എഫ്സിആർഎ പ്രതിപക്ഷം ഒറ്റക്കെട്ടായി എതിർക്കണമെന്ന് തരൂർ; ക്രിസ്ത്യൻ ട്രസ്റ്റുകളുടെ പ്രവർത്തനം ഉദ്ധരിച്ച് ലേഖനം

ന്യൂഡൽഹി: പാർലമെന്റിൽ അവതരിപ്പിക്കാനിരിക്കുന്ന വിദേശ സംഭാവന (നിയന്ത്രണ) ഭേദഗതി ബിൽ, 2026-നെതിരെ ശക്തമായ താക്കീതുമായി കോൺഗ്രസ് എം.പി ശശി തരൂർ രംഗത്ത്. ചാരിറ്റബിൾ ട്രസ്റ്റുകളുടെ ആസ്തികൾ പിടിച്ചെടുക്കാൻ സർക്കാരിന് അധികാരം നൽകുന്ന പുതിയ ഭേദഗതി രാജ്യത്തെ ആരോഗ്യ-വിദ്യാഭ്യാസ സേവന മേഖലയെ എന്നെന്നേക്കുമായി തകർക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ‘ദി ഇന്ത്യൻ എക്സ്പ്രസ്സ്’ പത്രത്തിലെഴുതിയ ലേഖനത്തിലാണ് തരൂർ നിലപാട് വ്യക്തമാക്കിയത്. നൂറ്റാണ്ടിലേറെയായി പാർശ്വവൽക്കരിക്കപ്പെട്ട ജനങ്ങൾക്ക് മികച്ച സേവനം നൽകുന്ന ക്രിസ്ത്യൻ ട്രസ്റ്റുകളെയും മറ്റ് സന്നദ്ധ സ്ഥാപനങ്ങളെയും പുതിയ നിയമം അസ്ഥിരപ്പെടുത്തുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഭരണപരമായ ചെറിയ തടസ്സങ്ങൾ ഉണ്ടായാൽ പോലും 500 കിടക്കകളുള്ള ചാരിറ്റബിൾ ആശുപത്രികൾ ഉൾപ്പെടെയുള്ളവ സർക്കാരിന്റെ സ്വത്തായി മാറുന്ന സാഹചര്യം ഇത് സൃഷ്ടിക്കുമെന്നും, അതിനാൽ ജനവിരുദ്ധമായ ഈ നിയമത്തിനെതിരെ പ്രതിപക്ഷം പാർലമെന്റിൽ ഒറ്റക്കെട്ടായി പ്രതിരോധം തീർക്കണമെന്നും തരൂർ ആവശ്യപ്പെട്ടു. മുൻകാലങ്ങളിലെ കർശന നിയന്ത്രണങ്ങൾ കാരണം വിദേശ ഫണ്ടിംഗിൽ ഇതിനകം 87 ശതമാനത്തിന്റെ ഇടിവുണ്ടായിട്ടുണ്ടെന്നും, ഇത് ആയിരക്കണക്കിന് സംഘടനകൾ അടച്ചുപൂട്ടാൻ ഇടയാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
