2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

സ്വകാര്യ വിമാനത്തിൽ അബുദാബിയിൽ രഹസ്യ സന്ദർശനം നടത്തി ബെഞ്ചമിൻ നെതന്യാഹു; യുഎഇ ഭരണാധികാരിയുമായി ചർച്ച നടത്തി

N

Nazeema

സ്റ്റാഫ് റിപ്പോർട്ടർ

2026 സെപ്റ്റംബർ 28, തിങ്കൾ | 07:08 AM
പങ്കുവെക്കുക:
സ്വകാര്യ വിമാനത്തിൽ അബുദാബിയിൽ രഹസ്യ സന്ദർശനം നടത്തി ബെഞ്ചമിൻ നെതന്യാഹു; യുഎഇ ഭരണാധികാരിയുമായി ചർച്ച നടത്തി
സ്വകാര്യ വിമാനത്തിൽ അബുദാബിയിൽ രഹസ്യ സന്ദർശനം നടത്തി ബെഞ്ചമിൻ നെതന്യാഹു; യുഎഇ ഭരണാധികാരിയുമായി ചർച്ച നടത്തികേരളപ്രഭാതം

ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അബുദാബിയിൽ യു.എ.ഇ പ്രസിഡന്റുമായി രഹസ്യ കൂടിക്കാഴ്ച നടത്തി. ഒക്ടോബർ 7ലെ ആക്രമണത്തിന് മുൻപ് യു.എ.ഇ മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന വിവാദങ്ങൾക്കിടെയാണ് ഈ സന്ദർശനം. യുദ്ധസാഹചര്യത്തിലും ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം തുടരുന്നതിന്റെ സൂചനയാണിത്.

ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു യു.എ.ഇയിൽ രഹസ്യ സന്ദർശനം നടത്തിയതായി റിപ്പോർട്ട്. യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്‌യാനുമായി നെതന്യാഹു അബുദാബിയിൽ കൂടിക്കാഴ്ച നടത്തി. ഒക്ടോബർ ഏഴിലെ ഹമാസ് ആക്രമണത്തിന് മുൻപ് യു.എ.ഇ ഇസ്രായേലിന് മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന വാർത്തകൾ പുറത്തുവന്നതിന് തൊട്ടുപിന്നാലെയാണ് ഈ നിർണായക സന്ദർശനം.

​ടെൽ അവീവിലെ ബെൻ-ഗുറിയൻ വിമാനത്താവളത്തിൽ നിന്ന് പ്രത്യേക വിമാനത്തിലാണ് നെതന്യാഹു അബുദാബിയിലെത്തിയത്. ഏതാനും മണിക്കൂറുകൾ മാത്രം നീണ്ട സന്ദർശനത്തിനിടെ ഇരു നേതാക്കളും നാല് മണിക്കൂറോളം ചർച്ച നടത്തിയതായാണ് വിവരം. ചർച്ചകൾ പൂർത്തിയാക്കി നെതന്യാഹു ഇസ്രായേലിലേക്ക് മടങ്ങി. അതേസമയം, സന്ദർശനത്തിന്റെ അജണ്ട സംബന്ധിച്ച് ഇരു രാജ്യങ്ങളും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

​2023 ഒക്ടോബർ ഏഴിലെ ഹമാസ് ആക്രമണത്തിന് പത്ത് ദിവസം മുൻപ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ഇസ്രായേൽ പ്രധാനമന്ത്രിയെ ഫോണിൽ വിളിച്ച് ആക്രമണ സാധ്യതയെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഈ വിവരം ഇസ്രായേൽ സൈന്യത്തിനോ രഹസ്യാന്വേഷണ ഏജൻസികൾക്കോ കൈമാറുന്നതിൽ നെതന്യാഹു വീഴ്ച വരുത്തിയെന്ന ആരോപണം രാജ്യത്തിനകത്ത് വലിയ രാഷ്ട്രീയ കൊടുങ്കാറ്റിന് വഴിവെച്ചിട്ടുണ്ട്.

​എന്നാൽ ആരോപണങ്ങൾ പൂർണ്ണമായും തള്ളിക്കളഞ്ഞ ഇസ്രായേൽ പ്രധാനമന്ത്രിയുടെ ഓഫീസ്, ഇത്തരം വാർത്തകൾ ദുരുദ്ദേശ്യപരമാണെന്ന് വ്യക്തമാക്കി. ശൈഖ് മുഹമ്മദുമായി അത്തരമൊരു ഫോൺ സംഭാഷണം നടന്നിട്ടില്ലെന്നും വ്യാജവാർത്ത നൽകിയ മാധ്യമങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഇസ്രായേൽ അറിയിച്ചു. ഭരണത്തലവന്മാർ നേരിട്ടല്ല, മറിച്ച് ഔദ്യോഗിക സുരക്ഷാ ഏജൻസികൾ വഴിയാണ് രഹസ്യാന്വേഷണ വിവരങ്ങൾ കൈമാറാറുള്ളതെന്ന് യു.എ.ഇ ഭരണകൂടവും വ്യക്തമാക്കിയിരുന്നു.

​ഗസ്സയിലെ വംശഹത്യയും മേഖലയിലെ കടുത്ത യുദ്ധസാഹചര്യങ്ങളും നിലനിൽക്കുമ്പോഴും, അബ്രഹാം കരാറിന്റെ അടിസ്ഥാനത്തിൽ ഇസ്രായേലും യു.എ.ഇയും തമ്മിലുള്ള ബന്ധം തുടരുന്നുവെന്നതിന്റെ സൂചനയായാണ് ഈ രഹസ്യ കൂടിക്കാഴ്ചയെ നയതന്ത്ര വിദഗ്ധർ വിലയിരുത്തുന്നത്.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)