‘കോലിയുടെ ഉപദേശം കേട്ട്, ഒന്നര വർഷം ആ ശൈലി പിന്തുടര്ന്നു, പിന്നെ പറ്റിയില്ല’; തുറന്നു പറഞ്ഞ് സഞ്ജു സാംസൺ

തിരുവനന്തപുരം: ഇന്ത്യൻ ക്രിക്കറ്റിലെ ഫിറ്റ്നസ് സങ്കൽപങ്ങളെത്തന്നെ മാറ്റിമറിച്ച നായകനാണ് വിരാട് കോലി. കരിയറിന്റെ തുടക്കത്തിൽ കോലി നൽകിയ ഫിറ്റ്നസ് ഉപദേശങ്ങൾ പിന്തുടരാൻ ശ്രമിച്ചതും എന്നാൽ പിന്നീട് അത് തുടരാനാവാതെ പോയതും തുറന്നുപറയുകയാണ് മലയാളി താരം സഞ്ജു സാംസൺ. ജിയോസ്റ്റാറിന്റെ ‘ബിലീവ്’ എന്ന പരിപാടിയിലാണ് സഞ്ജു മനസ്സുതുറന്നത്.
ഇന്ത്യൻ ടീമിന്റെ പരിശീലന ക്യാമ്പിനിടെ ജിമ്മിൽ വെച്ചാണ് സഞ്ജു കോലിയോട് ഫിറ്റ്നസ് ഉപദേശം തേടുന്നത്.
“കാര്യങ്ങൾ വളരെ തുറന്നടിക്കുന്ന ആളാണ് വിരാട് ഭായ്. ജിമ്മിലെ അദ്ദേഹത്തിന്റെ ഊർജവും അർപ്പണബോധവും കണ്ടപ്പോൾ ‘പാജി, എനിക്കും ഫിറ്റ്നസ് നിലനിർത്താൻ ഉപദേശം തരൂ’ എന്ന് ഞാൻ ചോദിച്ചു. അന്താരാഷ്ട്ര തലത്തിൽ തിളങ്ങണമെങ്കിൽ വേറിട്ടൊരു ജീവിതശൈലി വേണമെന്നാണ് അദ്ദേഹം പറഞ്ഞത്. കഴിക്കേണ്ട ഭക്ഷണങ്ങളെക്കുറിച്ചും ഒഴിവാക്കേണ്ട കാര്യങ്ങളെക്കുറിച്ചും വ്യക്തമായി പറഞ്ഞുതന്നു. അടുത്ത 10 വർഷം ഇത് കൃത്യമായി പാലിച്ചാൽ മികച്ചൊരു കരിയർ കെട്ടിപ്പടുക്കാമെന്നും കോലി ഉപദേശിച്ചു.” — സഞ്ജു സാംസൺ
കോലി നിർദേശിച്ച കടുത്ത ഡയറ്റും വർക്കൗട്ടുകളും ഒന്നര വർഷത്തോളം സഞ്ജു കൃത്യമായി പിന്തുടർന്നു. എന്നാൽ ഈ കാർക്കശ്യം ദീർഘകാലം നിലനിർത്താൻ തനിക്ക് സാധിച്ചില്ലെന്ന് സഞ്ജു സമ്മതിക്കുന്നു. ഇത്രയും കഠിനമായ ജീവിതരീതി മുന്നോട്ടുകൊണ്ടുപോകാൻ കഴിയാതെ പിന്നീട് ട്രാക്ക് തെറ്റുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യൻ ക്രിക്കറ്റിലെ കടുത്ത മത്സരങ്ങളെക്കുറിച്ചും സഞ്ജു അഭിമുഖത്തിൽ സംസാരിച്ചു. മറ്റുള്ളവരുടെ പ്രതീക്ഷകൾക്കൊപ്പം ഉയരാൻ ശ്രമിക്കുന്നതിനേക്കാൾ, സ്വന്തം ശൈലിയിൽ കളി ആസ്വദിക്കാനാണ് ഇപ്പോൾ ആഗ്രഹിക്കുന്നത്. 2028-ലെ ടി-20 ലോകകപ്പ് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടില്ലെങ്കിലും പരാതിയില്ലെന്നും, ലഭിച്ച അവസരങ്ങളിലും ഇതുവരെ കടന്നുവന്ന വഴികളിലും സന്തോഷവാനാണെന്നും മലയാളി താരം വ്യക്തമാക്കി.
