ടേക്ക് ഓഫിന് പിന്നാലെ തകർന്ന് വീണ് റഷ്യൻ സേനയുടെ നിർണായക ബോംബർ വിമാനം, 6 സൈനികർക്ക് ദാരുണാന്ത്യം
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

പരിശീലന ദൗത്യത്തിന്റെ ഭാഗമായി പറന്നുയരുന്നതിനിടെ ടിയു 95 ബോംബർ വിമാനം എൻജിൻ തകരാർ മൂലം തകർന്നു വീഴുകയായിരുന്നുവെന്നാണ് റഷ്യൻ പ്രതിരോധ മന്ത്രാലയം വിശദമാക്കുന്നത്.
മോസ്കോ: പരിശീലന പറക്കലിനിടെ റഷ്യൻ വ്യോമസേനയുടെ തന്ത്രപ്രധാന ബോംബർ വിമാനം തകർന്നു വീണ് ആറു സൈനികർ കൊല്ലപ്പെട്ടു. കിഴക്കൻ റഷ്യയിലെ അമൂർ മേഖലയിലാണ് അപകടമുണ്ടായത്.
ടേക്ക് ഓഫിന് പിന്നാലെ എൻജിൻ തകരാറിലായതിനെ തുടർന്ന് ടിയു-95 (Tu-95) വിമാനം തകർന്നു വീഴുകയായിരുന്നുവെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. വിമാനത്തിലുണ്ടായിരുന്ന ഒരാൾ അത്ഭുതകരമായി രക്ഷപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ ഇയാളെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടസമയത്ത് വിമാനത്തിൽ സ്ഫോടകവസ്തുക്കളോ ആയുധങ്ങളോ ഉണ്ടായിരുന്നില്ലെന്ന് അധികൃതർ വ്യക്തമാക്കി.
ശീതയുദ്ധ കാലം മുതൽ റഷ്യൻ വ്യോമസേനയുടെ പ്രധാന കരുത്തായ ടിയു-95 നാല് ടർബോപ്രോപ്പ് എൻജിനുകളുള്ള ആണവായുധശേഷിയുള്ള വിമാനമാണ്. യുക്രെയ്ൻ അധിനിവേശത്തിൽ ക്രൂയിസ് മിസൈലുകൾ വർഷിക്കാൻ റഷ്യ ഈ വിമാനങ്ങൾ വ്യാപകമായി ഉപയോഗിച്ചിരുന്നു. 2025 ജൂണിൽ യുക്രെയ്ൻ നടത്തിയ 'സ്പൈഡർവെബ്' ഡ്രോൺ ആക്രമണത്തിൽ റഷ്യയുടെ നിരവധി ടിയു-95 വിമാനങ്ങൾക്ക് നാശനഷ്ടം സംഭവിച്ചിരുന്നു.
യുക്രെയ്ൻ യുദ്ധം രൂക്ഷമായി തുടരുന്നതിനിടയിൽ സ്വന്തം അതിർത്തിക്കുള്ളിലുണ്ടായ ഈ അപകടം റഷ്യക്ക് തിരിച്ചടിയായിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ വിദഗ്ധ സംഘത്തെ നിയോഗിച്ചു.



