കുവൈത്തിൽ 3,000 ദിനാറിന് മുകളിലുള്ള പണമിടപാടുകൾക്ക് ഇനി ബാങ്ക് സ്റ്റേറ്റ്മെന്റ് നിർബന്ധം

കുവൈത്ത്: കുവൈത്തിൽ നിന്ന് വിദേശത്തേക്ക് 3,000 കുവൈത്തി ദിനാറിന് മുകളിലുള്ള പണമിടപാടുകൾ നടത്തുന്നവർക്ക് കഴിഞ്ഞ രണ്ട് മാസത്തെ ബാങ്ക് സ്റ്റേറ്റ്മെന്റ് സമർപ്പിക്കുന്നത് നിർബന്ധമാക്കി. കള്ളപ്പണം വെളുപ്പിക്കൽ തടയുന്നതിനും ഭീകരവാദ ധനസഹായം നിയന്ത്രിക്കുന്നതിനുമായി ധനകാര്യ മന്ത്രാലയവും സെൻട്രൽ ബാങ്കും നടപ്പാക്കിയ പുതിയ സുരക്ഷാ മാനദണ്ഡങ്ങളുടെ ഭാഗമായാണ് എക്സ്ചേഞ്ച് കമ്പനികൾ നടപടി കടുപ്പിച്ചത്.
ഉപഭോക്താക്കൾ അയക്കുന്ന തുക അവരുടെ വരുമാന സ്രോതസ്സുമായി പൊരുത്തപ്പെടുന്നതാണോയെന്നും നിയമപരമായ ഉറവിടത്തിൽ നിന്നുള്ളതാണോയെന്നും ഉറപ്പുവരുത്താനാണ് ഈ പരിശോധന. മുൻപ് 10,000 ദിനാറിന് മുകളിലുള്ള ഇടപാടുകൾക്കോ, സംശയകരമായ ട്രാൻസാക്ഷനുകൾക്കോ മാത്രമായിരുന്നു ബാങ്ക് രേഖകൾ ആവശ്യപ്പെട്ടിരുന്നത്. സാമ്പത്തിക ഇടപാടുകളിൽ കൃത്യതയും സുതാര്യതയും ഉറപ്പാക്കാനും കൃത്യമായ രേഖകളില്ലാത്ത ഇടപാടുകൾ കണ്ടെത്താനും പുതിയ നീക്കത്തിലൂടെ സാധിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
ദിനേനയുള്ള ക്യാഷ് ഇടപാടുകൾക്കും നിയന്ത്രണം
പുതിയ നിർദേശപ്രകാരം ഒരാൾക്ക് ഒരു ദിവസം പരമാവധി 1,000 ദിനാർ വരെ മാത്രമേ നേരിട്ട് പണമായി (Cash) വിദേശത്തേക്ക് അയക്കാൻ സാധിക്കൂ. ഇതിൽ കൂടുതൽ തുക അയക്കണമെങ്കിൽ ബാങ്കിങ് ചാനലുകൾ വഴിയും ആവശ്യമായ രേഖകൾ സമർപ്പിച്ചും മാത്രമേ സാധ്യമാകൂ.
2013-ലെ 106-ാം നമ്പർ കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ നിയമപ്രകാരമുള്ള ചട്ടങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സെൻട്രൽ ബാങ്ക് എക്സ്ചേഞ്ച് സ്ഥാപനങ്ങളിൽ ഫീൽഡ് പരിശോധന ശക്തമാക്കിയിട്ടുണ്ട്. സ്ഥാപനങ്ങളിലെ അക്കൗണ്ടിങ് രേഖകളും കൃത്യമായ നടപടിക്രമങ്ങളും സംഘം നേരിട്ട് പരിശോധിക്കും.
അന്താരാഷ്ട്ര സാമ്പത്തിക നിരീക്ഷണ ഏജൻസിയായ ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സിൻ്റെ (FATF) നിർദേശങ്ങൾക്കനുസൃതമായി രാജ്യത്തെ സാമ്പത്തിക-നിയമ നിർമാണ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായാണ് ഈ പരിഷ്കാരങ്ങൾ. ഭീകരവാദ ധനസഹായം തടയൽ, കമ്പനികളുടെ ഉടമസ്ഥാവകാശ സുതാര്യത, അന്താരാഷ്ട്ര നിയമ സഹകരണം തുടങ്ങിയ മേഖലകളിൽ കുവൈത്ത് മികച്ച പുരോഗതി കൈവരിച്ചതായി വിലയിരുത്തപ്പെടുന്നു. പുതിയ നടപടികൾ രാജ്യത്തിൻ്റെ സാമ്പത്തിക ഭദ്രത വർധിപ്പിക്കുമെന്നാണ് കരുതുന്നത്.
