ഡോ. വെങ്കലം

ഗ്ലാസ്ഗോ കോമൺവെൽത്ത് ഗെയിംസ് വനിതകളുടെ ഡിസ്കസ് ത്രോയിൽ ഇന്ത്യയ്ക്ക് വെങ്കലം സമ്മാനിച്ച ഡോ. സീമ കലിരാംനയുടെ ജീവിതം ഒരു സാധാരണ കായികതാരത്തിന്റേതല്ല; കഠിനാധ്വാനത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും പ്രചോദനാത്മകമായ പോരാട്ടഗാഥയാണത്. 58.65 മീറ്റർ ദൂരം കണ്ട കണ്ടെത്തിയാണ് ഹരിയാനക്കാരിയായ സീമ വെങ്കലമണിഞ്ഞത്. ജമൈക്കയുടെ സാമന്ത ഹാൾ (61.66 മീറ്റർ) സ്വർണവും കാനഡയുടെ ജൂലിയ ടങ്ക്സ് (60.76 മീറ്റർ) വെള്ളിയും നേടി.
ഫൈനലിലെ ആദ്യ ശ്രമം ഫൗളായതോടെ കടുത്ത സമ്മർദത്തിലായ സീമ, രണ്ടാം ശ്രമത്തിൽ 57.32 മീറ്ററും മൂന്നാം ശ്രമത്തിൽ മെഡലുറപ്പിച്ച 58.65 മീറ്ററും എറിഞ്ഞു. തുടർന്നുള്ള ശ്രമങ്ങൾ ഫൗളായെങ്കിലും, കാമറൂണിന്റെ മോണി നോറ ആറ്റിമിന് സീമയുടെ ദൂരം മറികടക്കാനാകാതിരുന്നതോടെ വെങ്കല മെഡൽ ഇന്ത്യയ്ക്ക് ഉറപ്പായി.
ഹരിയാനയിലെ ഭിവാനി ജില്ലയിലെ ദിനോദ് ഗ്രാമത്തിൽ ജനിച്ച സീമയ്ക്ക് കായികക്ഷമതയും മത്സരവീര്യവുമാണ് ഡിസ്കസ് ത്രോയിലേക്ക് വഴിതുറന്നത്. കായികരംഗത്തെ മികവിനൊപ്പം ഗവേഷണവും കുടുംബജീവിതവും വിജയകരമായി മുന്നോട്ടുകൊണ്ടുപോകാൻ സീമയ്ക്ക് സാധിച്ചു. മുൻ ഇന്ത്യൻ ഡിസ്കസ് ത്രോ താരവും ഭർത്താവുമായ രവീന്ദർ കലിരാംനയാണ് സീമയുടെ പരിശീലകൻ.
2022-ൽ മകൻ രുദ്രയുടെ ജനനത്തോടെ കായികരംഗത്തുനിന്ന് താത്കാലികമായി മാറിനിൽക്കേണ്ടി വന്നു. ശരീരഭാരം കൂടുകയും കായികക്ഷമത കുറയുകയും ചെയ്തെങ്കിലും, മകന് 11 മാസം പ്രായമുള്ളപ്പോൾ അവർ പരിശീലനത്തിലേക്ക് തിരിച്ചെത്തി. അതേവർഷം ചൗധരി ബൻസി ലാൽ സർവകലാശാലയിൽ ഫിസിക്കൽ എഡ്യൂക്കേഷനിൽ ഗവേഷണവും ആരംഭിച്ചു. കായികതാരങ്ങളുടെ പ്രകടനത്തിൽ ‘ഇമേജറി’, ‘സെൽഫ് ടോക്ക്’ എന്നിവയുടെ സ്വാധീനത്തെക്കുറിച്ചായിരുന്നു ഗവേഷണം.
2021-ൽ 45.70 മീറ്ററായിരുന്ന മികച്ച ദൂരം, 2024-ഓടെ 57.19 മീറ്ററായി ഉയർത്തി. ഭുവനേശ്വറിൽ നടന്ന ദേശീയ ഇന്റർ സ്റ്റേറ്റ് മീറ്റിൽ 59.73 മീറ്റർ എറിഞ്ഞ് വ്യക്തിഗത റെക്കോർഡോടെ സ്വർണം നേടി. രണ്ടു വർഷത്തിനിടെ 14 മീറ്ററിലേറെ മുന്നേറ്റമുണ്ടാക്കിയ സീമ, 2025 ദേശീയ ഗെയിംസിലും സ്വർണം നേടി തൻ്റെ തിരിച്ചുവരവ് അടയാളപ്പെടുത്തിയിരുന്നു.
