ഇന്ത്യയിലെ പാനിപൂരി വിലയെ പരിഹസിച്ച റഷ്യൻ ഇൻഫ്ലുവൻസർക്ക് ദുബായിൽ കിട്ടിയത് ‘എട്ടിന്റെ പണി’; വീഡിയോ വൈറൽ.

മുംബൈയിലെ പാനിപൂരിക്ക് 60 രൂപയെന്നത് വലിയ വിലയായി തോന്നിയ റഷ്യൻ ഇൻഫ്ലുവൻസർക്ക് ദുബായിലെത്തിയപ്പോൾ കിട്ടിയത് വമ്പൻ ‘സർപ്രൈസ്’. മുംബൈയിലെ സ്ട്രീറ്റ് ഫുഡ് വിലയെ പരിഹസിച്ച നടി കൂടിയായ ഇറിന റുഡക്കോവയാണ് ദുബായ് വിമാനത്താവളത്തിലെ പാനിപൂരിയുടെ വില കണ്ട് ഒടുവിൽ നിലപാട് മാറ്റിയത്.
ഇന്ത്യയിൽ സ്ഥിരതാമസമാക്കിയ ഇറിന, മുംബൈയിലെ ലോഖണ്ഡ്വാല മാർക്കറ്റിൽ വെച്ച് ഒരു പ്ലേറ്റ് പാനിപൂരിക്ക് 60 രൂപയാണെന്നറിഞ്ഞപ്പോൾ അതിശയത്തോടെയും പരിഹാസത്തോടെയും സംസാരിക്കുന്ന വീഡിയോ നേരത്തെ പങ്കുവെച്ചിരുന്നു. എന്നാൽ ദിവസങ്ങൾക്കകം ദുബായ് എയർപോർട്ട് ടെർമിനൽ ഒന്നിലെത്തിയപ്പോഴാണ് താരം ശരിക്കും ഞെട്ടിയത്. അവിടെ ഒരു പ്ലേറ്റ് പാനിപൂരിക്ക് 42 ദിർഹം (ഏകദേശം 1,096 രൂപ) ആയിരുന്നു വില.
ഇതോടെയാണ് തന്റെ മുൻപത്തെ പരിഹാസം തിരുത്തിക്കൊണ്ട് ഇറിന പുതിയ വീഡിയോയുമായി രംഗത്തെത്തിയത്. “മുംബൈയിലെ 60 രൂപയുടെ പാനിപൂരിയെക്കുറിച്ച് ഞാൻ വെറുതെ പരാതി പറഞ്ഞു; ഞാൻ മുംബൈയിലേക്ക് തന്നെ തിരിച്ചുപോവുകയാണ്” എന്നായിരുന്നു താരത്തിന്റെ രസകരമായ പ്രതികരണം.
നേരത്തെ പാനിപൂരി കഴിച്ച് അതിന്റെ രുചി തനിക്ക് ഏറെ ഇഷ്ടപ്പെട്ടതായും ഇറിന പറഞ്ഞിരുന്നു. പുതിയ വീഡിയോ കൂടി പുറത്തുവന്നതോടെ, മുംബൈയിലെ 60 രൂപ പാനിപൂരിയും ദുബായിലെ 1,000 രൂപയ്ക്ക് മുകളിലുള്ള പാനിപൂരിയും തമ്മിലുള്ള അന്തരം സോഷ്യൽ മീഡിയയിൽ വലിയ ചിരിപ്പടക്കത്തിനും ചർച്ചകൾക്കുമാണ് വഴിവെച്ചിരിക്കുന്നത്.
