മെസി വിവാദത്തിൽ പ്രതികരിച്ച് പിണറായി വിജയൻ; ‘ഇപ്പോൾ പറയുന്ന പ്രശ്നങ്ങൾ ഒന്നും അതിലില്ല, അന്നത്തെ കായിക മന്ത്രി വിശദീകരിക്കും’

തിരുവനന്തപുരം: ലയണൽ മെസ്സിയെ കേരളത്തിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട ഇടപാടുകളിലെ ക്രമക്കേടുകളിൽ ന്യായീകരണവുമായി മുൻ മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത്. ഇപ്പോൾ ഉന്നയിക്കപ്പെടുന്ന തരത്തിലുള്ള പ്രശ്നങ്ങളൊന്നും വിഷയം സംബന്ധിച്ചില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, അന്നത്തെ കായികമന്ത്രി കാര്യങ്ങൾ വിശദീകരിക്കുമെന്നും കൂട്ടിച്ചേർത്തു. സർക്കാറിന് സാമ്പത്തിക നഷ്ടമുണ്ടാക്കിയിട്ടില്ലെന്നും വിഷയത്തിൽ തനിക്ക് ഔദ്യോഗികമായി കത്ത് ലഭിച്ചിട്ടില്ലെന്നുമാണ് പിണറായിയുടെ വാദം. വിദേശയാത്രക്ക് കരാർ ആവശ്യമില്ലെന്നും നിലവിലെ മറ്റ് വിവാദങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കാനാണ് ശ്രമമെന്നും അദ്ദേഹം ആരോപിച്ചു.
എന്നാൽ, മുൻ മുഖ്യമന്ത്രിയുടെ വാദങ്ങളെയും സർക്കാറിന് നഷ്ടമുണ്ടായിട്ടില്ലെന്ന അവകാശവാദങ്ങളെയും പാടെ തള്ളുന്ന വിവരങ്ങളാണ് അന്വേഷണ റിപ്പോർട്ടിൽ നിന്നും കായികമന്ത്രി ഒ.ജെ. ജനീഷിൽ നിന്നും പുറത്തുവരുന്നത്. സാമ്പത്തിക നഷ്ടത്തിന് പുറമെ സംസ്ഥാനത്തിന് വലിയ ബാധ്യതകളും കായികരംഗത്ത് കരിനിഴലും സൃഷ്ടിച്ച ഇടപാടാണിതെന്നാണ് അന്വേഷണ റിപ്പോർട്ടിലുള്ളത്.
സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്തെന്നും സ്വകാര്യ വ്യക്തിക്ക് ലാഭമുണ്ടാക്കാനുള്ള നീക്കം നടന്നെന്നും തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ കായികമന്ത്രി ഒ.ജെ. ജനീഷ് സ്ഥിരീകരിച്ചു. 20 ദിവസം മുൻപ് മാത്രം രജിസ്റ്റർ ചെയ്ത കമ്പനിയുടെ പശ്ചാത്തലം പരിശോധിച്ചില്ലെന്നും മന്ത്രിയുടെ ഓഫീസിലെത്തിയ പ്രൊപ്പോസലിൽ നടപടിക്രമങ്ങൾ പാലിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഇടപാടിലെ പ്രധാന കണ്ണിയായ ‘അമീറ’ ആരാണെന്ന് വ്യക്തമാക്കാൻ മുൻ കായികമന്ത്രി വി. അബ്ദുറഹിമാൻ തയ്യാറാകണമെന്നും മന്ത്രി ആവശ്യപ്പെട്ടു. വിദേശയാത്രക്കായി 14 ലക്ഷത്തോളം രൂപയുടെ സർക്കാർ പണം ദുരുപയോഗം ചെയ്തു. സ്പോൺസറെ തിരഞ്ഞെടുത്തതിൽ യാതൊരു മാനദണ്ഡവും പാലിച്ചിട്ടില്ലെന്നും ലാഭവിഹിതം ആർക്കാണെന്നതിൽ വ്യക്തതയില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
സ്വകാര്യ കരാർ തർക്കത്തിൽ സംസ്ഥാന സർക്കാറിനെ കക്ഷിയാക്കിയതിലൂടെ വലിയ നിയമവ്യവഹാരങ്ങളിലേക്കാണ് വഴിതുറന്നിരിക്കുന്നത്. കേന്ദ്ര ഏജൻസികളുടെ അന്വേഷണം വരെ ക്ഷണിച്ചുവരുത്തുന്ന രീതിയിലാണ് ഉദ്യോഗസ്ഥരും ഭരണസംവിധാനങ്ങളും ചട്ടങ്ങൾ ലംഘിച്ചതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
