വേർപിരിയുന്നില്ല; വിജയ്യിൽ നിന്ന് വിവാഹമോചനം വേണ്ടെന്ന് സംഗീത, ഹർജി പിൻവലിക്കും

ചെന്നൈ: തമിഴക വെട്രി കഴകം (ടി.വി.കെ) അധ്യക്ഷനും നടനുമായ വിജയുമായുള്ള വിവാഹബന്ധം വേർപെടുത്താനുള്ള നീക്കത്തിൽനിന്ന് ഭാര്യ സംഗീത പിന്മാറി. വിവാഹമോചനം ആവശ്യപ്പെട്ട് നൽകിയ ഹർജി പിൻവലിക്കാൻ തയാറാണെന്ന് സംഗീത ചെങ്കൽപ്പെട്ട് കുടുംബകോടതിയെ അറിയിച്ചു. തുടർന്ന് കോടതി ഹർജി തീർപ്പാക്കി.
വീഡിയോ കോൺഫറൻസിങ് വഴിയാണ് സംഗീത കോടതി നടപടികളിൽ പങ്കെടുത്തത്. എന്നാൽ, നിലപാട് മാറ്റിയതിന്റെ കൃത്യമായ കാരണം വ്യക്തമാക്കിയിട്ടില്ല. വിജയിയുടെ കുടുംബാംഗങ്ങൾ വിഷയത്തിൽ ഇടപെട്ടതിനെത്തുടർന്ന് ഇരുവർക്കുമിടയിലെ ഭിന്നതകൾ പരിഹരിക്കപ്പെട്ടതായും ഒന്നിച്ച് മുന്നോട്ടുപോകാൻ തീരുമാനിച്ചതായും നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഈ അഭ്യൂഹങ്ങൾ ശരിവെക്കുന്നതാണ് പുതിയ തീരുമാനം.
1998-ൽ യുകെയിൽ വെച്ച് രജിസ്റ്റർ ചെയ്ത ഇവരുടെ വിവാഹം, 1999 ആഗസ്റ്റിൽ ചെന്നൈയിൽ വെച്ചാണ് ഹൈന്ദവ ആചാരപ്രകാരം നടന്നത്. ജാസൺ സഞ്ജയ്, ദിവ്യ സാഷ എന്നിവരാണ് മക്കൾ.
