ജന്മനാട് കാണാതെ 18 വർഷം; റിയാദിൽ മരിച്ച തമിഴ്‌നാട് സ്വദേശിയുടെ ഖബറടക്കം ഇന്ന്
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

18 വർഷത്തെ പ്രവാസത്തിന് ശേഷം നാടണയാൻ വഴിയൊരുങ്ങിയ തമിഴ്‌നാട് സ്വദേശി മൻസൂർ ഇമാം റിയാദിൽ നിര്യാതനായി. കെ.എം.സി.സി പ്രവർത്തകരുടെ ഇടപെടലിൽ ഔട്ട്പാസ് ലഭിച്ച് മടങ്ങാനിരിക്കെയാണ് അർബുദബാധിതനായ ഇദ്ദേഹത്തിന്റെ മരണം.
റിയാദ്: നീണ്ട 18 വർഷമായി ജന്മനാടുകാണാതെ പ്രവാസലോകത്ത് കഴിഞ്ഞിരുന്ന തമിഴ്‌നാട് കല്ലകുറിച്ചി സ്വദേശി മൻസൂർ ഇമാം (60) അന്തരിച്ചു. റിയാദിലെ ശുമേസി ആശുപത്രിയിൽ ചികിത്സയിലിരിക്കെ ശനിയാഴ്ചയായിരുന്നു അന്ത്യം. കെ.എം.സി.സി പ്രവർത്തകരുടെ ഇടപെടലിൽ നാടണയാൻ വഴിയൊരുങ്ങിയെങ്കിലും മരണം അതിനേക്കാൾ വേഗത്തിലെത്തുകയായിരുന്നു. നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം അൽഖർജിൽ ഖബറടക്കും.
ഇഖാമ കാലാവധി തീർന്ന് 15 വർഷമായതും പാസ്‌പോർട്ട് നഷ്ടപ്പെട്ടതുമാണ് മൻസൂർ ഇമാമിന്റെ മടക്കയാത്രയ്ക്ക് തടസ്സമായത്. സാമൂഹിക പ്രവർത്തകർ രേഖകൾ ശരിയാക്കി നാട്ടിലേക്കയക്കാനുള്ള പരിശ്രമത്തിലായിരുന്നു. ഔട്ട്പാസ് നടപടികളും സൗദി എയർലൈൻസിന്റെ യാത്രാ അനുമതിയും ലഭ്യമാക്കി നാടണയാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് മരണം വന്നെത്തിയത്.
സെപ്റ്റംബർ അഞ്ചിനാണ് ഇദ്ദേഹത്തിന്റെ ആരോഗ്യനില മോശമായ വിവരം അൽഖർജ് കെ.എം.സി.സി ഭാരവാഹികൾ അറിയുന്നത്. തുടർന്ന് ജനറൽ സെക്രട്ടറി ഷബീബ് കൊണ്ടോട്ടി, വെൽഫെയർ വിങ് ചെയർമാൻ മുഹമ്മദ് പുന്നക്കാട്, നൂറുദ്ദീൻ കുഞ്ഞിപ്പ, സമദ് വെളിമുക്ക്, ജംഷി കാരക്കുന്ന് എന്നിവരുടെ നേതൃത്വത്തിൽ ഇദ്ദേഹത്തെ കിങ് ഖാലിദ് ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സക്കായി ശുമേസി ആശുപത്രിയിലേക്കും മാറ്റി. പരിശോധനയിൽ അർബുദം സ്ഥിരീകരിക്കുകയായിരുന്നു.
തെറ്റിദ്ധാരണകൾ മൂലം വർഷങ്ങളായി കുടുംബവുമായി അകന്നുകഴിയുകയായിരുന്നു മൻസൂർ ഇമാം. ദുബായിൽ ജോലി ചെയ്യുന്ന മകൻ പിതാവിനെ കണ്ടെത്താൻ ശ്രമിച്ചിരുന്നെങ്കിലും ഫലമുണ്ടായില്ല. കെ.എം.സി.സി പ്രവർത്തകർ വിവരമറിയിച്ചതിനെ തുടർന്ന് ദുബായിൽനിന്ന് മകനെത്തി ആശുപത്രിയിൽ പിതാവിനെ പരിചരിച്ചുവരികയായിരുന്നു.
സൗദിയിലെ രേഖകളിൽ 'മൻസൂർ ഇമാം' എന്നും നാട്ടിലെ രേഖകളിൽ 'സയ്യിദ് അലി അഹമ്മദ്' എന്നുമായിരുന്നു പേര്. മരണശേഷം രണ്ടും ഒരാൾ തന്നെയാണെന്ന് എംബസി വഴി തെളിയിക്കാനുള്ള നിയമനടപടികൾ പൂർത്തിയാക്കിയത് കെ.എം.സി.സി പ്രവർത്തകരുടെ ശ്രമഫലമായാണ്.



