‘ഒരു വിട്ടുവീഴ്ചയും പാടില്ല’, ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പരക്ക് മുമ്പ് കളിക്കാര്ക്ക് മുന്നറിയിപ്പുമായി ഗൗതം ഗംഭീർ

കൊളംബോ: ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി ഇന്ത്യൻ ടീമിന് കർശന നിർദ്ദേശവുമായി മുഖ്യപരിശീലകൻ ഗൗതം ഗംഭീർ. പരിശീലനത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകരുതെന്നും വെല്ലുവിളികളെ പൂർണ്ണ സജ്ജതയോടെ നേരിടണമെന്നും അദ്ദേഹം കളിക്കാരോട് ആവശ്യപ്പെട്ടു. കൊളംബോയിൽ ആരംഭിക്കുന്ന ത്രിദിന പരിശീലന മത്സരത്തിന് മുന്നോടിയായി ബിസിസിഐ പങ്കുവെച്ച വീഡിയോയിലൂടെയാണ് ഗംഭീർ നിലപാട് വ്യക്തമാക്കിയത്.
“ലക്ഷ്യം വ്യക്തമാണ്. ബാറ്റിംഗായാലും ബോളിംഗായാലും ഓഗസ്റ്റ് 15-ന് കളത്തിലിറങ്ങുമ്പോൾ എതിരാളികൾ ഉയർത്തുന്ന ഏത് ചോദ്യത്തിനും കൃത്യമായ ഉത്തരമുണ്ടായിരിക്കണം. നമ്മുടെ പരിധികൾ മറികടന്ന് പരിശീലിക്കേണ്ട സമയമാണിത്,” ഗംഭീർ പറഞ്ഞു.
കടുത്ത വെല്ലുവിളികൾ മുൻകൂട്ടി കണ്ട് ഇന്ത്യ
2017-ന് ശേഷം ആദ്യമായി ശ്രീലങ്കയിൽ ടെസ്റ്റ് പരമ്പര കളിക്കുന്ന ഇന്ത്യൻ ടീമിന് ലങ്കൻ സാഹചര്യങ്ങളുമായി പൊരുത്തപ്പെടുകയെന്നത് വലിയ വെല്ലുവിളിയാണ്. സ്പിൻ പിച്ചുകളെ കരുതലോടെ നേരിടാൻ നായകൻ ശുഭ്മൻ ഗിൽ, കെ.എൽ. രാഹുൽ, യശസ്വി ജയ്സ്വാൾ എന്നിവർ പ്രത്യേക പരിശീലനം നടത്തുന്നുണ്ട്. കെ.എൽ. രാഹുൽ, രവീന്ദ്ര ജഡേജ, കുൽദീപ് യാദവ് എന്നിവർക്ക് മാത്രമാണ് നിലവിലെ സ്ക്വാഡിൽ ലങ്കൻ മണ്ണിൽ റെഡ് ബോൾ ക്രിക്കറ്റ് കളിച്ച മുൻപരിചയമുള്ളത്.
ജസ്പ്രീത് ബുംറയുടെ അഭാവത്തിൽ മുഹമ്മദ് സിറാജ് നയിക്കുന്ന ബോളിംഗ് നിരയിൽ പ്രസിദ്ധ് കൃഷ്ണ, ഗുർനൂർ ബ്രാർ, മാനവ് സുതാർ, സാരൻഷ് ജെയിൻ തുടങ്ങിയ യുവതാരങ്ങളും ഉൾപ്പെടുന്നു. വരും ദിവസങ്ങളിൽ മഴ ഭീഷണിയുണ്ടെങ്കിലും ലഭിക്കുന്ന സമയം പരമാവധി പ്രയോജനപ്പെടുത്താനാണ് ടീമിന്റെ തീരുമാനം. ഓഗസ്റ്റ് 15-നാണ് ഗാലെയിൽ പരമ്പരയിലെ ആദ്യ ടെസ്റ്റ് മത്സരം ആരംഭിക്കുന്നത്.
