യുഎഇയുടെ ഗതാഗത ചരിത്രത്തിൽ പുതിയ അധ്യായം; സ്വപ്ന യാത്ര തുടങ്ങി ഇത്തിഹാദ് റെയിൽ
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

ഇത്തിഹാദ് റെയിലിന്റെ ആദ്യ യാത്രാ ട്രെയിൻ ദുബായിൽ നിന്ന് അബുദാബിയിലെത്തി വിജയകരമായി സർവീസ് പൂർത്തിയാക്കി.
ദുബായ്: യു.എ.ഇ.യുടെ ഗതാഗത ചരിത്രത്തിൽ നിർണായക നാഴികക്കല്ല് കുറിച്ചുകൊണ്ട് ഇത്തിഹാദ് റെയിലിന്റെ ആദ്യ യാത്രാ ട്രെയിൻ സർവീസ് പൂർത്തിയായി. ദുബായിലെ അൽ യലായിസ് സ്റ്റേഷനിൽനിന്ന് പുറപ്പെട്ട ആദ്യ ട്രെയിൻ അബുദാബിയിലെ മുഹമ്മദ് ബിൻ സായിദ് സിറ്റി സ്റ്റേഷനിലെത്തിച്ചേർന്നു. വെറും ഒരു മണിക്കൂറിലേറെ സമയം കൊണ്ടാണ് ഇരു എമിറേറ്റുകൾക്കുമിടയിലുള്ള ചരിത്ര യാത്ര പൂർത്തിയാക്കിയത്.
രാവിലെ 6.14-ന് ദുബായ് അൽ യലായിസ് സ്റ്റേഷനിൽനിന്ന് പുറപ്പെട്ട ട്രെയിൻ 7.18-ന് അബുദാബിയിലെത്തി. തുടർന്ന് 7.43-ന് അബുദാബിയിൽനിന്ന് ആരംഭിച്ച മടക്ക സർവീസ് 8.47-ഓടെ ദുബായിൽ തിരിച്ചെത്തി. യാത്രാസമയം ഗണ്യമായി കുറഞ്ഞത് മലയാളി പ്രവാസികൾ അടക്കമുള്ള ആയിരക്കണക്കിന് യാത്രക്കാർക്ക് വൻ ആശ്വാസമാകും.
യാത്രാ ട്രെയിൻ സർവീസ് വിജയകരമായി പൂർത്തിയായതോടെ രാജ്യത്തെ എമിറേറ്റുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഇത്തിഹാദ് റെയിൽ ശൃംഖല പൂർണ്ണതോതിൽ പ്രവർത്തനസജ്ജമാകുന്നതിന്റെ ആദ്യഘട്ടത്തിനാണ് തുടക്കമായിരിക്കുന്നത്. 2021-ൽ യു.എ.ഇ. പ്രഖ്യാപിച്ച 'പ്രൊജക്ട്സ് ഓഫ് ദി ഫിഫ്റ്റി'യുടെ ഭാഗമായുള്ള നാഷണൽ റെയിൽവേ പ്രോഗ്രാം, വിഷൻ പ്രഖ്യാപിച്ച് അഞ്ച് വർഷം തികയുന്നതിന് മുമ്പ് തന്നെ പൂർത്തിയാക്കാൻ സാധിച്ചു എന്നത് ശ്രദ്ധേയമാണ്.



