'പൂക്കി മോനല്ല', ഇത് 'പികാചു'; ബഹിരാകാശ യാത്രികർ കളിപ്പാട്ടങ്ങളും കൊണ്ട് പറക്കുന്നതെന്തുകൊണ്ടാണ്?
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

ബഹിരാകാശ പേടകങ്ങൾ ഭൂഗുരുത്വാകർഷണം കടന്ന് ഭാരമില്ലായ്മയിൽ (സീറോ ഗ്രാവിറ്റി) എത്തിയെന്ന് തിരിച്ചറിയാനുള്ള 'സീറോ-ഗ്രാവിറ്റി ഇൻഡിക്കേറ്ററുകളായാണ്' യാത്രികർ പികാചു ഉൾപ്പെടെയുള്ള പാവകളെ കൊണ്ടുപോകുന്നത്. 1985 മുതൽ തുടരുന്ന ഈ പാരമ്പര്യത്തിന്റെ ഭാഗമായി പേടകത്തിനുള്ളിൽ പാവകൾ പൊങ്ങിപ്പപറക്കാൻ തുടങ്ങുന്നതോടെ തങ്ങൾ ബഹിരാകാശത്ത് എത്തിയെന്ന് സഞ്ചാരികൾ ഉറപ്പാക്കുന്നു.
ബഹിരാകാശ നിലയത്തിൽ സ്വതന്ത്രമായി തങ്ങിനടക്കുന്ന ക്യൂട്ട് ആയ ഒരു 'പികാചു' പാവയുടെ വീഡിയോ ദൃശ്യങ്ങൾ അടുത്തിടെ സമൂഹമാധ്യമങ്ങളിൽ വൻ ഹിറ്റായിരുന്നു. യൂറോപ്യൻ സ്‌പേസ് ഏജൻസി (ESA) പങ്കുവെച്ച ഈ ദൃശ്യങ്ങൾ ബഹിരാകാശ പ്രേമികളെയും 'പോക്കിമോൻ' ആരാധകരെയും ഒരുപോലെ ആവേശത്തിലാക്കി. എന്നാൽ കേവലമൊരു വൈറൽ വീഡിയോ എന്നതിലുപരി, ഈ മഞ്ഞ പോക്കിമോൻ കളിപ്പാട്ടത്തിന് പിന്നിൽ ദീർഘകാലത്തെ ഒരു ബഹിരാകാശ പാരമ്പര്യമുണ്ട്.
എന്തുകൊണ്ട് ബഹിരാകാശത്ത് കളിപ്പാട്ടങ്ങൾ?
കാണുമ്പോൾ വെറുമൊരു കളിപ്പാട്ടമായി തോന്നുമെങ്കിലും ഇതിന് പിന്നിലൊരു ശാസ്ത്രീയ കാരണമുണ്ട്. ബഹിരാകാശ പേടകം സീറോ ഗ്രാവിറ്റി അഥവാ ഭാരമില്ലായ്മയുടെ അവസ്ഥയിൽ എത്തിയോയെന്ന് തിരിച്ചറിയാനുള്ള 'സീറോ-ഗ്രാവിറ്റി ഇൻഡിക്കേറ്ററുകളായാണ്' (Zero-Gravity Indicators) ഇവ പ്രവർത്തിക്കുന്നത്.
പേടകവും അതിലെ യാത്രികരും ഭൂഗുരുത്വാകർഷണ വലയത്തിന് പുറത്തുകടന്ന് ഭാരമില്ലായ്മ അനുഭവിച്ചു തുടങ്ങിയെന്ന് ദൃശ്യങ്ങളിലൂടെ വളരെ എളുപ്പത്തിൽ മനസ്സിലാക്കാൻ സഹായിക്കുന്ന വസ്തുക്കളാണ് ഇവയെന്ന് നാസ വ്യക്തമാക്കുന്നു. പേടകത്തിനുള്ളിൽ ഭാരമില്ലാതെ ഇവ പൊങ്ങിപ്പപറക്കാൻ തുടങ്ങുന്നതോടെ തങ്ങൾ സീറോ ഗ്രാവിറ്റിയിൽ എത്തിയെന്ന് യാത്രികർ ഉറപ്പിക്കുന്നു.
ആദ്യമായി ബഹിരാകാശ നിലയത്തിൽ എത്തിയ ഇന്ത്യൻ യാത്രികൻ ശുഭാംശു ശുക്ല ഉൾപ്പെടെയുള്ള ബഹിരാകാശ സഞ്ചാരികൾ ഈ പാരമ്പര്യം തുടരുന്നവരാണ്. 1985-ൽ സ്‌പേസ് ഷട്ടിൽ ഡിസ്‌കവറിയുടെ 'STS-51D' ദൗത്യത്തിലാണ് ആദ്യമായി കളിപ്പാട്ടങ്ങൾ ബഹിരാകാശത്തേക്ക് കൊണ്ടുപോകുന്നത്. സ്ലിങ്കി, യോ-യോ, പാഡിൽ ബോൾ, ഒരു ടോയ് കാർ എന്നിവയായിരുന്നു അന്നത്തെ ആ കൗതുകവസ്തുക്കൾ.
ശ്രദ്ധേയമായ 5 പ്ലഷ് മാസ്കറ്റുകൾ
ESA-യുടെ 'പികാചു': 2026 ഒക്ടോബർ 4 മുതൽ 10 വരെ നടന്ന 'വേൾഡ് സ്‌പേസ് വീക്ക്' ആഘോഷങ്ങളുടെ ഭാഗമായി യൂറോപ്യൻ സ്‌പേസ് ഏജൻസിയും ദ പോക്കിമോൻ കമ്പനി ഇന്റർനാഷണലും ചേർന്നാണ് പികാചുവിനെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് അയച്ചത്. വ്യോമയാത്രിക സോഫി അഡെനോട്ടിന്റെ ദൗത്യത്തിന്റെ ഭാഗമായിരുന്ന ഈ കളിപ്പാട്ടം ഏപ്രിൽ 11 മുതൽ ജൂൺ 17 വരെ 67 ദിവസമാണ് ഭ്രമണപഥത്തിൽ ചിലവഴിച്ചത്.
ശുഭാംശു ശുക്ലയുടെ 'ജോയ്': 2025-ലെ ദൗത്യത്തിനിടെ തത്സമയ വെബ്‌കാസ്റ്റിൽ ഇന്ത്യൻ ബഹിരാകാശ യാത്രികൻ ശുഭാംശു ശുക്ല 'ജോയ്' എന്ന കളിപ്പാട്ടത്തെ ലോകത്തിന് പരിചയപ്പെടുത്തി. ഒരു താറാവിന്റെ രൂപത്തിലുള്ള പാവയായിരുന്നു ഇത്.
'സ്നൂപ്പി'യുടെ യാത്ര: 'പീനട്ട്സ്' കോമിക് സ്ട്രിപ്പിലെ പ്രിയപ്പെട്ട കഥാപാത്രമായ സ്നൂപ്പിക്ക് ബഹിരാകാശ യാത്രയിൽ ദീർഘകാലത്തെ ചരിത്രമുണ്ട്. 2019-ലാണ് സ്നൂപ്പി ആദ്യമായി ഐഎസ്എസിലേക്ക് യാത്ര തിരിക്കുന്നത്.
'ബേബി യോഡ': 2020-ൽ അമേരിക്കയിൽ നിന്നും ജപ്പാനിൽ നിന്നുമുള്ള യാത്രികർ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പറന്നപ്പോൾ കൂടെക്കൂട്ടിയത് ബേബി യോഡ പ്ലഷ് ടോയിയെയായിരുന്നു. ലൈവ് സ്ട്രീമുകളിൽ ബേബി യോഡ സീറ്റിലിരിക്കാൻ ശ്രമിക്കുന്ന തമാശ ദൃശ്യങ്ങൾ വൻ തോതിൽ പ്രചരിച്ചിരുന്നു.
'ഒലാഫ്' എന്ന ഭാഗ്യചിഹ്നം: 2014-ലെ 'Soyuz TMA-15M' ദൗത്യത്തിലാണ് ഒലാഫ് ബഹിരാകാശത്തെത്തിയത്. റഷ്യൻ ബഹിരാകാശ യാത്രികനായ ആന്റൺ ഷ്കാപ്ലെറോവ് തന്റെ 8 വയസ്സുള്ള മകളുടെ ഭാഗ്യചിഹ്നമായാണ് ഈ കളിപ്പാട്ടം ഒപ്പം കരുതിയത്.




