പ്രമുഖ ചലച്ചിത്ര നിർമ്മാതാവ് ജിയോ കുട്ടപ്പൻ അന്തരിച്ചു.

കൊച്ചി: പ്രമുഖ ചലച്ചിത്ര നിർമ്മാതാവ് ജിയോ കുട്ടപ്പൻ എന്ന എൻ.ജി. ജോൺ (90) അന്തരിച്ചു. ബുധനാഴ്ച പുലർച്ചെ ഒന്നരയോടെ എറണാകുളം മെഡിക്കൽ സെന്റർ ആശുപത്രിയിലായിരുന്നു അന്ത്യം. മലയാള സിനിമയിലെ പ്രമുഖ നിർമ്മാണ-വിതരണ കമ്പനിയായ ‘ജിയോ പിക്ചേഴ്സി’ന്റെ അമരക്കാരനായിരുന്നു അദ്ദേഹം. മലയാള സിനിമയിലെ ആദ്യകാല വിതരണക്കാരിൽ പ്രമുഖനായ എൻ.എക്സ്. ജോർജിന്റെ മകനാണ്.
ഐ.വി. ശശിയുടെ ഒട്ടേറെ സൂപ്പർഹിറ്റ് ചിത്രങ്ങൾ പ്രേക്ഷകരിലെത്തിച്ചത് ജിയോ കുട്ടപ്പനായിരുന്നു. പുഴയൊഴുകും വഴി, ഏഴാം കടലിനക്കരെ, മീൻ, ഇന്നല്ലെങ്കിൽ നാളെ, ഈ നാട്, ഇനിയെങ്കിലും, ഇത്രയും കാലം തുടങ്ങിയ പ്രശസ്ത ഐ.വി. ശശി ചിത്രങ്ങൾ നിർമ്മിച്ചത് അദ്ദേഹമാണ്. കൂടാതെ, ജെ. ശശികുമാറിന്റെ ‘മിനിമോൾ’, എം. കൃഷ്ണൻ നായരുടെ ‘രജനീഗന്ധി’, ഭദ്രന്റെ ‘ആറ്റുവഞ്ചി ഉലഞ്ഞപ്പോൾ’, മോഹൻലാലും സുകുമാരനും പ്രധാന വേഷങ്ങളിലെത്തിയ മണിരത്നം ചിത്രം ‘ഉണരൂ’ എന്നിവയും ജിയോ കുട്ടപ്പനാണ് നിർമ്മിച്ചത്.
നിലവിൽ എറണാകുളം മെഡിക്കൽ സെന്റർ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന ഭൗതികദേഹം വ്യാഴാഴ്ച ഇടപ്പള്ളി പൈപ്പ്ലൈൻ റോഡിലെ തോപ്പിൽ മേരി ക്വീൻസ് പള്ളി സെമിത്തേരിയിൽ സംസ്കരിക്കും.
