പരീക്ഷണം നടത്തിയത് ലഡാക്കിലെ ന്യോമയിൽ; ആകാശത്ത് 16000 അടി ഉയരത്തിൽ നിന്ന് താഴേക്ക് ചാടി; 'പാരച്യൂട്ട്' സുരക്ഷിതമായി താഴെയത്തിച്ചു
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

ലഡാക്കിലെ ന്യോമയിൽ 16,000 അടി ഉയരത്തിൽ നടന്ന ഡി.ആർ.ഡി.ഒയുടെ പുതിയ അഡ്വാൻസ്ഡ് ഹൈ-ആൾട്ടിറ്റ്യൂഡ് പാരച്യൂട്ട് പരീക്ഷണം വിജയകരമായി പൂർത്തിയായി. പ്രതികൂല കാലാവസ്ഥയിലും കുറഞ്ഞ ഓക്‌സിജൻ അന്തരീക്ഷത്തിലും സൈനികരെ സുരക്ഷിതമായി അതിർത്തി മേഖലകളിൽ ലാൻഡ് ചെയ്യിക്കാൻ ലക്ഷ്യമിട്ടാണ് ഇത് വികസിപ്പിച്ചിരിക്കുന്നത്.
ന്യൂഡൽഹി: ഉയർന്ന പ്രതലങ്ങളിൽ അതിജീവനശേഷിയുള്ള പുതിയ അഡ്വാൻസ്ഡ് ഹൈ-ആൾട്ടിറ്റ്യൂഡ് പാരച്യൂട്ടിന്റെ പരീക്ഷണം വിജയകരമായി പൂർത്തിയാക്കി ഡി.ആർ.ഡി.ഒ. രാജ്യത്തെ ഏറ്റവും ഉയർന്ന ഡ്രോപ്പ് സോണുകളിലൊന്നായ ലഡാക്കിലെ ന്യോമയിലായിരുന്നു ചരിത്രനേട്ടം.
സമുദ്രനിരപ്പിൽ നിന്ന് 16,000 അടി ഉയരത്തിൽ നിന്നായിരുന്നു പാരച്യൂട്ട് ജമ്പ് നടത്തിയത്. ചാട്ടത്തിന് പിന്നാലെ 15,500 അടി ഉയരത്തിൽ വെച്ച് പാരച്യൂട്ട് വിടരുകയും, 13,700 അടി ഉയരത്തിലുള്ള ന്യോമ ഡ്രോപ്പ് സോണിൽ സുരക്ഷിതമായി നിപതിക്കുകയും ചെയ്തു.
ഓക്സിജന്റെ അളവ് വളരെ കുറഞ്ഞതും പ്രതികൂല കാലാവസ്ഥ നിലനിൽക്കുന്നതുമായ ഹിമാലയൻ അതിർത്തി മേഖലകളിൽ സൈനികരെ സുരക്ഷിതമായി ലാൻഡ് ചെയ്യിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ അത്യാധുനിക സംവിധാനം വികസിപ്പിച്ചത്. സമുദ്രനിരപ്പിൽ നിന്ന് 18,000 അടി വരെ ഉയരത്തിൽ മികച്ച രീതിയിൽ പ്രവർത്തിക്കാൻ ഈ പാരച്യൂട്ടിന് സാധിക്കും. കുറഞ്ഞ വേഗതയിൽ അപകടരഹിതമായി നിലത്തിറങ്ങാൻ സഹായിക്കുന്ന രീതിയിലാണ് ഇതിന്റെ രൂപകൽപന.
ആഗ്ര ആസ്ഥാനമായുള്ള എയറൽ ഡെലിവറി റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് എസ്റ്റാബ്ലിഷ്‌മെന്റ് (ADRDE) ആണ് പാരച്യൂട്ട് ഡിസൈൻ ചെയ്തത്. കാൺപൂരിലെ ഓർഡനൻസ് പാരച്യൂട്ട് ഫാക്ടറിയിലാണ് നിർമാണം പൂർത്തിയാക്കിയത്. ഡയറക്ടറേറ്റ് ജനറൽ ഓഫ് എയറോനോട്ടിക്കൽ ക്വാളിറ്റി അഷ്വറൻസിന്റെ (DGAQA) ഗുണനിലവാര പരിശോധനയ്ക്ക് ശേഷം സെന്റർ ഫോർ മിലിട്ടറി എയർവർത്തിനെസ് ആൻഡ് സർട്ടിഫിക്കേഷന്റെ (CEMILAC) അംഗീകാരത്തോടെയായിരുന്നു പരീക്ഷണം.




