈകാര്യം ചെയ്യണമെന്ന് സർക്കാരുമായി ചേർന്ന് തീരുമാനിക്കും. അതേസമയം, പുതിയ മാറ്റങ്ങൾ സാധാരണക്കാരായ ഉപയോക്താക്കളെ ബാധിക്കില്ലെന്നാണ് ബാങ്കിംഗ് വൃത്തങ്ങൾ നൽകുന്ന സൂചന. ക്യു.ആർ കോഡ് സ്കാൻ ചെയ്ത് നടത്തുന്ന സാധാരണ ഇടപാടുകൾ പൂർണ്ണമായും സൗജന്യമായി തുടരും. പ്രതിവർഷം 1.5 കോടി രൂപയിൽ താഴെ വിറ്റുവരവുള്ള ചെറുകിട കച്ചവടക്കാരെയും ഈ സേവന നിരക്കിൽ നിന്ന് ഒഴിവാക്കും. എന്നാൽ, പ്രതിവർഷം 1.5 കോടി രൂപയ്ക്ക് മുകളിൽ വിറ്റുവരവുള്ള സൂപ്പർമാർക്കറ്റുകൾ, വൻകിട ബ്രാൻഡുകൾ എന്നിവയുടെ 2,000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകൾക്ക് 0.3% മുതൽ 0.5% വരെ നിരക്ക് ഈടാക്കാനാണ് ആലോചന.
2020 മുതൽ ഡിജിറ്റൽ ഇടപാടുകളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി യുപിഐ സേവന നിരക്കുകൾ സർക്കാർ സൗജന്യമാക്കിയിരുന്നു. എന്നാൽ കോടിക്കണക്കിന് ഇടപാടുകൾ നടക്കുന്ന ശൃംഖല തടസ്സമില്ലാതെ മുന്നോട്ട് കൊണ്ടുപോകാൻ ബാങ്കുകൾക്കും ഗൂഗിൾ പേ, ഫോൺപേ തുടങ്ങിയ ആപ്പുകൾക്കും വലിയ തുക ചെലവാകുന്നുണ്ട്. പുതിയ ഭേദഗതി നിലവിൽ വരുന്നതോടെ ഈ മേഖലയിൽ കൂടുതൽ സാങ്കേതിക മുന്നേറ്റങ്ങളും ശക്തമായ സുരക്ഷാ സംവിധാനങ്ങളും ഉറപ്പാക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
