സമാധാന നിർദ്ദേശം ട്രംപ് തള്ളിയിട്ടും നിലപാട് ആവർത്തിച്ച് ഇറാൻ; 'പ്രതിസന്ധികൾക്ക് ചർച്ചകളിലൂടെയേ പരിഹാരം കാണാനാകൂ'
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

ഹോർമുസ് കടലിടുക്ക് തുറക്കുന്നതുമായി ബന്ധപ്പെട്ട് ഇറാൻ മുന്നോട്ടുവെച്ച സമാധാന നിർദ്ദേശം അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തള്ളി. ഉപരോധങ്ങൾ പിൻവലിക്കണമെന്ന ഇറാന്റെ ആവശ്യമാണ് അമേരിക്കയെ പിന്തിരിപ്പിച്ചത്. നയതന്ത്ര ചർച്ചകളിലൂടെ മാത്രമേ പ്രശ്നപരിഹാരം സാധ്യമാകൂ എന്ന് ഇറാൻ വ്യക്തമാക്കുമ്പോഴും മേഖലയിൽ യുദ്ധഭീതി തുടരുകയാണ്.
ടെഹ്റാൻ: ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനും മേഖലയിലെ യുദ്ധം അവസാനിപ്പിക്കുന്നതിനുമായി മുന്നോട്ടുവെച്ച സമാധാന നിർദേശം യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തള്ളിയെങ്കിലും നയതന്ത്ര നിലപാടിൽ മാറ്റമില്ലെന്ന് വ്യക്തമാക്കി ഇറാൻ. തർക്കങ്ങൾ പരിഹരിക്കാൻ നയതന്ത്ര ചർച്ചകൾ മാത്രമാണ് മാർഗമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി വ്യക്തമാക്കി.
തങ്ങളുടെ വ്യവസ്ഥകൾ വ്യക്തമാണെന്നും ഹോർമുസ് കടലിടുക്ക് തുറക്കുന്നതുമായി ബന്ധപ്പെട്ട ഏതൊരു നീക്കവും ഈ ഉപാധികൾ അംഗീകരിക്കുന്നതിനെ ആശ്രയിച്ചിരിക്കുമെന്നും അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചു. ന്യൂയോർക്കിൽ നടന്ന യു.എൻ പൊതുസഭയിൽ ഖത്തർ മധ്യസ്ഥർ മുഖേനയാണ് ഇറാൻ സമാധാന നിർദേശം സമർപ്പിച്ചത്. എന്നാൽ, ശനിയാഴ്ച മാധ്യമങ്ങളെ കണ്ട ട്രംപ് ഈ നിർദേശം തള്ളുകയായിരുന്നു. ഇറാന്റെ പരാജയവും നിരാശയുമാണ് ഇത്തരമൊരു കരാറിനായി അവരെ പ്രേരിപ്പിക്കുന്നതെന്നായിരുന്നു ട്രംപിന്റെ ആരോപണം. അതേസമയം, നയതന്ത്ര ചർച്ചക്കുള്ള വാതിലുകൾ അടഞ്ഞിട്ടില്ലെന്നും യു.എസ് പ്രതിനിധികൾ ഈ ആഴ്ച കൂടുതൽ ചർച്ചകളിൽ പങ്കെടുത്തേക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
യു.എസ് ഔദ്യോഗികമായി നിർദേശം തള്ളിയ വിവരം മധ്യസ്ഥരിൽ നിന്ന് ലഭിച്ചിട്ടില്ലെന്നും അന്തിമ നിലപാടിനായി കാത്തിരിക്കുകയാണെന്നും അരാഗ്ചി വ്യക്തമാക്കി. ഉപരോധങ്ങൾ ഉടനടി പിൻവലിക്കണമെന്നും മരവിപ്പിച്ച സ്വത്തുക്കൾ വിട്ടുനൽകണമെന്നും ഇറാൻ ആവശ്യപ്പെട്ടതാണ് പദ്ധതി നിരസിക്കാൻ കാരണമെന്ന് യു.എന്നിലെ യു.എസ് അംബാസഡർ മൈക്ക് വാൾട്സ് പ്രതികരിച്ചു.
ഫെബ്രുവരി 28-ന് യു.എസും ഇസ്രായേലും ആരംഭിച്ച സംയുക്ത ആക്രമണത്തോടെ രൂക്ഷമായ യുദ്ധം ഇതിനോടകം പതിനായിരക്കണക്കിന് ആളുകളുടെ ജീവനെടുക്കുകയും ആഗോള എണ്ണ വിതരണത്തെ സാരമായി ബാധിക്കുകയും ചെയ്തിട്ടുണ്ട്. തങ്ങൾക്ക് വ്യാപാരം നടത്താൻ സാധിക്കാത്ത സാഹചര്യത്തിൽ മറ്റാർക്കും ഈ മേഖലയിലൂടെ ഗതാഗതം അനുവദിക്കില്ലെന്ന് ഇറാൻ സൈനിക തലവൻ ആമിർ ഹാതമി മുന്നറിയിപ്പ് നൽകി. തങ്ങൾ യുദ്ധം ആഗ്രഹിക്കുന്നില്ലെന്നും എന്നാൽ ഏത് തരം സമ്മർദ്ദങ്ങളെയും നേരിടാൻ സജ്ജമാണെന്നും ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാനും വ്യക്തമാക്കി.



