യുഎൻ രക്ഷാസമിതി പുനസംഘടിപ്പിക്കണമെന്ന് ഇന്ത്യയും ബ്രസീലും ദക്ഷിണാഫ്രിക്കയും, ട്രംപിന്റെ താരിഫ് ഭീഷണിക്കെതിരെ
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

ഐക്യരാഷ്ട്ര സഭയുടെ രക്ഷാസമിതി പുനസംഘടിപ്പിക്കാൻ പ്രത്യേക സമ്മേളനം വിളിക്കണമെന്ന് ഇന്ത്യ, ബ്രസീൽ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങൾ ആവശ്യപ്പെട്ടു. പലസ്തീന് പൂർണ്ണ യുഎൻ അംഗത്വം നൽകണമെന്നും മൂന്ന് രാജ്യങ്ങളും സംയുക്തമായി വ്യക്തമാക്കി
ന്യൂഡൽഹി: ഐക്യരാഷ്ട്രസഭ രക്ഷാസമിതി കാലാനുസൃതമായി പുനഃസംഘടിപ്പിക്കുന്നതിനായി പ്രത്യേക സമ്മേളനം വിളിച്ചുചേർക്കണമെന്ന് ഇന്ത്യയും ബ്രസീലും ദക്ഷിണാഫ്രിക്കയും ആവശ്യപ്പെട്ടു. പലസ്തീന് ഐക്യരാഷ്ട്രസഭയിൽ പൂർണ്ണ അംഗത്വം നൽകണമെന്നും മൂന്ന് രാജ്യങ്ങളും സംയുക്ത പ്രസ്താവനയിലൂടെ വ്യക്തമാക്കി.
യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉയർത്തുന്ന ഏകപക്ഷീയമായ താരിഫ് ഭീഷണികൾക്കെതിരെയും സാമ്പത്തിക ഉപരോധ നീക്കങ്ങൾക്കെതിരെയും ഒന്നിച്ച് നിലയുറപ്പിക്കാൻ മൂന്ന് രാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ ധാരണയായി.
റഷ്യൻ എണ്ണ ഇറക്കുമതി: താരിഫ് ഭീഷണിയുമായി അമേരിക്ക
റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങൾക്ക് അധിക തീരുവ ചുമത്തുമെന്ന അമേരിക്കയുടെ ഭീഷണി ശക്തമായി തുടരുകയാണ്. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് പകരം ക്രൂഡ് ഓയിൽ നൽകാൻ തയ്യാറാണെന്നാണ് വാഷിംഗ്ടണിന്റെ വാദം. യു.എസിന്റെ പങ്കാളിത്ത രാജ്യങ്ങളുടെ ഊർജ്ജസുരക്ഷ ഉറപ്പാക്കാൻ ആവശ്യമായതെല്ലാം ചെയ്യുമെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ വ്യക്തമാക്കി. റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ, റഷ്യൻ എണ്ണ വാങ്ങുന്നതിന് അധിക താരിഫ് ഏർപ്പെടുത്താനുള്ള അമേരിക്കൻ നീക്കത്തിൽ ഇന്ത്യ കടുത്ത അതൃപ്തി രേഖപ്പെടുത്തി. വിദേശകാര്യമന്ത്രി എസ്. ജയശങ്കർ മാർക്കോ റൂബിയോയുമായി നടത്തിയ കൂടിക്കാഴ്ചയിൽ, ഇത്തരം ഏകപക്ഷീയമായ തീരുമാനങ്ങൾ അംഗീകരിക്കാനാവില്ലെന്ന് ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, യു.എൻ പൊതുസഭയിലെ പ്രസംഗത്തിൽ ഈ വിഷയം പരാമർശിച്ച ഡൊണാൾഡ് ട്രംപ്, താരിഫ് കാര്യത്തിൽ ഉടൻ തീരുമാനമെടുക്കുമെന്നാണ് സൂചന. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗും ട്രംപും തമ്മിൽ നടന്ന കൂടിക്കാഴ്ചയിൽ ഈ വിഷയം ചർച്ചയായതായി ഇരു രാജ്യങ്ങളും സ്ഥിരീകരിച്ചിട്ടില്ല.



