കാസർകോട് കേന്ദ്ര സർവകലാശാലയിലെ വന്ദേമാതരം പ്രതിഷേധം; കണ്ടാലറിയാവുന്ന 25 വിദ്യാർത്ഥികൾക്കെതിരെ കേസ്
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

കാസർകോട് കേന്ദ്ര സർവകലാശാലയിലെ വന്ദേമാതരം സെമിനാർ തടസ്സപ്പെടുത്തിയ കണ്ടാലറിയാവുന്ന 25 വിദ്യാർഥികൾക്കെതിരെ ബേക്കൽ പൊലീസ് സ്വമേധയാ കേസെടുത്തു. വി.സി സംഘപരിവാർ അജണ്ട നടപ്പാക്കുകയാണെന്നും പ്രതിഷേധിച്ച വിദ്യാർഥികളെ പൊലീസ് ആക്രമിച്ചെന്നും എസ്.എഫ്.ഐ ആരോപിച്ചു.
കാസർകോട്: കേന്ദ്ര സർവകലാശാലയിൽ സംഘടിപ്പിച്ച വന്ദേമാതരം ദേശീയ സെമിനാറിനിടെ പ്രതിഷേധിച്ച കണ്ടാലറിയാവുന്ന 25 വിദ്യാർഥികൾക്കെതിരെ പൊലീസ് കേസെടുത്തു. സംഘം ചേർന്ന് സെമിനാർ അലങ്കോലപ്പെടുത്തിയെന്ന് ആരോപിച്ച് ബേക്കൽ പൊലീസാണ് സ്വമേധയാ കേസ് രജിസ്റ്റർ ചെയ്തത്.
അതേസമയം, സർവകലാശാല വി.സി ആർ.എസ്.എസ് അജണ്ട നടപ്പാക്കുകയാണെന്ന് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ് ആരോപിച്ചു. വിദ്യാർഥികളെ നിർബന്ധപൂർവം പുറത്താക്കിയാണ് പരിപാടി സംഘടിപ്പിച്ചത്. വന്ദേമാതരത്തിലെ ആദ്യ വരികൾ രാജ്യം മുഴുവൻ അംഗീകരിക്കുന്നതാണെങ്കിലും അതിനപ്പുറമുള്ളത് വിഭജന രാഷ്ട്രീയമാണെന്ന് അദ്ദേഹം പറഞ്ഞു. ജനഗണമനയെ തള്ളി വന്ദേമാതരം മാത്രം ഉയർത്തിക്കാട്ടുന്നത് വർഗീയ തന്ത്രത്തിന്റെ ഭാഗമാണ്. സംഘപരിവാർ അജണ്ടക്കെതിരെ പ്രതിഷേധിച്ച വിദ്യാർഥികൾക്കുനേരെ കേരള പൊലീസ് അക്രമം അഴിച്ചുവിടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വന്ദേമാതരം സെമിനാറിനെച്ചൊല്ലി സർവകലാശാലയിൽ കഴിഞ്ഞ ദിവസവും ശക്തമായ പ്രതിഷേധം അരങ്ങേറി. സംഘാടകനും പ്രോക്ടറുമായ കെ. ശ്രീകുമാറിന്റെ പ്രസംഗത്തിനിടെ വിദ്യാർഥികൾ 'ഗോ ബാക്ക്' വിളികളുമായി പ്രതിഷേധിക്കുകയായിരുന്നു. മൈക്ക് ഓഫ് ചെയ്തതോടെ ലൈബ്രറി ഹാളിൽ നടന്ന പരിപാടി തടസ്സപ്പെട്ടു. തുടർന്ന് എസ്.എഫ്.ഐ, എൻ.എസ്.യു.ഐ, എം.എസ്.എഫ് പ്രവർത്തകരും എ.ബി.വി.പി പ്രവർത്തകരും തമ്മിൽ രൂക്ഷമായ വാഗ്വാദവുമുണ്ടായി.




