സൗദിയിലെ വിമാനത്താവളങ്ങൾക്ക് നേരേ ഹൂത്തി ആക്രമണം: മൂന്ന് മരണം; ആക്രമണമുണ്ടായത് അബഹ, റിയാദ് കിങ് ഖാലിദ് വിമാനത്താവളങ്ങൾക്ക് നേരെ
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

സൗദിയിൽ വിമാനത്താവളങ്ങൾക്ക് നേരെ ഹൂതി ആക്രമണം: മൂന്ന് മരണം, 36 പേർക്ക് പരിക്ക് റിയാദിലെ കിങ് ഖാലിദ്, അബഹ വിമാനത്താവളങ്ങൾക്ക് നേരെ ചൊവ്വ, ബുധൻ ദിവസങ്ങളിലുണ്ടായ ആക്രമണത്തിൽ മൊറോക്കോ, അൾജീരിയ, സുഡാൻ പൗരന്മാരാണ് കൊല്ലപ്പെട്ടത്.
റിയാദ്: സൗദി അറേബ്യയിലെ വിമാനത്താവളങ്ങൾക്ക് നേരെ യമനിലെ ഹൂതി വിമതർ നടത്തിയ ഡ്രോൺ-മിസൈൽ ആക്രമണങ്ങളിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. 36 ഓളം പേർക്ക് പരിക്കേറ്റു. അബഹ അന്താരാഷ്ട്ര വിമാനത്താവളം, റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം എന്നിവയ്ക്ക് നേരെ ചൊവ്വ, ബുധൻ ദിവസങ്ങളിലാണ് ആക്രമണമുണ്ടായത്. സൗദി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷനാണ് വിവരം സ്ഥിരീകരിച്ചത്.
അബഹ അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരേയുണ്ടായ ആക്രമണത്തിലാണ് രണ്ട് പേർ കൊല്ലപ്പെട്ടത്. മൊറോക്കോ, അൾജീരിയ സ്വദേശികളായ സ്ത്രീകളാണ് ഇവിടെ മരിച്ചത്. ആക്രമണത്തിൽ സൗദി പൗരന്മാരും ബംഗ്ലാദേശ്, ഫിലിപ്പീൻസ് സ്വദേശികളും ഉൾപ്പെടെ 28 പേർക്ക് പരിക്കേറ്റു.
റിയാദ് കിങ് ഖാലിദ് വിമാനത്താവളത്തിന് നേരെ നടന്ന ആക്രമണത്തിൽ സുഡാൻ പൗരനാണ് കൊല്ലപ്പെട്ടത്. ഇവിടെ സൗദി, ഈജിപ്ത്, പാകിസ്താൻ സ്വദേശികളായ എട്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ആക്രമണത്തിൽ രണ്ട് വിമാനത്താവളങ്ങൾക്കും നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. നാശനഷ്ടങ്ങളുടെ വ്യാപ്തി വിലയിരുത്താനും യാത്രക്കാരുടെയും വിമാനത്താവള ജീവനക്കാരുടെയും സുരക്ഷ ഉറപ്പുവരുത്താനും ബന്ധപ്പെട്ട സുരക്ഷാ ഏജൻസികളുമായി ചേർന്ന് പ്രതിരോധ നടപടികൾ സ്വീകരിച്ചുവരികയാണെന്ന് സിവിൽ ഏവിയേഷൻ അധികൃതർ വ്യക്തമാക്കി.




