ടെഹ്റാനിലെ ആശുപത്രിക്ക് നേരെ യുഎസ്-ഇസ്രയേൽ ആക്രമണം: മുജ്‌തബ ഖമനെയിയെ കെട്ടിടാവശിഷ്ടങ്ങളിൽ നിന്ന് ജീവനോട് രക്ഷിച്ചെന്ന് വെളിപ്പെടുത്തൽ
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

യു.എസ്-ഇസ്രായേൽ വ്യോമാക്രമണത്തിൽ തകർന്ന ടെഹ്റാനിലെ ആശുപത്രിയിൽ നിന്ന് മുജ്തബ ഖമേനിയെ ജീവനോടെ രക്ഷപ്പെടുത്തിയതായി റിപ്പോർട്ട്. ആക്രമണത്തിന് ശേഷം അദ്ദേഹം പൊതുവേദിയിൽ എത്തിയിട്ടില്ലെങ്കിലും ആരോഗ്യനില തൃപ്തികരമാണെന്ന് ഇറാൻ പ്രസിഡന്റ് അറിയിച്ചു. എന്നാൽ അദ്ദേഹത്തിന് ഗുരുതര പരിക്കേറ്റതായി അമേരിക്കൻ ഇന്റലിജൻസ് സംശയിക്കുന്നു.
ടെഹ്‌റാൻ: ഇറാൻ പരമോന്നത നേതാവ് മുജ്‌തബ ഖമനെയിയെ യു.എസ്-ഇസ്രായേൽ വ്യോമാക്രമണത്തിൽ തകർന്ന ടെഹ്‌റാനിലെ ആശുപത്രി കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ജീവനോടെ പുറത്തെടുത്തതായി റിപ്പോർട്ട്. ഇറാന്റെ അസംബ്ലി ഓഫ് എക്‌സ്‌പെർട്‌സ് അംഗം മൊഹ്‌സെൻ ഹൈദരി ഖത്തർ ടെലിവിഷൻ നെറ്റ്‌വർക്കായ 'അൽ അറബി'ക്ക് നൽകിയ അഭിമുഖത്തിലാണ് നിർണായക വെളിപ്പെടുത്തൽ നടത്തിയത്.
യുദ്ധത്തിന്റെ ആദ്യഘട്ടത്തിൽ അയത്തൊള്ള അലി ഖമനെയിയെ ലക്ഷ്യമിട്ട് ഇസ്രായേലും യു.എസും നടത്തിയ ആക്രമണത്തിൽ മുജ്‌തബ ഖമനെയ്ക്ക് പരിക്കേറ്റിരുന്നു. തുടർന്ന് അദ്ദേഹത്തെ ടെഹ്‌റാനിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ പിന്നാലെ ടെഹ്‌റാനിലെ മൂന്ന് ആശുപത്രികൾക്ക് നേരെ ബോംബാക്രമണമുണ്ടായി. ഇതിൽ മൂന്നാമത്തെ ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണത്തിലാണ് മുജ്‌തബ ഖമനെയ് അകപ്പെട്ടത്. തുടർന്ന് നടത്തിയ രക്ഷാപ്രവർത്തനത്തിലാണ് അദ്ദേഹത്തെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ജീവനോടെ പുറത്തെടുത്തതെന്ന് മൊഹ്‌സെൻ ഹൈദരി വ്യക്തമാക്കി.
അതേസമയം, വ്യോമാക്രമണത്തിന് ശേഷം മുജ്‌തബ ഖമനെയ് ഇതുവരെ പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല. ആക്രമണത്തിൽ അദ്ദേഹത്തിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നും ശരീരത്തിന്റെ ഒരു ഭാഗത്തിന് തളർച്ച സംഭവിച്ചിട്ടുണ്ടെന്നുമാണ് അമേരിക്കൻ ഇന്റലിജൻസ് വൃത്തങ്ങൾ ആരോപിക്കുന്നത്.
എന്നാൽ ഈ വാർത്തകൾ ഇറാൻ നിഷേധിച്ചു. പരമോന്നത നേതാവിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ഭരണപരമായ കാര്യങ്ങളിൽ അദ്ദേഹം സജീവമായി ഇടപെടുന്നുണ്ടെന്നും ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാൻ ഔദ്യോഗികമായി വ്യക്തമാക്കി.



