കുവൈത്തിൽ നിയമം ലംഘിച്ച റെസ്റ്റോറന്‍റും ഗോഡൗണും പൂട്ടിച്ചു; 114 കിലോഗ്രാം മായം കലർന്ന ഭക്ഷ്യവസ്തുക്കൾ പിടികൂടി നശിപ്പിച്ചു
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

കുവൈത്തിൽ നിയമലംഘനം നടത്തിയ റെസ്റ്റോറന്റും ഗോഡൗണും പൂട്ടിച്ച അധികൃതർ 114 കിലോ പഴകിയ ഭക്ഷണം പിടികൂടി നശിപ്പിച്ചു. സ്ഥാപനത്തിൽ നിന്ന് ആരോഗ്യ സർട്ടിഫിക്കറ്റില്ലാത്ത എട്ടുപേരടക്കം 11 തൊഴിലാളികളെ കസ്റ്റഡിയിലെടുക്കുകയും 18 കേസുകൾ രജിസ്റ്റർ ചെയ്യുകയും ചെയ്തു.
കുവൈത്ത് സിറ്റി: ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങളും ലൈസൻസ് ചട്ടങ്ങളും ലംഘിച്ച് പ്രവർത്തിച്ച സാൽമിയയിലെ റെസ്റ്റോറന്റും ഫുഡ് സ്റ്റോറേജ് കേന്ദ്രവും അധികൃതർ പൂട്ടിച്ചു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ സംയുക്ത റെയ്ഡിൽ 114 കിലോഗ്രാം പഴകിയ ഭക്ഷണം പിടികൂടി നശിപ്പിക്കുകയും സ്ഥാപനത്തിലെ 11 തൊഴിലാളികളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
ഹവല്ലി ഗവർണറേറ്റ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ്, സാൽമിയ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ്, പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് നൂട്രീഷൻ (PAFN) എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. മാനദണ്ഡങ്ങൾ പാലിക്കാതെ ശുചിത്വഹീനമായ സാഹചര്യങ്ങളിൽ സൂക്ഷിച്ച ഭക്ഷണം ഉപഭോക്താക്കൾക്ക് വിൽക്കുന്നുവെന്ന വിവരത്തെ തുടർന്നായിരുന്നു നടപടി.
മുമ്പ് അധികൃതർ പൂട്ടിയിട്ടിരുന്ന റെസ്റ്റോറന്റ് യാതൊരു അനുമതിയും കൂടാതെ വീണ്ടും പ്രവർത്തിക്കുകയായിരുന്നുവെന്ന് പരിശോധനയിൽ കണ്ടെത്തി. കാലാവധി കഴിഞ്ഞ ലൈസൻസ്, ആരോഗ്യ ലൈസൻസിന്റെ അഭാവം, അനുവദനീയമായ പരിധിക്കപ്പുറം സ്ഥലം കയ്യേറി ഉപയോഗിക്കൽ, ഉറവിടം വ്യക്തമല്ലാത്ത ഭക്ഷ്യവസ്തുക്കളുടെ വിൽപ്പന തുടങ്ങിയ ഗുരുതര ലംഘനങ്ങളാണ് അധികൃതർ സ്ഥിരീകരിച്ചത്.
കസ്റ്റഡിയിലായ 11 തൊഴിലാളികളിൽ എട്ടുപേർക്ക് ആവശ്യമായ ആരോഗ്യ സർട്ടിഫിക്കറ്റുകൾ ഉണ്ടായിരുന്നില്ല. പിടിച്ചെടുത്ത 114 കിലോ മായം കലർന്ന ഭക്ഷ്യവസ്തുക്കൾ പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് നൂട്രീഷൻ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ നശിപ്പിച്ചു. വിവിധ നിയമലംഘനങ്ങൾക്കായി സ്ഥാപനങ്ങൾക്കെതിരെ 18 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പൊതുജനാരോഗ്യം മുൻനിർത്തി ഇത്തരക്കാർക്കെതിരെ കർശന നടപടികൾ തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.



