അഫ്‌ഗാനില്‍ പാക് ആക്രമണം; 9 പേര്‍ കൊല്ലപ്പെട്ടു
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

പാകിസ്താൻ വ്യോമാക്രമണം: അഫ്ഗാനിൽ സ്ത്രീകളും കുട്ടികളുമടക്കം ഒമ്പത് പേർ കൊല്ലപ്പെട്ടു.
കാബൂൾ: അഫ്ഗാനിസ്താനിലെ അതിർത്തി പ്രവിശ്യകളിൽ പാകിസ്താൻ നടത്തിയ ശക്തമായ വ്യോമാക്രമണത്തിൽ സ്ത്രീകളും കുട്ടികളുമടക്കം ഒമ്പത് സാധാരണക്കാർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. തെക്കൻ ഹെൽമണ്ട്, കിഴക്കൻ കുനാർ പ്രവിശ്യകളിലെ സാധാരണക്കാരുടെ പാർപ്പിടങ്ങൾക്ക് നേരെയാണ് ആക്രമണമുണ്ടായതെന്ന് അഫ്ഗാൻ ഭരണകൂടം അറിയിച്ചു.
അതേസമയം, ഭീകരരുടെ ഒളിത്താവളങ്ങൾ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നും 22 ഭീകരരെ വധിച്ചെന്നുമാണ് പാകിസ്താന്റെ അവകാശവാദം. ഇരുരാജ്യങ്ങളും തമ്മിൽ അതിർത്തി കടന്നുള്ള തർക്കങ്ങളും സംഘർഷങ്ങളും രൂക്ഷമായി തുടരുന്നതിനിടെയാണ് ഒടുവിലത്തെ വ്യോമാക്രമണം.
പ്രവിശ്യകളിലെ മൂന്ന് വീടുകൾ ആക്രമണത്തിൽ പൂർണ്ണമായി തകർന്നതായി താലിബാൻ വക്താവ് സബീഹുല്ല മുജാഹിദ് പറഞ്ഞു. കൊല്ലപ്പെട്ട ഒമ്പതുപേരും സ്ത്രീകളും കുട്ടികളുമാണ്. 11 പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുമുണ്ട്. പാകിസ്താന്റെ നടപടിയെ അഫ്ഗാൻ കടുത്ത ഭാഷയിൽ അപലപിച്ചു.
എന്നാൽ, കൃത്യമായ ആസൂത്രണത്തോടെ ഭീകരകേന്ദ്രങ്ങൾക്ക് നേരെ മാത്രമാണ് ആക്രമണം നടത്തിയതെന്ന് പാകിസ്താൻ വാർത്താവിനിമയ മന്ത്രാലയം അവകാശപ്പെട്ടു. ഭീകരരുടെ വൻ ആയുധശേഖരവും വെടിക്കോപ്പുകളും നശിപ്പിച്ചതായി അവർ കൂട്ടിച്ചേർത്തു.
തെഹ്രീകെ താലിബാൻ പാകിസ്താൻ (ടി.ടി.പി) ഉൾപ്പെടെയുള്ള നിരോധിത ഭീകരസംഘടനകൾ അഫ്ഗാൻ മണ്ണ് കേന്ദ്രീകരിച്ച് പാകിസ്താനിലേക്ക് ആക്രമണം നടത്തുകയാണെന്നാണ് ഇസ്ലാമാബാദിന്റെ ആരോപണം. ഇതിന് അഫ്ഗാൻ ഭരണകൂടത്തിന്റെ പിന്തുണയുണ്ടെന്നും പാകിസ്താൻ വാദിക്കുന്നു. എന്നാൽ ഇത്തരം ആരോപണങ്ങൾ കാബൂൾ പൂർണ്ണമായും തള്ളി.
ഈ വർഷം അതിർത്തി കടന്നുള്ള ആക്രമണങ്ങളിലും സംഘർഷങ്ങളിലുമായി അഫ്ഗാനിസ്താനിൽ 1,100-ലധികം സാധാരണക്കാർ കൊല്ലപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്തിട്ടുണ്ടെന്ന് യു.എൻ ദൗത്യസംഘം കഴിഞ്ഞ ആഴ്ച വ്യക്തമാക്കിയിരുന്നു.



