കൊക്കോ വില കുറയുന്നു, എങ്കിലും ചോക്ലേറ്റ് വില ഉടന്‍ കുറയില്ല; ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ പുതിയ തന്ത്രങ്ങളുമായി കമ്പനികള്‍

കഴിഞ്ഞ കുറച്ചുകാലമായി വാനോളം ഉയർന്ന കൊക്കോ വില പതുക്കെ താഴേക്ക് ഇറങ്ങുന്നുണ്ടെങ്കിലും വിപണിയിൽ ചോക്ലേറ്റിന് ഉടൻ വില കുറയില്ല. ചോക്ലേറ്റിന് വില കുറയ്ക്കുന്നതിന് പകരം, സോഷ്യൽ മീഡിയ ട്രെൻഡുകളെയും പുതിയ വിപണന തന്ത്രങ്ങളെയും കൂട്ടുപിടിച്ച് ഉപഭോക്താക്കളെ പിടിച്ചുനിർത്താനാണ് ലോകത്തെ മുൻനിര ചോക്ലേറ്റ് നിർമാതാക്കളുടെ നീക്കം.
മോശം കാലാവസ്ഥയും വ്യാപകമായ കൃഷിനാശവും കാരണം കഴിഞ്ഞ രണ്ടു വർഷമായി കൊക്കോ വില റെക്കോർഡ് ഉയരത്തിലായിരുന്നു. ഇത് നിർമാണച്ചെലവ് കുത്തനെ കൂട്ടുകയും ചോക്ലേറ്റ് വിൽപനയിൽ വലിയ ഇടിവുണ്ടാക്കുകയും ചെയ്തു. എന്നാൽ നിലവിൽ കൊക്കോ വിലയിൽ നേരിയ കുറവ് ദൃശ്യമാകുന്നുണ്ട്. നിലവിൽ മെട്രിക് ടണ്ണിന് 5,327 ഡോളർ എന്ന നിരക്കിലാണ് കൊക്കോ വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ഒരു വർഷത്തിനിടെ 34 ശതമാനത്തോളം ഇടിവാണ് വിലയിലുണ്ടായത്.
സോഷ്യൽ മീഡിയ ട്രെൻഡുകളും പ്രീമിയം ബ്രാൻഡുകളും
കൊക്കോയുടെ വില കുറഞ്ഞെങ്കിലും ഉൽപന്നങ്ങളുടെ വില കുറയ്ക്കാൻ തയാറല്ലെന്ന നിലപാടിലാണ് മുൻനിര കമ്പനികൾ. പകരം, പുതിയ തലമുറയെ ആകർഷിക്കാൻ സോഷ്യൽ മീഡിയ ട്രെൻഡുകൾക്കനുസരിച്ചുള്ള പ്രീമിയം ഉൽപന്നങ്ങൾ വിപണിയിലിറക്കാനാണ് തീരുമാനം.
വൈറൽ ട്രെൻഡുകൾ ലക്ഷ്യമിട്ട് 2024 ഡിസംബറിൽ ‘ലിൻഡ്റ്റ്’ പുറത്തിറക്കിയ ‘ദുബായ്- സ്റ്റൈൽ’ ചോക്ലേറ്റ് ബാറുകൾ വലിയ വിജയമായിരുന്നു. വാൾമാർട്ട്, ട്രേഡർ ജോസ്, ഷേക്ക് ഷാക്ക് തുടങ്ങിയ പ്രമുഖ റീട്ടെയ്ലർമാരും ഇപ്പോൾ ദുബായ് ചോക്ലേറ്റ് വിൽക്കുന്നുണ്ട്. ഡിജിറ്റൽ-സോഷ്യൽ മീഡിയ തന്ത്രങ്ങളിലൂടെ പുതിയ ഉപഭോക്താക്കളെ കണ്ടെത്താൻ ഇത് ഏറെ സഹായിച്ചതായി ലിൻഡ്റ്റ് അധികൃതർ വ്യക്തമാക്കി.
ഡിജിറ്റൽ, സോഷ്യൽ മീഡിയ മാർക്കറ്റിംഗിലേക്ക് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് നെസ്ലെയുടെയും പദ്ധതി. വിപണിയിൽ ഉയർന്ന നിലവാരമുള്ള (പ്രീമിയം) ഉൽപന്നങ്ങൾ എത്തിക്കാനാണ് ബാരി കാലെബോട്ട്, ലിൻഡ്റ്റ് തുടങ്ങിയ പ്രമുഖർ ശ്രമിക്കുന്നത്. അതേസമയം, പ്രധാന സീസണായ ക്രിസ്മസ് സമയത്ത് ജർമനി, സ്വിറ്റ്സർലൻഡ് തുടങ്ങിയ രാജ്യങ്ങളിൽ ലിൻഡ്റ്റ് ചെറിയ തോതിൽ വിലക്കുറവ് അനുവദിച്ചിരുന്നു.
