ഇന്ത്യ ധര്‍മ്മശാലയല്ല, 2047 ഓടെ വികസിത ഭാരതമാക്കി മാറ്റും: ആഭ്യന്തര സുരക്ഷാ കാഴ്ചപ്പാട് അവതരിപ്പിച്ച് അമിത് ഷാ

ന്യൂഡൽഹി: 2047-ഓടെ രാജ്യത്തെ വികസിത രാഷ്ട്രമാക്കി മാറ്റുന്നതിന്റെ അടിത്തറ ശക്തമായ ആഭ്യന്തര സുരക്ഷയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കി. ഡൽഹിയിൽ നടന്ന ഇന്റലിജൻസ് ബ്യൂറോയുടെ ‘നാഷണൽ സെക്യൂരിറ്റി സ്ട്രാറ്റജി കോണ്‍ഫറൻസിൽ’ സംസാരിക്കവേ, ഇന്ത്യ ഒരു ധർമ്മശാലയല്ലെന്നും രാജ്യത്തെ പൗരന്മാർക്ക് മാത്രമേ ഇവിടെ ജീവിക്കാൻ അവകാശമുള്ളൂ എന്നും അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. മുൻ സർക്കാറുകൾ ലഹരിക്കടത്ത്, നക്സലിസം, വടക്കുകിഴക്കൻ മേഖലയിലെ അസ്വസ്ഥതകൾ എന്നിവ സമയബന്ധിതമായി ചെറുത്തിരുന്നെങ്കിൽ പതിറ്റാണ്ടുകൾ നീണ്ട സുരക്ഷാ വെല്ലുവിളികൾ ഒഴിവാക്കാമായിരുന്നുവെന്ന് കുറ്റപ്പെടുത്തിയ അദ്ദേഹം, അതിർത്തി സുരക്ഷ ഉറപ്പാക്കാനും അനധികൃത നുഴഞ്ഞുകയറ്റം തടയാനുമായി നാല് തൂണുകളിൽ അധിഷ്ഠിതമായ സുരക്ഷാ ചട്ടക്കൂട് സംസ്ഥാനങ്ങളുമായി പങ്കുവെച്ചിട്ടുണ്ടെന്നും അറിയിച്ചു.
പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളും അടുത്ത ഒരു വർഷത്തിനുള്ളിൽ പൂർണ്ണമായി നടപ്പാക്കുമെന്നും സുപ്രീം കോടതി വരെയുള്ള വിചാരണ നടപടികൾ മൂന്ന് വർഷത്തിനുള്ളിൽ പൂർത്തിയാക്കി കുറ്റവാളികൾ ശിക്ഷിക്കപ്പെടുന്നതിന്റെ നിരക്ക് 25 ശതമാനം വർധിപ്പിക്കാനാണ് കേന്ദ്രം ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. പോപ്പുലർ ഫ്രണ്ട് നിരോധനത്തിന് ശേഷമുള്ള നടപടികൾ കേന്ദ്ര-സംസ്ഥാന ഏജൻസികളുടെ ഏകോപനത്തിന് ഉദാഹരണമാണെന്ന് ചൂണ്ടിക്കാട്ടിയ ആഭ്യന്തര മന്ത്രി, ഭീകര ശൃംഖല തകർക്കാൻ ‘പ്രഹാർ’ തന്ത്രവും ലഹരിക്കടത്തിനെതിരെ ‘ഡിറ്റക്ട്, ഡിസ്രപ്റ്റ്, ഡിസ്ട്രോയ്’ നയവും നടപ്പാക്കണമെന്ന് ആഹ്വാനം ചെയ്തു. കൂടാതെ നിർമ്മിത ബുദ്ധിയും ഡാറ്റാ അനലിറ്റിക്സും ഉപയോഗിച്ച് ഭാവി സുരക്ഷാ വെല്ലുവിളികൾ നേരിടാൻ യുവ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയ അദ്ദേഹം, 2019-2026 കാലയളവിൽ 274 സാമ്പത്തിക കുറ്റവാളികളെയും ഒളിവിലായിരുന്നവരെയും ഇന്ത്യയിലെത്തിക്കാൻ സാധിച്ചതായും കൂട്ടിച്ചേർത്തു.
