സൗദിയിലെ ജിസാൻ, നജ്റാൻ വിമാനത്താവളങ്ങൾക്ക് നേരെ ആക്രമണം; മൂന്ന് പേർക്ക് പരിക്ക്
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

ജിസാൻ, നജ്റാൻ വിമാനത്താവളങ്ങൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ മൂന്ന് പേർക്ക് പരുക്കേൽക്കുകയും നേരിയ നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തു. എമർജൻസി ടീം സ്ഥലത്തെത്തി സ്ഥിതി നിയന്ത്രണവിധേയമാക്കിയതായും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ കർശന നടപടികൾ സ്വീകരിച്ചതായും അധികൃതർ അറിയിച്ചു.
റിയാദ്: സൗദി അറേബ്യയിലെ ജിസാൻ കിങ് അബ്ദുല്ല ബിൻ അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിനും നജ്റാൻ വിമാനത്താവളത്തിനും നേരെ ആക്രമണം. തിങ്കളാഴ്ച വൈകീട്ടുണ്ടായ ആക്രമണത്തിൽ മൂന്ന് പേർക്ക് നിസ്സാര പരുക്കേറ്റു. വിമാനത്താവളങ്ങൾക്ക് നേരിയ തോതിൽ കേടുപാടുകൾ സംഭവിച്ചിട്ടുമുണ്ട്. ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷനാണ് (ജി.എ.സി.എ) വാർത്ത സ്ഥിരീകരിച്ചത്.
ആക്രമണത്തെ തുടർന്ന് എമർജൻസി റെസ്പോൺസ് ടീമും സുരക്ഷാ സേനയും ഉടൻ തന്നെ സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കി. പരുക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകി. സംഭവത്തിൽ ഉണ്ടായ നാശനഷ്ടങ്ങൾ വിലയിരുത്തി വരികയാണെന്ന് അധികൃതർ അറിയിച്ചു.
യാത്രക്കാരുടെയും വിമാനത്താവള ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനും രാജ്യത്തെ സിവിൽ ഏവിയേഷൻ മേഖലയുടെ സുരക്ഷിതത്വം നിലനിർത്തുന്നതിനും ശക്തമായ മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി വ്യക്തമാക്കി.



