ഒടിടിയിലും മികച്ച പ്രതികരണങ്ങൾ നേടി 'ബെത്‌ലഹേം കുടുംബ യൂണിറ്റ്'; പുതിയ ഗാനം പുറത്ത്
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

'ബെത്‌ലഹേം കുടുംബ യൂണിറ്റ് ' ഒ.ടി.ടിയിലും വൻ വിജയം നേടി മുന്നേറുന്നതിനിടെ പുതിയ ഗാനം പുറത്തിറങ്ങി. ജിയോ ഹോട്ട്സ്റ്റാറിലൂടെ സ്ട്രീം ചെയ്യുന്ന ചിത്രം ബോക്‌സ് ഓഫീസിൽ 330 കോടിയിലധികം രൂപ കളക്ഷൻ നേടിയിരുന്നു.
തിയേറ്ററുകളിൽ വൻ തരംഗം സൃഷ്ടിച്ച ഗിരീഷ് എ.ഡി. ചിത്രം 'ബെത്‌ലഹേം കുടുംബ യൂണിറ്റ്' ഒ.ടി.ടി പ്ലാറ്റ്‌ഫോമിലും മികച്ച പ്രതികരണങ്ങളോടെ മുന്നേറുന്നു. ജിയോ ഹോട്ട്സ്റ്റാറിലൂടെ സ്ട്രീമിങ് ആരംഭിച്ച ചിത്രത്തിന് ഡിജിറ്റൽ മാധ്യമങ്ങളിലും ആവേശകരമായ സ്വീകരണമാണ് പ്രേക്ഷകർ നൽകുന്നത്.
ഇതിനിടെ, ചിത്രത്തിലെ പുതിയ ലിറിക്കൽ ഗാനവും അണിയറപ്രവർത്തകർ പുറത്തുവിട്ടു. വിഷ്ണു വിജയ് സംഗീതം പകർന്ന് സുഹൈൽ കോയ വരികളെഴുതിയ 'പിടിതരാ' എന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ ആണ് പുറത്തുവന്നത്.
ഓഗസ്റ്റ് 21-ന് തിയേറ്ററുകളിലെത്തിയ ചിത്രം ബോക്‌സ് ഓഫീസിൽ ചരിത്രപരമായ മുന്നേറ്റമാണ് നടത്തിയത്. റിലീസ് ചെയ്ത് 41 ദിവസത്തിനുള്ളിൽ ആഗോളതലത്തിൽ 330 കോടിയിലധികം രൂപ കളക്ഷൻ നേടിയതായി പ്രമുഖ ട്രാക്കിങ് സൈറ്റായ സാക്നിൽക്ക് റിപ്പോർട്ട് ചെയ്യുന്നു.
നിവിൻ പോളി, മമിത ബൈജു എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രം ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. സംഗീത് പ്രതാപ്, സുരേഷ് കൃഷ്ണ, ബിന്ദു പണിക്കർ, വിനയ് ഫോർട്ട്, റോഷൻ ഷാനവാസ്, ശ്യാം മോഹൻ, ഷമീർ ഖാൻ, ശ്രിന്ദ തുടങ്ങിയ വലിയ താരനിരയും അണിനിരന്നിട്ടുണ്ട്.
അജ്‌മൽ സാബു ഛായാഗ്രഹണവും ആകാശ് ജോസഫ് വർഗ്ഗീസ് എഡിറ്റിങ്ങും നിർവ്വഹിച്ചു. ചിത്രത്തിലെ മറ്റു ഗാനങ്ങൾക്ക് വരികളെഴുതിയത് വിനായക് ശശികുമാറാണ്.




