ജപ്പാനിൽ ആദ്യമായി പ്രസവാവധി എടുത്ത മേയർക്ക് അന്താരാഷ്ട്ര അംഗീകാരം
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

പ്രസവാവധിയെടുത്ത് കീഴ്‌വഴക്കം തിരുത്തിയ ജാപ്പനീസ് മേയർ ഷോകോ കവാറ്റയ്ക്ക് ടൈം മാഗസിന്റെ അന്താരാഷ്ട്ര അംഗീകാരം. കുറഞ്ഞ ജനനനിരക്ക് നേരിടുന്ന ജപ്പാനിൽ വലിയ വാർത്താപ്രാധാന്യം നേടിയ നടപടിക്ക് പിന്നാലെയാണ് ഏറ്റവും സ്വാധീനമുള്ള യുവനേതാക്കളുടെ പട്ടികയിൽ ഷോകോ ഇടംപിടിച്ചത്.
ടോക്കിയോ: തിരഞ്ഞെടുക്കപ്പെട്ട വനിതാ പ്രതിനിധികൾ പ്രസവാവധിയെടുക്കുന്ന പതിവില്ലാത്ത ജപ്പാനിൽ, ആ കീഴ്വഴക്കം തിരുത്തിക്കുറിച്ച മേയർ ഷോകോ കവാറ്റയ്ക്ക് അന്താരാഷ്ട്ര അംഗീകാരം. ടൈം മാഗസിൻ പുറത്തുവിട്ട ലോകത്തെ ഏറ്റവും സ്വാധീനമുള്ള യുവ നേതാക്കളുടെ (TIME100 Next) പട്ടികയിലാണ് ജപ്പാനിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ മേയറായ ഷോകോ ഇടംപിടിച്ചത്.
ക്യോട്ടോ പ്രിഫെക്ചറിലെ യാവാറ്റ നഗരത്തിന്റെ മേയറായ മുപ്പത്താറുകാരിയായ ഷോകോ കവാറ്റ സെപ്റ്റംബർ 15-നാണ് ആദ്യ കുഞ്ഞിന് ജന്മം നൽകിയത്. ഇതിന് മുന്നോടിയായി അവർ പ്രസവാവധിക്കായി അപേക്ഷിച്ചത് ജപ്പാനിൽ വലിയ ദേശീയ സംവാദങ്ങൾക്ക് വഴിമരുന്നിട്ടിരുന്നു. പ്രസവശേഷം ഏതാനും ആഴ്ചകൾക്കുള്ളിലാണ് ഈ അന്താരാഷ്ട്ര പ്രശംസ അവരെ തേടിയെത്തുന്നത്.
തീവ്രമായ ജനസംഖ്യാ തകർച്ചയും കുറഞ്ഞ ജനനനിരക്കും കാരണം പ്രതിസന്ധിയിലായ ജപ്പാനിൽ ഒരു ജനപ്രതിനിധിയുടെ ഈ ധീരമായ തീരുമാനം ഏറെ പ്രശംസിക്കപ്പെട്ടു. കുടുംബജീവിതത്തിന് മുൻഗണന നൽകുന്നതിനൊപ്പം പൊതുരംഗത്തേക്ക് കടന്നുവരാൻ ആഗ്രഹിക്കുന്ന മറ്റ് സ്ത്രീകൾക്ക് ഇത് വഴിവിളക്കാകുമെന്ന് ചൂണ്ടിക്കാട്ടി സമൂഹത്തിന്റെ വിവിധ മേഖലകളിൽനിന്ന് ഷോകോയ്ക്ക് വലിയ പിന്തുണ ലഭിച്ചു.
എന്നാൽ, ഇതിനെതിരെ കടുത്ത വിമർശനങ്ങളും ഉയർന്നു. പൊതുജനസേവന ചുമതലകളിൽനിന്ന് മാറിനിൽക്കുന്നത് ഉത്തരവാദിത്തമില്ലായ്മയാണെന്നും, പദവി ഏറ്റെടുക്കുന്നതിന് മുമ്പ് ഗർഭം ധരിക്കേണ്ടതായിരുന്നുവെന്നും ചിലർ വാദിച്ചു. നീണ്ട അവധിയെടുക്കുന്ന ജനപ്രതിനിധികൾ രാജിവെക്കുകയോ അവധി ദിവസങ്ങളിൽ ശമ്പളം വെട്ടിക്കുറയ്ക്കുകയോ ചെയ്യണമെന്ന ആവശ്യവും ചില കോണുകളിൽനിന്ന് ഉയർന്നു.
എന്നാൽ, വിമർശനങ്ങൾ തള്ളിയ ഷോകോ ശക്തമായ മറുപടിയാണ് നൽകിയത്. പ്രസവാവധിയെടുക്കുന്ന വനിതാ രാഷ്ട്രീയക്കാരെ വിമർശിക്കുന്നത്, ഭാവിയിൽ അമ്മമാരായേക്കാവുന്ന 20-നും 40-നും ഇടയിൽ പ്രായമുള്ള പ്രാപ്തരായ എല്ലാ സ്ത്രീകളെയും പൊതുപദവികളിൽനിന്ന് മാറ്റിനിർത്തുന്നതിന് തുല്യമാണെന്ന് അവർ ഓർമ്മിപ്പിച്ചു.
ജപ്പാനിൽ സർക്കാർ ജീവനക്കാർക്ക് പ്രസവാവധി ലഭിക്കുമെങ്കിലും പ്രാദേശിക ഭരണകൂടങ്ങളിലെ ജനപ്രതിനിധികൾക്കായി കൃത്യമായ നിയമ നിർമ്മാണം നിലവിലില്ല. തുടർന്ന്, ഡെപ്യൂട്ടി മേയർ ഷിഗെറ്റോ നോസെയ്ക്ക് 16 ആഴ്ചത്തേക്ക് ഔദ്യോഗിക ചുമതലകൾ കൈമാറിയാണ് ഷോകോ അവധിയിൽ പ്രവേശിച്ചത്. എങ്കിലും സാധ്യമാകുന്ന ഘട്ടങ്ങളിലെല്ലാം



