2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

'വണ്ണമുള്ളവർക്കും ഇല്ലാത്തവർക്കും പല്ല് പൊന്തിയവർക്കുമൊക്കെ ജീവിക്കണ്ടേ'? ആഞ്ഞടിച്ച് ജുവൽ മേരി

N

Nazeema

സ്റ്റാഫ് റിപ്പോർട്ടർ

2026 സെപ്റ്റംബർ 30, ബുധൻ | 04:55 PM
പങ്കുവെക്കുക:
'വണ്ണമുള്ളവർക്കും ഇല്ലാത്തവർക്കും പല്ല് പൊന്തിയവർക്കുമൊക്കെ ജീവിക്കണ്ടേ'? ആഞ്ഞടിച്ച് ജുവൽ മേരി
'വണ്ണമുള്ളവർക്കും ഇല്ലാത്തവർക്കും പല്ല് പൊന്തിയവർക്കുമൊക്കെ ജീവിക്കണ്ടേ'? ആഞ്ഞടിച്ച് ജുവൽ മേരികേരളപ്രഭാതം

ഒരാളുടെ കഴിവ് ബാഹ്യസൗന്ദര്യത്തിലല്ലെന്നും ഇനി ഇത്തരം കമന്‍റുകള്‍ക്ക് താൻ മറുപടി നൽകുമെന്നും ജുവൽ

കൊച്ചി: വ്യക്തികളുടെ ബാഹ്യസൗന്ദര്യത്തെയും ശരീരപ്രകൃതിയെയും അധിക്ഷേപിക്കുന്നവർക്കെതിരെ കടുത്ത അമർഷവുമായി നടിയും അവതാരകയുമായ ജുവൽ മേരി. ഒരാളുടെ കഴിവ് ബാഹ്യസൗന്ദര്യത്തിലല്ലെന്നും ഇനി ഇത്തരം അനാവശ്യ കമന്റുകൾക്ക് താൻ ശക്തമായി മറുപടി നൽകുമെന്നും ജുവൽ വ്യക്തമാക്കി. സമൂഹമാധ്യമങ്ങളിലൂടെയും അല്ലാതെയും ബോഡി ഷെയ്മിങ് നടത്തുന്നവർക്കെതിരെ രൂക്ഷമായ ഭാഷയിലാണ് താരം പ്രതികരിച്ചത്.

മറ്റുള്ളവരുടെ ശരീരത്തെക്കുറിച്ച് ആകുലപ്പെടുന്നത് നിർത്തി വായടക്കണമെന്ന് ജുവൽ മേരി ആവശ്യപ്പെട്ടു. "മനുഷ്യരെന്ന നിലയിൽ നമ്മൾ എന്തിനാണ് മറ്റുള്ളവരുടെ ശരീരത്തെക്കുറിച്ച് ഇത്രയധികം ആകുലപ്പെടുന്നത്? മറ്റുള്ളവരുടെ ശരീരത്തിൽ, അവരുടെ തൊലിക്കടിയിലുള്ള കൊഴുപ്പിൽ നിങ്ങളുടെ എന്താണ് ഇരിക്കുന്നത്? 'ശരീരമൊന്നും നോക്കാറില്ല അല്ലേ, വണ്ണം വെച്ചത് കണ്ടപ്പോൾ മനസ്സിലായി' എന്ന് കാണുന്ന എത്രയോ മനുഷ്യരാണ് വളരെ കാഷ്വലായി പറയുന്നത്. സ്നേഹം മനസ്സിലാകും, എന്നാൽ അത് എന്റെ ശരീരത്തെപ്പറ്റി എന്തും പറയാനുള്ള സ്വാതന്ത്ര്യമാണെന്ന് കരുതരുത്. ഇത് എന്റെ ശരീരമാണ്, എന്റെ ഇടമാണ്. ഇതിൽ അഭിപ്രായം പറയാൻ നിങ്ങൾക്കെന്താണ് ഇത്ര ധൈര്യം?" - താരം ചോദിക്കുന്നു.

നിറത്തിന്റെ പേരിലും വണ്ണത്തിന്റെ പേരിലും മനുഷ്യരുടെ ജീവിതവും നിലനിൽപ്പും തകർത്തുകളയുന്ന രീതിയിലാണ് പലരും സംസാരിക്കുന്നത്. "വണ്ണമുള്ളവർക്കും വണ്ണമില്ലാത്തവർക്കും തൊലി ഇരുണ്ടുപോയവർക്കും പല്ല് പൊന്തിയവർക്കുമൊക്കെ ജീവിക്കണ്ടേ? ഇവർക്കൊന്നും അവസരങ്ങൾ വേണ്ടേ? ബാഹ്യമായ മാനദണ്ഡങ്ങളിൽ മാത്രമാണോ ഒരാളുടെ കഴിവ് ഇരിക്കുന്നത്? മറ്റുള്ളവരെ എങ്ങനെ വിനോദിപ്പിക്കുന്നു, എന്ത് സൃഷ്ടിക്കുന്നു എന്നതിലാണ് കഴിവ് ഇരിക്കുന്നത്. ഒരു മനുഷ്യന്റെ വില അവരുടെ തൊലിക്കടിയിലെ കൊഴുപ്പിലല്ല ഇരിക്കുന്നത്. ഇനി ഇത്തരത്തിൽ സംസാരിക്കാൻ വരുന്നവരോട് കൃത്യമായി തിരിച്ചുപറയും" - ജുവൽ മേരി വീഡിയോ സന്ദേശത്തിലൂടെ വ്യക്തമാക്കി.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)