അവധിക്ക് നാട്ടിൽ എത്തിയ സൈനികൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു, അയൽവാസിയുടെ വളർത്തുനായയെ അടിച്ചുകൊന്നു; അറസ്റ്റിലായി
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

തിരുവനന്തപുരത്ത് മദ്യലഹരിയിൽ അയൽവാസിയുടെ വളർത്തുനായയെ അടിച്ചുകൊല്ലുകയും തർക്കത്തിനിടെ അമ്മയെ അരിവാൾ കൊണ്ട് വെട്ടിപ്പരിക്കേൽപ്പിക്കുകയും ചെയ്ത സൈനികൻ അറസ്റ്റിലായി. വെള്ളനാട് സ്വദേശിയായ ശിവപ്രസാദ് (37) എന്ന പ്രതിക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി ആര്യനാട് പൊലീസാണ് കേസെടുത്തത്.
തിരുവനന്തപുരം: വീട്ടിലെ തർക്കത്തിനിടെ അമ്മയുടെ തലയ്ക്ക് വെട്ടി ഗുരുതരമായി പരിക്കേൽപ്പിക്കുകയും അയൽവാസിയുടെ വളർത്തുനായയെ അടിച്ചുകൊല്ലുകയും ചെയ്ത സംഭവത്തിൽ സൈനികൻ അറസ്റ്റിൽ. വെള്ളനാട് നാലുമുക്ക് ശ്യാമ ഭവനിൽ ശിവപ്രസാദിനെയാണ് (37) ആര്യനാട് പൊലീസ് അറസ്റ്റ് ചെയ്തത്. ഗുരുതരമായി പരിക്കേറ്റ അമ്മ ഇന്ദിരകുമാരിയെ (60) മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പഞ്ചാബിൽ ജോലി ചെയ്യുന്ന ശിവപ്രസാദ് അവധിക്ക് നാട്ടിലെത്തിയതായിരുന്നു. ഞായറാഴ്ച രാത്രി മദ്യലഹരിയിൽ അയൽവീട്ടിൽ അതിക്രമിച്ച് കയറി ബഹളമുണ്ടാക്കുകയും ഇവരുടെ വളർത്തുനായയെ അടിച്ചുകൊല്ലുകയുമായിരുന്നു. ഇതിൽ അയൽവാസികൾ പൊലീസിൽ പരാതി നൽകിയതിന് പിന്നാലെയാണ് വീട്ടിലെത്തി അമ്മയെ ആക്രമിച്ചത്.
അരിവാൾ കൊണ്ടുള്ള വെട്ടേറ്റ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇന്ദിരകുമാരിയെ ബഹളം കേട്ടെത്തിയ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. അക്രമാസക്തനായ പ്രതിയെ പൊലീസെത്തി ബലപ്രയോഗത്തിലൂടെയാണ് പിടികൂടിയത്. ഇയാൾക്കെതിരെ മുൻപും സമാനരീതിയിലുള്ള കേസുകളുണ്ടായിരുന്നതായി നാട്ടുകാർ പറഞ്ഞു. വീടുകയറി ആക്രമണം, മൃഗങ്ങളോടുള്ള ക്രൂരത, വധശ്രമം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് പ്രതിക്കെതിരെ കേസെടുത്തിട്ടുള്ളത്.




