വിജയ് സേതുപതി - പുരി ജഗനാഥ് ചിത്രം ‘സ്ലം ഡോഗ് - 33 ടെംപിൾ റോഡ്’; സറീന വഹാബ് കഥാപാത്രം ഗ്ലിമ്പ്സ് വീഡിയോ പുറത്ത്
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

വിജയ് സേതുപതിയാണ് നായകനായി എത്തുന്നത്.
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി പ്രശസ്ത സംവിധായകൻ പുരി ജഗന്നാഥ് രചനയും സംവിധാനവും നിർവഹിക്കുന്ന പാൻ-ഇന്ത്യൻ ചിത്രം ‘സ്ലം ഡോഗ് - 33 ടെംപിൾ റോഡി’ലെ പുതിയ ഗ്ലിംപ്സ് വീഡിയോ പുറത്തിറങ്ങി. മുതിർന്ന നടി സറീന വഹാബ് അവതരിപ്പിക്കുന്ന കഥാപാത്രത്തെ പരിചയപ്പെടുത്തുന്നതാണ് പുതിയ വീഡിയോ. ചിത്രത്തിൽ വിജയ് സേതുപതിയുടെ അമ്മയായ 'സുബൈദ' എന്ന കഥാപാത്രത്തെയാണ് സറീന വഹാബ് അവതരിപ്പിക്കുന്നത്.
ഏറെ വൈകാരികമായ മുഹൂർത്തങ്ങളോടെയാണ് സുബൈദ എന്ന കഥാപാത്രത്തെ ഗ്ലിംപ്സിൽ അവതരിപ്പിച്ചിരിക്കുന്നത്. ജീവിതം അവസാനിപ്പിക്കാനായി റെയിൽവേ സ്റ്റേഷനിലെത്തുന്നതും, തുടർന്ന് വിശപ്പ് സഹിക്കാനാവാതെ ഭിക്ഷ യാചിക്കേണ്ടി വരുന്നതുമായ സാഹചര്യങ്ങൾ കഥാപാത്രം ഓർത്തെടുക്കുന്നതാണ് വീഡിയോയിലുള്ളത്. ഒരു സ്ത്രീയുടെ അതിജീവനവും നിസ്സഹായാവസ്ഥയും ആത്മാഭിമാനവും അമ്മമനസ്സിൻ്റെ വൈകാരികതയും പ്രതിഫലിപ്പിക്കുന്ന സറീന വഹാബിൻ്റെ പ്രകടനം പ്രേക്ഷകശ്രദ്ധ നേടുന്നുണ്ട്. വിജയ് സേതുപതിയും ഗ്ലിംപ്സിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. ആക്ഷനും മാസും നിറഞ്ഞ കഥാപരിസരങ്ങൾക്കൊപ്പം ശക്തമായ വൈകാരിക തലങ്ങളും ചിത്രത്തിനുണ്ടാകുമെന്നാണ് പുതിയ വീഡിയോ നൽകുന്ന സൂചന.
നേരത്തെ ചിത്രത്തിൽ തബു അവതരിപ്പിക്കുന്ന 'ഗൗരി ഹെഗ്ഡെ' എന്ന ഇൻകം ടാക്സ് ഡെപ്യൂട്ടി കമ്മീഷണറുടെ ഗ്ലിംപ്സും അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. കുറ്റവാളികൾക്കെതിരെ നിർദയമായി നടപടിയെടുക്കുന്ന ശക്തയായ ഓഫീസറായാണ് തബു എത്തുന്നത്.
ചേരികളിൽ ജീവിക്കുന്ന മനുഷ്യരുടെ ജീവിത പശ്ചാത്തലത്തിലൂടെ കഥ പറയുന്ന ചിത്രത്തിൽ വിജയ് സേതുപതിയെ ഇതുവരെ കാണാത്ത മാസ്സ്, സ്റ്റൈലിഷ് ഗെറ്റപ്പിലാണ് അവതരിപ്പിക്കുന്നത്. വിജയ് സേതുപതിയെ അന്ധനായ കഥാപാത്രത്തിന്റെ ഗെറ്റപ്പിലും അല്ലാതെയും അവതരിപ്പിച്ച ടീസർ നേരത്തെ തരംഗമായിരുന്നു. ആക്ഷൻ, ഇമോഷൻ, സംഗീതം, കോമഡി എന്നിവയ്ക്കെല്ലാം ചിത്രം പ്രാധാന്യം നൽകുന്നു. സംയുക്തയാണ് ചിത്രത്തിലെ നായിക. തബു, സറീന വഹാബ് എന്നിവർക്കൊപ്പം കന്നഡ താരം ദുനിയ വിജയ് കുമാർ, ബ്രഹ്മാജി, വി.ടി.വി. ഗണേഷ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലായി പാൻ ഇന്ത്യൻ റിലീസായാണ് ചിത്രം തിയേറ്ററുകളിലെത്തുക. പുരി കണക്റ്റ്സിൻ്റെ ബാനറിൽ പുരി ജഗന്നാഥ്, ചാർമി കൗർ എന്നിവരും ജെ.ബി മോഷൻ പിക്ചേഴ്സിൻ്റെ ബാനറിൽ ജെ.ബി നാരായൺ റാവു കോൺഡ്രോള്ളയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
സാം കെ. നായിഡു ഛായാഗ്രഹണവും ഹർഷവർധൻ രാമേശ്വർ സംഗീത സംവിധാനവും നിർവഹിക്കുന്നു. എഡിറ്റിംഗ്: സന്തോഷ് നൂസില, വിഎഫ്എക്സ്: അനിൽ പാദുരി, സിഇഒ: വിഷു റെഡ്ഡി, മാർക്കറ്റിംഗ്: ഹാഷ്ടാഗ് മീഡിയ, പിആർഒ: ശബരി.




