‘ദി ലാസ്റ്റ് ഡാൻസ്’; ദളപതി കച്ചേരിയുമായി ‘മുഖ്യമന്ത്രി വിജയ്’; ജന നായകനിലെ വീഡിയോ ഗാനം പുറത്ത്

വിജയ്യുടെ സിനിമാ കരിയറിലെ അവസാന ചിത്രമെന്ന വിശേഷണത്തോടെ തിയേറ്ററുകളിലെത്തിയ ‘ജനനായകൻ’ പ്രദർശനം തുടരുന്നു. സമ്മിശ്ര പ്രതികരണങ്ങൾക്കിടയിലും ആഗോള തലത്തിൽ 300 കോടി ക്ലബ്ബിലേക്ക് കുതിക്കുകയാണ് ചിത്രം. സെൻസർ ബോർഡ് വിവാദങ്ങളെത്തുടർന്ന് റിലീസ് വൈകിയ ചിത്രം ജൂലൈ 23-നാണ് ആഗോളതലത്തിൽ തിയേറ്ററുകളിൽ എത്തിയത്.
റിലീസിന് പിന്നാലെ ചിത്രത്തിലെ പുതിയ വീഡിയോ ഗാനം അണിയറപ്രവർത്തകർ പുറത്തുവിട്ടു. അനിരുദ്ധ് ഈണം പകർന്ന ‘ദളപതി കച്ചേരി’ എന്ന ഗാനമാണ് തരംഗമാകുന്നത്. വിജയ് ആരാധകർക്കുള്ള ഉപഹാരമെന്നോണം ഒരുക്കിയ ഗാനത്തിൽ അദ്ദേഹത്തിന്റെ വേഗമേറിയ നൃത്തച്ചുവടുകളാണ് പ്രധാന ആകർഷണം. പൂജ ഹെഗ്ഡെ നായികയാകുന്ന ചിത്രത്തിൽ മലയാള താരം മമിത ബൈജുവും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
എച്ച്. വിനോദ് സംവിധാനം ചെയ്ത ചിത്രത്തിൽ ബോബി ഡിയോൾ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി തുടങ്ങി വമ്പൻ താരനിര അണിനിരക്കുന്നു. കെ.വി.എൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ വെങ്കട്ട് കെ. നാരായണ നിർമിച്ച ചിത്രത്തിന്റെ ഛായാഗ്രഹണം സത്യൻ സൂര്യനും ആക്ഷൻ അനിൽ അരശുമാണ് നിർവഹിച്ചിരിക്കുന്നത്. അറിവിന്റെ വരികൾക്ക് ശേഖർ, സുധൻ എന്നിവരാണ് കൊറിയോഗ്രാഫി.
വി. സെൽവകുമാർ (ആർട്ട്), പല്ലവി സിങ് (കോസ്റ്റ്യൂം), ഗോപി പ്രസന്ന (പബ്ലിസിറ്റി ഡിസൈൻ), നാഗരാജ (മേക്കപ്പ്), വീര ശങ്കർ (പ്രൊഡക്ഷൻ കൺട്രോളർ) എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. പ്രതീഷ് ശേഖറാണ് ചിത്രത്തിന്റെ പി.ആർ.ഒയും മാർക്കറ്റിങ് കൺസൾട്ടന്റും.
