ഞങ്ങളോട് കളിക്കാൻ നിൽക്കേണ്ട, ലോകത്തിന്റെ ഏത് കോണിലാണെങ്കിലും ശത്രുക്കളെ തേടിപ്പിടിച്ചിരിക്കും'; ഇസ്രായേലിനെതിരെ ആക്രമണത്തിന് പദ്ധതിയെന്ന് നെതന്യാഹു
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

ഇസ്രായേലിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ശത്രുക്കൾ ആക്രമണത്തിന് മുതിർന്നേക്കാമെന്നും എന്നാൽ എവിടെയാണെങ്കിലും അവരെ തേടിപ്പിടിച്ച് ഇല്ലാതാക്കുമെന്നും പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു മുന്നറിയിപ്പ് നൽകി.
ടെൽ അവീവ്: തെരഞ്ഞെടുപ്പ് അടുത്തിരിക്കെ രാജ്യത്തിനെതിരെ ആക്രമണം നടത്താൻ ശത്രുക്കൾ പദ്ധതിയിടുന്നതായി സൂചനയുണ്ടെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. എന്നാൽ ഇസ്രായേലിന്റെ സൈനിക ശക്തിയെ ആരും ചെറുതായി കാണേണ്ടതില്ലെന്നും ലോകത്തിന്റെ ഏത് കോണിലാണെങ്കിലും ശത്രുക്കളെ തേടിപ്പിടിച്ച് ഇല്ലാതാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ചൊവ്വാഴ്ച ഐ.ഡി.എഫ് വ്യോമസേനയുടെ തെൽ നോഫ് ബേസിൽ സൈനികരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
"സൈനികരുടെ ധീരതയിലൂടെയും കഠിനാധ്വാനത്തിലൂടെയും നേടിയെടുത്ത നേട്ടങ്ങൾ ഉപേക്ഷിച്ച് പിന്മാറാൻ വലിയ സമ്മർദമുണ്ട്. എന്നാൽ ആ പോരാട്ടവീര്യത്തെ ഒറ്റുകൊടുക്കാൻ ഞാൻ തയ്യാറല്ല. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് നമ്മളെ ലക്ഷ്യമിട്ട് ആക്രമണങ്ങൾക്ക് സാധ്യതയുണ്ടെന്നാണ് വിവരങ്ങൾ സൂചിപ്പിക്കുന്നത്. വ്യോമസേനാ താവളത്തിൽ നിന്ന് ശത്രുക്കൾക്ക് വ്യക്തമായ സന്ദേശം നൽകാൻ ഞാൻ ആഗ്രഹിക്കുന്നു; ഞങ്ങളോട് കളിക്കാൻ വരരുത്. എപ്പോഴും എവിടെയും ഞങ്ങളുടെ കരങ്ങൾ നിങ്ങളിലേക്ക് എത്തും" - നെതന്യാഹു വ്യക്തമാക്കി.
ഗാസയിലും ലെബനനിലും നടക്കുന്ന സൈനിക നീക്കങ്ങളെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. കഴിഞ്ഞ ഏതാനും ആഴ്ചകൾക്കുള്ളിൽ ഗാസയിൽ മാത്രം നൂറിലധികം ഭീകരരെ വധിച്ചതായി അദ്ദേഹം അവകാശപ്പെട്ടു. ഗാസയിലെ ഹമാസിന്റെ നോർത്തേൺ ഗാസ സ്ട്രിപ്പ് ബ്രിഗേഡ് കമാൻഡർ ഇസ് അൽ ദിൻ ബിക്കിനെ രാത്രി നടത്തിയ പ്രത്യേക ഓപ്പറേഷനിലൂടെ വധിച്ചതായി പ്രധാനമന്ത്രിയുടെ ഓഫീസ് സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നെതന്യാഹുവിന്റെ രൂക്ഷമായ പ്രതികരണം.
ഇസ്രായേൽ സൈന്യത്തിനെതിരായ ഗൂഢാലോചനകളിലും ഹമാസിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്നതിലും ഇസ് അൽ ദിൻ ബിക്കിന് നേരിട്ട് പങ്കുണ്ടെന്ന് നെതന്യാഹുവും പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സും വ്യക്തമാക്കി.



