അമിത് ഷായും അജിത് ഡോവലും അടക്കം പങ്കെടുത്തു; പാർലമെന്റിൽ അടിയന്തിര ഉന്നതതല യോഗം വിളിച്ച് പ്രധാനമന്ത്രി മോദി; പശ്ചിമേഷ്യൻ യുദ്ധ സാഹചര്യം ചർച്ചയായി

ന്യൂഡൽഹി: പശ്ചിമേഷ്യയിൽ യുദ്ധസമാനമായ സാഹചര്യം രൂക്ഷമായ പശ്ചാത്തലത്തിൽ പാർലമെന്റിലെ തന്റെ ഓഫീസിൽ അടിയന്തര ഉന്നതതല യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന്റെ ഊർജ്ജ സുരക്ഷയും ആഗോള പ്രതിസന്ധികളും വിലയിരുത്തുന്നതിനാണ് കേന്ദ്രമന്ത്രിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും യോഗം ചേർന്നത്.
ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്, വിദേശകാര്യമന്ത്രി എസ്. ജയശങ്കർ, ധനമന്ത്രി നിർമ്മല സീതാരാമൻ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവർ യോഗത്തിൽ പങ്കെടുത്തു. ഇവർക്ക് പുറമെ പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി, ഷിപ്പിംഗ് മന്ത്രി സർബാനന്ദ സോണോവാൾ, വാണിജ്യ മന്ത്രി പീയൂഷ് ഗോയൽ എന്നിവരും നിർണായക ചർച്ചകളിൽ ഭാഗമായി.
യുദ്ധം മൂലം മേഖലയിലുണ്ടായ ആഘാതവും അത് ഇന്ത്യയെ എപ്രകാരം ബാധിക്കുമെന്നതും യോഗം വിശദമായി വിലയിരുത്തി. ഇന്ത്യ ഇറക്കുമതി ചെയ്യുന്ന അസംസ്കൃത എണ്ണയുടെ 40 ശതമാനവും എൽ.എൻ.ജിയുടെ (LNG) 60 ശതമാനവും പശ്ചിമേഷ്യൻ രാജ്യങ്ങളിൽ നിന്നാണ് എത്തുന്നത്. എന്നാൽ ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ചതോടെ അന്താരാഷ്ട്ര കപ്പൽ ഗതാഗതവും ചരക്കുനീക്കവും പൂർണമായി തടസ്സപ്പെട്ടിരിക്കുകയാണ്.
ഇത് ഉണ്ടാക്കുന്ന ഗുരുതര വെല്ലുവിളികളും അതിനെ മറികടക്കാനുള്ള മുൻകരുതൽ നടപടികളും യോഗത്തിൽ വിഷയമായി. രാജ്യത്ത് ഇന്ധനക്ഷാമം ഉണ്ടാകാതിരിക്കാനും അന്താരാഷ്ട്ര വിപണിയിലെ വിലവ്യതിയാനങ്ങൾ പ്രതിരോധിക്കാനും ആവശ്യമായ തന്ത്രങ്ങൾക്ക് യോഗം രൂപം നൽകി.
