ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ നേരിടുന്നുണ്ടോ? ഈ പഴം പതിവായി കഴിച്ചോളൂ
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

മാതളനാരങ്ങയിലടങ്ങിയ സംയുക്തങ്ങൾ കുടലിലെ ബാക്ടീരിയകൾ വഴി 'യുറോലിത്തിൻ എ' ആയി മാറി ഹൃദയസ്തംഭനത്തെ ചെറുക്കാൻ സഹായിക്കുമെന്ന് ലണ്ടൻ കിംഗ്സ് കോളജ് പഠനം. ദിവസവും മാതളനാരങ്ങ കഴിക്കുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനൊപ്പം ചർമ്മത്തിലെ ചുളിവുകൾ മാറ്റി ചെറുപ്പം നിലനിർത്താനും സഹായിക്കും.
ലോകമെമ്പാടുമുള്ള മരണങ്ങളിൽ മുന്നിൽനിൽക്കുന്ന ഹൃദ്രോഗങ്ങളെ ചെറുക്കാൻ അനുദിന ഭക്ഷണക്രമത്തിലെ ചെറിയ മാറ്റങ്ങൾക്ക് സാധിക്കുമെന്ന് ഗവേഷകർ. മാതളനാരങ്ങ, വാൽനട്ട്, വിവിധതരം ബെറികൾ എന്നിവയുടെ ഉപയോഗത്തിലൂടെ ശരീരത്തിൽ ഉൽപ്പാദിപ്പിക്കപ്പെടുന്ന 'യുറോലിത്തിൻ എ' (Urolithin A) എന്ന പദാർത്ഥത്തിന് ഹൃദയത്തിന്റെ പ്രവർത്തനക്ഷമത ഗണ്യമായി മെച്ചപ്പെടുത്താൻ കഴിയുമെന്ന് പ്രമുഖ ശാസ്ത്ര മാസികയായ 'സയൻസ് അഡ്വാൻസസി'ൽ (Science Advances) പ്രസിദ്ധീകരിച്ച പഠനത്തിൽ വ്യക്തമാക്കുന്നു.
ലണ്ടനിലെ കിംഗ്സ് കോളേജിലെ ഗവേഷകരാണ് മൃഗങ്ങളിൽ നടത്തിയ പരീക്ഷണത്തിലൂടെ നിർണായകമായ ഈ കണ്ടെത്തൽ നടത്തിയത്. ഹൃദയത്തിന്റെ പമ്പിങ് ശേഷി നഷ്ടപ്പെടാതെ തന്നെ പേശികൾ കഠിനമാവുകയും സ്പന്ദനങ്ങൾക്കിടയിൽ വിശ്രമിക്കാനോ ശരിയായി രക്തം നിറയ്ക്കാനോ കഴിയാതെ വരികയും ചെയ്യുന്ന സങ്കീർണ്ണമായ ഹൃദയാവസ്ഥകളിൽ (Heart Failure) യുറോലിത്തിൻ എ ഏറെ ഫലപ്രദമാണെന്ന് കണ്ടെത്തി. മൃഗങ്ങളിലെ പരീക്ഷണങ്ങളിൽ ഹൃദയത്തിന്റെ പ്രവർത്തനക്ഷമത 80 ശതമാനം വരെ മെച്ചപ്പെടുത്താൻ ഈ ഘടകത്തിന് സാധിച്ചു.
ഹൃദയകലകളെ ശാന്തമാക്കാനും ഹൃദയപേശികളിലെ കോശങ്ങളുടെ അസാധാരണമായ വളർച്ചയെ തടയാനും യുറോലിത്തിൻ എ സഹായിക്കുന്നുണ്ടെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. മാതളനാരങ്ങ, വാൽനട്ട്, ബെറികൾ എന്നിവയിൽ അടങ്ങിയിട്ടുള്ള 'എല്ലാജിറ്റാനിനുകൾ' (Ellagitannins) കുടലിലെ ഉപകാരികളായ ബാക്ടീരിയകൾ വിഘടിപ്പിക്കുമ്പോഴാണ് ശരീരത്തിൽ യുറോലിത്തിൻ എ ഉൽപ്പാദിപ്പിക്കപ്പെടുന്നത്.
ധാരാളം പോഷകഗുണങ്ങളും ആന്റിഓക്സിഡന്റുകളും വിറ്റാമിൻ സിയും അടങ്ങിയ മാതളനാരങ്ങ ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഓക്സിഡേറ്റീവ് സമ്മർദ്ദവും കോശനാശവും തടയും. ചർമ്മത്തിലെ കൊളാജൻ ഉൽപ്പാദനം വർദ്ധിപ്പിച്ച് ചെറുപ്പം നിലനിർത്താനും പ്രായമാകുന്നതിന്റെ ലക്ഷണങ്ങളായ ചുളിവുകൾ അകറ്റാനും ഇത് ഏറെ സഹായകരമാണ്.



