റിലയന്സിന് ആശ്വാസ പ്രഖ്യാപനവുമായി ഡൽഹി ഹൈക്കോടതി; 'കാമ്പ' എനര്ജി ഡ്രിങ്ക് ലേബലില് തന്നെ വില്ക്കാം
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

റിലയൻസിന് ആശ്വാസമേകി കാമ്പ എനർജി ഡ്രിങ്കിന്റെ ലേബൽ വിലക്ക് ഡൽഹി ഹൈക്കോടതി സ്റ്റേ ചെയ്തു. മുൻകൂർ നോട്ടീസ് നൽകാതെയുള്ള എഫ്.എസ്.എസ്.എ.ഐ നടപടി ചോദ്യം ചെയ്ത കോടതി, ഉൽപന്നങ്ങൾ അതേ പേരിൽ തന്നെ വിൽക്കാൻ കമ്പനിക്ക് അനുമതി നൽകി.
ന്യൂഡൽഹി: ഉയർന്ന അളവിൽ കഫീൻ അടങ്ങിയ പാനീയങ്ങൾക്ക് 'എനർജി ഡ്രിങ്ക്' എന്ന പേര് ഉപയോഗിക്കുന്നത് വിലക്കിക്കൊണ്ടുള്ള ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്.എസ്.എസ്.എ.ഐ) നടപടിക്ക് ഡൽഹി ഹൈക്കോടതിയുടെ സ്റ്റേ. കോടതി ഉത്തരവോടെ റിലയൻസിന്റെ പ്രമുഖ കൂൾഡ്രിങ്ക്സ് ബ്രാൻഡായ 'കാമ്പ' ഇനി എനർജി ഡ്രിങ്ക് എന്ന ലേബലിൽ തന്നെ വിപണിയിലെത്തിക്കാം. ഉത്തരവ് റിലയൻസിന് നൽകുന്നത് കോടിക്കണക്കിന് രൂപയുടെ ആശ്വാസമാണ്.
ഉയർന്ന അളവിൽ കഫീൻ അടങ്ങിയ പാനീയങ്ങൾ 'എനർജി ഡ്രിങ്ക്' എന്ന പേരിൽ വിൽക്കുന്നത് തടഞ്ഞ് ജൂൺ 30-നാണ് എഫ്.എസ്.എസ്.എ.ഐ നിർദേശം പുറപ്പെടുവിച്ചത്. മുൻകൂർ നോട്ടീസ് നൽകാതെ പെട്ടെന്ന് ഏർപ്പെടുത്തിയ വിലക്ക് തങ്ങളുടെ ബിസിനസിനെ കടുത്ത പ്രതിസന്ധിയിലാക്കിയെന്ന് ചൂണ്ടിക്കാട്ടി റിലയൻസ് സമർപ്പിച്ച ഹരജിയിലാണ് കോടതിയുടെ ഇടപെടൽ.
കമ്പനിക്ക് മുൻകൂർ നോട്ടീസ് നൽകാതെ ഇത്തരം ഒരു നിരോധനം ഏർപ്പെടുത്തിയത് എന്തിനാണെന്ന് കോടതി ചോദ്യം ചെയ്തു. ചെയ്ത തെറ്റ് തിരുത്താൻ എപ്പോഴും സമയമുണ്ടെന്ന് എഫ്.എസ്.എസ്.എ.ഐയെ ഓർമിപ്പിച്ച ഹൈക്കോടതി, ഹരജി കൂടുതൽ വാദത്തിനായി നവംബർ അഞ്ചിലേക്ക് മാറ്റി.
റിലയൻസിന് പുറമെ ആഗോള പാനീയ ഭീമന്മാരായ പെപ്സികോ, മോൺസ്റ്റർ ബെവറേജ് എന്നിവരും എഫ്.എസ്.എസ്.എ.ഐയുടെ ഉത്തരവിനെതിരെ കഴിഞ്ഞയാഴ്ച കോടതിയെ സമീപിച്ചിരുന്നു. മറ്റൊരു അന്താരാഷ്ട്ര ബ്രാൻഡായ 'റെഡ് ബുൾ' നേരത്തെ തന്നെ കോടതിയിൽ നിന്ന് എനർജി ഡ്രിങ്ക് എന്ന പേര് ഉപയോഗിക്കാനുള്ള അനുമതി നേടിയിരുന്നു.
ഒഴിവായത് കോടികളുടെ നഷ്ടം
എഫ്.എസ്.എസ്.എ.ഐയുടെ അപ്രതീക്ഷിത വിലക്ക് കാരണം കോടിക്കണക്കിന് രൂപയുടെ ഉൽപന്നങ്ങളാണ് റിലയൻസിന് വിറ്റഴിക്കാനാവാതെ കെട്ടിക്കിടന്നത്. ഒക്ടോബറിൽ കോടതിയിൽ സമർപ്പിച്ച രേഖകൾ പ്രകാരം 'എനർജി ഡ്രിങ്ക്' എന്ന് രേഖപ്പെടുത്തിയ 16.8 കോടി ക്യാനുകളും 12 കോടി പ്ലാസ്റ്റിക് കുപ്പികളും നിലവിൽ വിൽപനയ്ക്ക് സജ്ജമാണ്. ഇതിന് പുറമെ 40 കോടി ക്യാനുകൾക്കും 36 കോടി കുപ്പികൾക്കുമുള്ള പാക്കിങ് കവറുകളും പ്രിന്റ് ചെയ്ത് സൂക്ഷിച്ചിട്ടുണ്ട്.
വിലക്ക് നിലവിൽ വന്നതോടെ വിവിധ സംസ്ഥാന സർക്കാറുകൾ റിലയൻസിന്റെ സ്റ്റോക്കുകൾ പിടിച്ചെടുക്കുകയും, പ്രമുഖ ഇ-കോമേഴ്സ് പ്ലാറ്റ്ഫോമുകളിൽ നിന്ന് ഉൽപന്നങ്ങൾ പിൻവലിക്കാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇത് കമ്പനിക്ക് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കിയെന്ന് റിലയൻസ് അഭിഭാഷകൻ വ്യക്തമാക്കി.
ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി രാജ്യത്തുടനീളം ഭക്ഷ്യസുരക്ഷാ അതോറിറ്റി പരിശോധന കർശനമാക്കുന്നതിനിടെയാണ് പുതിയ ലേബൽ വിലക്കും വന്നത്. നിരവധി റെയ്ഡുകളും മുന്നറിയിപ്പ് ലേബലുകൾ നിർബന്ധമാക്കുന്ന നടപടികളും എഫ്.എസ്.എസ്.എ.ഐ സ്വീകരിച്ചിട്ടുണ്ടെങ്കിലും, പുതിയ കോടതിവിധിയെക്കുറിച്ച് ഔദ്യോഗികമായി പ്രതികരിക്കാൻ ഏജൻസി തയ്യാറായിട്ടില്ല.




