ദുബായിൽ ഷെയറിംഗ് താമസത്തിന് പുതിയ നിയമം; 44 പ്രദേശങ്ങൾക്ക് അനുമതി നൽകി മുനിസിപ്പാലിറ്റി
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

ദുബായിൽ ബാച്ചിലർ, ഷെയറിങ് താമസത്തിന് 44 പ്രദേശങ്ങൾക്ക് മുനിസിപ്പാലിറ്റി അനുമതി നൽകുകയും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാൻ ഉടമകൾക്ക് ഒരു വർഷത്തെ സമയം അനുവദിക്കുകയും ചെയ്തു. 'ബിൽഡ് ഇൻ ദുബായ്' പ്ലാറ്റ്‌ഫോം വഴി മുൻകൂർ അനുമതി വാങ്ങുന്നതിനൊപ്പം ഒരാൾക്ക് കുറഞ്ഞത് 5 ചതുരശ്ര മീറ്റർ സ്ഥലം ഉറപ്പാക്കാനും പുതിയ നിയമം നിർബന്ധമാക്കുന്നു.
ദുബായ്: നഗരത്തിലെ ഷെയറിങ്, ബാച്ചിലർ താമസ സൗകര്യങ്ങൾ ക്രമീകരിക്കുന്നതിന്റെ ഭാഗമായി പുതിയ പ്ലാനിങ് ആൻഡ് ബിൽഡിങ് ഗൈഡ്‌ലൈനുമായി ദുബായ് മുനിസിപ്പാലിറ്റി. ഇതിനായി അൽ സൂഖ് അൽ കബീർ, അൽ റാസ്, അൽ വർഖ 1, അൽ ബർഷ 1, അൽ മുറഖബാദ്, അൽ റിഗ്ഗ ഉൾപ്പെടെ 44 പ്രധാന പ്രദേശങ്ങൾക്ക് മുനിസിപ്പാലിറ്റി ഔദ്യോഗികമായി അനുമതി നൽകി. കൂടുതൽ മേഖലകൾ വരുംദിവസങ്ങളിൽ പ്രഖ്യാപിക്കും.
താമസക്കാരുടെ സുരക്ഷ, ജീവിതനിലവാരം, സ്വകാര്യത എന്നിവ ഉറപ്പാക്കുന്നതിനൊപ്പം കെട്ടിട ഉടമകളുടെയും താമസക്കാരുടെയും അവകാശങ്ങൾ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ തീരുമാനം. 2026-ൽ പുറപ്പെടുവിച്ച നിയമത്തിന്റെ അടിസ്ഥാനത്തിലാണ് നിർദേശങ്ങൾ തയാറാക്കിയിട്ടുള്ളത്.
നിലവിൽ ഷെയറിങ് താമസത്തിനായി ഉപയോഗിക്കുന്ന കെട്ടിടങ്ങളുടെ ഉടമകൾക്കും പ്രോപ്പർട്ടി മാനേജ്‌മെന്റ് കമ്പനികൾക്കും പുതിയ മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി സെപ്റ്റംബർ എട്ടു മുതൽ ഒരു വർഷത്തെ സാവകാശം അനുവദിച്ചിട്ടുണ്ട്. എന്നാൽ, പൊതുജനസുരക്ഷയ്ക്ക് ഭീഷണിയാകുന്ന രീതിയിൽ അനധികൃത നിർമാണങ്ങളോ വിഭജനങ്ങളോ നടത്തിയ കെട്ടിടങ്ങൾക്ക് ഈ ഇളവ് ബാധകമല്ല. ഇവർ അടിയന്തരമായി നിയമലംഘനങ്ങൾ പരിഹരിക്കണമെന്ന് അധികൃതർ വ്യക്തമാക്കി.
പ്രധാന നിബന്ധനകൾ:
ഒരു കെട്ടിടം പൂർണമായും വ്യക്തിഗത താമസത്തിനായോ അല്ലെങ്കിൽ കുടുംബങ്ങളുടെ താമസത്തിനായോ മാത്രമേ ഉപയോഗിക്കാവൂ.
മുറികളിൽ ഒരാൾക്ക് കുറഞ്ഞത് അഞ്ച് ചതുരശ്ര മീറ്റർ വിസ്തീർണം നിർബന്ധമാണ്.
കുടുംബങ്ങൾ താമസിക്കുന്ന ഇടങ്ങളിൽ ഓരോ കുടുംബത്തിനും അറ്റാച്ച്ഡ് ബാത്ത്‌റൂം ഉള്ള പ്രത്യേക കിടപ്പുമുറി ഉണ്ടായിരിക്കണം.
താമസക്കാരുടെ എണ്ണത്തിനനുസരിച്ച് അടുക്കള, വിശ്രമമുറി, വസ്ത്രം കഴുകാനും ഉണക്കാനുമുള്ള സ്ഥലം എന്നിവ ദുബായ് ബിൽഡിങ് കോഡ് പ്രകാരം സജ്ജീകരിക്കണം (തൊഴിലാളികളുടെ കൂട്ടായ താമസസ്ഥലങ്ങൾക്ക് ഈ നിയമം ബാധകമല്ല).
അനുമതിയും പരിശോധനയും:
മുനിസിപ്പാലിറ്റിയുടെ 'ബിൽഡ് ഇൻ ദുബായ്' പ്ലാറ്റ്‌ഫോം വഴി മുൻകൂർ അനുമതിപത്രം നേടിയ ശേഷം മാത്രമേ കെട്ടിടങ്ങളും വില്ലകളും ഷെയറിങ് താമസത്തിനായി നൽകാവൂ. അഗ്നിശമന സുരക്ഷയ്ക്കായി ദുബായ് സിവിൽ ഡിഫൻസിന്റെയും, സി.സി.ടി.വി നിരീക്ഷണത്തിന് സിറയുടെയും (SIRA) അനുമതി നിർബന്ധമാണ്. വാടകക്കരാറുകൾ ദുബായ് ലാൻഡ് ഡിപ്പാർട്ട്‌മെന്റുമായി ഡിജിറ്റലായി ബന്ധിപ്പിച്ച് രജിസ്റ്റർ ചെയ്യും.
പുതിയ നിയമം നടപ്പിലാക്കുന്നതിന്റെ ആദ്യഘട്ടമായി ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തുമെന്ന് ദുബായ് മുനിസിപ്പാലിറ്റി ബിൽഡിങ് റെഗുലേഷൻ ആൻഡ് പെർമിറ്റ്‌സ് ഏജൻസി സി.ഇ.ഒ മറിയം അൽ മുഹൈരി അറിയിച്ചു. നഗരത്തിലെ തിരക്ക് കുറയ്ക്കാനും സുരക്ഷിതവും ശുചിത്വപൂർണവുമായ താമസ അന്തരീക്ഷം ഉറപ്പാക്കാനും പുതിയ നിയമം സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.




