നടി സൗകാര്‍ ജാനകി അന്തരിച്ചു

ചെന്നൈ: പ്രശസ്ത തെന്നിന്ത്യൻ നടി സൗകാർ ജാനകി (94) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്ന അവർ ഇന്നലെ ഉച്ചയോടെയാണ് അന്തരിച്ചത്. നടികർ സംഘം പ്രസിഡന്റും നടനുമായ എം. നാസറാണ് മരണവാർത്ത പുറത്തുവിട്ടത്.
തെലുങ്ക്, തമിഴ്, മലയാളം, കന്നഡ ഭാഷകളിലായി നാനൂറോളം ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്. കേന്ദ്ര ഗവൺമെന്റിന്റെ പദ്മശ്രീ, തമിഴ്നാട് സർക്കാറിന്റെ കലൈമാമണി പുരസ്കാരങ്ങൾ നൽകി രാജ്യം ആദരിച്ചിട്ടുണ്ട്.
ആന്ധ്രാപ്രദേശിലെ രാജമഹേന്ദ്രവരത്ത് കന്നഡ സംസാരിക്കുന്ന കുടുംബത്തിൽ ശങ്കരമഞ്ചി ജാനകിയായാണ് ജനനം. ആകാശവാണിയിൽ കലാകാരിയായാണ് കരിയർ ആരംഭിച്ചത്. 1950-ൽ എൽ.വി. പ്രസാദ് സംവിധാനം ചെയ്ത ‘സൗകാർ’ എന്ന തെലുങ്ക് ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ചതോടെയാണ് ‘സൗകാർ ജാനകി’ എന്ന് അറിയപ്പെടാൻ തുടങ്ങിയത്.
1964-ൽ പുറത്തിറങ്ങിയ ‘സ്കൂൾ മാസ്റ്റർ’ ആണ് ആദ്യ മലയാള ചിത്രം. ‘സൂര്യമാനസം’ എന്ന ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിച്ച പുട്ടൂറുമീസിന്റെ അമ്മയായി സൗകാർ ജാനകി ചെയ്ത വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 1991-ൽ ദൂരദർശന്റെ ‘ഊരറിന്ത രഹസ്യം’ എന്ന തമിഴ് പരമ്പരയിലൂടെ മിനിസ്ക്രീനിലെത്തി. 2023-ൽ പുറത്തിറങ്ങിയ ‘അന്നി മഞ്ചി ശകുനമുലേ’ എന്ന തെലുങ്ക് ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്.
ശങ്കരമഞ്ചി ശ്രീനിവാസ റാവുവാണ് ഭർത്താവ്. യജ്ഞപ്രഭ കോടി, വെങ്കടരമണ ശങ്കരമഞ്ചി, സച്ചി റാവു എന്നിവർ മക്കളാണ്. പിൽക്കാലത്ത് നടികളായി മാറിയ കൃഷ്ണകുമാരി സഹോദരിയും വൈഷ്ണവി അരവിന്ദ് കൊച്ചുമകളുമാണ്.
