ഫ്ളൈദുബായ് കോ പൈലറ്റ് 'തീവ്രവാദ കാഴ്ചപ്പാടുകള്‍' ഉണ്ടായിരുന്നയാള്‍ ; സിറിയയില്‍ കഴിഞ്ഞു, ഒമാനില്‍ യാത്രാവിലക്ക്
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

ഫ്ളൈദുബായ് വിമാനത്തിലെ ആക്രമണം: സൗദി വ്യോമമേഖലയിൽ ക്യാപ്റ്റനെ ആക്രമിച്ച കോ-പൈലറ്റ് തീവ്രവാദ ആശയങ്ങൾ പുലർത്തിയിരുന്നതായി അന്വേഷണ റിപ്പോർട്ട്.
റിയാദ്: സൗദി അറേബ്യൻ വ്യോമമേഖലയിൽ വെച്ച് ഭാരതീയനായ ക്യാപ്റ്റൻ സാഹസികമായി വിമാനം സുരക്ഷിതമായി നിലത്തിറക്കിയ സംഭവത്തിൽ, ആക്രമണം നടത്തിയ കോ-പൈലറ്റിന് തീവ്രവാദ ആശയങ്ങളുമായി ബന്ധമുണ്ടെന്ന് റിപ്പോർട്ടുകൾ. ഒമാൻ സ്വദേശിയായ ഇയാൾ സിറിയയിൽ കഴിയവേ തീവ്രവാദ ആശയങ്ങളിൽ ആകൃഷ്ടനായിട്ടുണ്ടാകാമെന്നാണ് അമേരിക്കൻ-ഇസ്രായേൽ ഏജൻസികളുടെ വിലയിരുത്തൽ.
ഹമാം അൽ-ഹമ്മാമി എന്നയാളാണ് ആക്രമണം നടത്തിയ കോ-പൈലറ്റെന്ന് സൗദി മാധ്യമമായ 'അൽ അറബിയ' റിപ്പോർട്ട് ചെയ്തു. എന്നാൽ അധികൃതർ ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. സംഭവം നടന്ന് രണ്ടുദിവസം പിന്നിട്ടിട്ടും അക്രമിയുടെ പൂർണവിവരങ്ങളോ ആകാശത്തുവെച്ചുണ്ടായ ആക്രമണത്തിന്റെ യഥാർത്ഥ കാരണങ്ങളോ പുറത്തുവിടാൻ യു.എ.ഇ ഭരണകൂടം തയ്യാറായിട്ടില്ല.
ഇംഗ്ലണ്ടിലെ ബക്കിംഗ്ഹാംഷയർ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഏവിയേഷൻ മാനേജ്‌മെന്റിൽ ഡിസ്റ്റൻസ് ലേണിംഗ് വഴി 2023-ൽ ബിരുദം നേടിയ വ്യക്തിയാണ് ഹമാം എന്ന് വ്യക്തമായിട്ടുണ്ട്. മുൻപ് ഒമാൻ എയറിൽ ജോലി ചെയ്തിരുന്ന ഇയാൾക്ക് തീവ്രവാദ ആശയങ്ങളുമായുള്ള ബന്ധം കാരണം ഒമാനിൽ യാത്രാവിലക്കും പറക്കൽ വിലക്കും ഏർപ്പെടുത്തിയിരുന്നു. ഇത് മറികടന്നാണ് ഇയാൾ ദുബായ് ആസ്ഥാനമായുള്ള ഫ്‌ളൈദുബായിൽ ജോലിയിൽ പ്രവേശിച്ചത്.
കോ-പൈലറ്റ് തീവ്രവാദവൽക്കരണത്തിന് വിധേയനായിട്ടുണ്ടെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ആരോപിച്ചു. സംഭവത്തിന് പിന്നിൽ ടെഹ്‌റാന് ബന്ധമുണ്ടെന്ന പ്രാഥമിക വിവരങ്ങളാണ് തനിക്ക് ലഭിച്ചതെന്ന് യു.എസ് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി.
സംഭവം നടന്ന് മണിക്കൂറുകൾക്കകം ഇയാളുടെ ലിങ്ക്ഡ്ഇൻ പ്രൊഫൈലിൽ അൽ-ഖാഇദ നേതാക്കളുടെയും ചാവേറുകളുടെയും ചിത്രങ്ങൾ അടങ്ങിയ വീഡിയോ അപ്‌ലോഡ് ചെയ്യപ്പെട്ടിരുന്നു. മുൻ അൽ-ഖാഇദ തലവൻ ഐമാൻ അൽ-സവാഹിരി, 2009-ൽ സി.ഐ.എ ഉദ്യോഗസ്ഥരെ ആക്രമിച്ച ഹുമാം ഖലീൽ അബു-മുലാൽ അൽ-ബലാവി എന്നിവരുടെ ദൃശ്യങ്ങളാണ് ഇതിലുണ്ടായിരുന്നത്.
ദുബായിൽ നിന്ന് 180 യാത്രക്കാരുമായി ഇസ്രായേലിലെ ബെൻ ഗൂറിയൻ വിമാനത്താവളത്തിലേക്ക് പുറപ്പെട്ട എഫ് ഇസഡ്1073 (FZ1073) ഫ്‌ളൈദുബായ് വിമാനത്തിലാണ് സംഭവം നടന്നത്. 34,000 അടി ഉയരത്തിൽ പറക്കവേ കോ-പൈലറ്റ് വിമാനത്തിന്റെ ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് ക്യാപ്റ്റന്‍ സമയോചിതമായി ഇടപെട്ട് വിമാനം സൗദി അറേബ്യയില്‍ അടിയന്തരമായി ഇറക്കുകയായിരുന്നു.



