ഒരു ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസി മതിയോ? രണ്ടാമതൊന്ന് കൂടി എടുക്കുന്നത് ലാഭകരമാണോ? അറിയാം ഇക്കാര്യങ്ങള്‍

ഒരു ആരോഗ്യ ഇൻഷുറൻസ് പോളിസി എടുത്തുകഴിഞ്ഞാൽ പിന്നെ അതിനെക്കുറിച്ച് കൂടുതൽ ചിന്തിക്കാത്തവരാണ് നമ്മളിൽ ഭൂരിഭാഗവും. തൊഴിൽദാതാവ് നൽകുന്ന ഇൻഷുറൻസോ വർഷങ്ങൾക്ക് മുമ്പ് എടുത്ത ഏതെങ്കിലും വ്യക്തിഗത പോളിസിയോ ആയിരിക്കും പലരുടെയും കൈവശമുണ്ടാകുക. എന്നാൽ ചികിത്സാ ചെലവുകൾ റോക്കറ്റ് വേഗത്തിൽ കുതിച്ചുയരുന്ന വർത്തമാനകാലത്ത് വലിയൊരു ചോദ്യം അവശേഷിക്കുന്നുണ്ട്: ഒരു പോളിസി കൊണ്ട് മാത്രം കാര്യം നടക്കുമോ? അതോ രണ്ടാമതൊന്ന് കൂടി എടുക്കുന്നതാണോ ബുദ്ധി?
ഉത്തരം വ്യക്തമാണ്; രണ്ടാമതൊരു പോളിസി എടുക്കുന്നത് തന്നെയാണ് നിലവിലെ സാഹചര്യത്തിൽ കൂടുതൽ പ്രായോഗികം. ഒന്നിലധികം ആരോഗ്യ ഇൻഷുറൻസ് പോളിസികൾ എടുക്കുന്നതിന് യാതൊരുവിധ നിയമതടസ്സങ്ങളുമില്ല. അതിവേഗം വർധിക്കുന്ന ചികിത്സാച്ചെലവുകൾ നേരിടാനും, കമ്പനി ഇൻഷുറൻസിന്റെ പരിമിതികൾ മറികടന്ന് ആവശ്യത്തിന് കവറേജ് ഉറപ്പാക്കാനും ഒന്നിലധികം പോളിസികൾ സഹായിക്കും.
എപ്പോഴാണ് രണ്ടാമതൊരു പോളിസി അത്യാവശ്യമാകുന്നത്?
നിലവിൽ ജോലി ചെയ്യുന്ന കമ്പനി നൽകുന്ന ഗ്രൂപ്പ് ഹെൽത്ത് ഇൻഷുറൻസിന് പുറമെ സ്വന്തമായി മറ്റൊരു പോളിസി കൈവശം വെക്കുന്നത് എപ്പോഴും സുരക്ഷിതമാണ്. കമ്പനി ഇൻഷുറൻസ് അവിടെ ജോലി ചെയ്യുന്ന കാലത്തോളം മാത്രമേ ലഭ്യമാകൂ. തൊഴിൽ മാറുമ്പോഴോ വിരമിക്കുമ്പോഴോ ഈ പരിരക്ഷ ഇല്ലാതാകും.
മറ്റൊന്ന് നിലവിലുള്ള പോളിസിയുടെ തുക തികയാതെ വരുമ്പോഴാണ്. വർഷങ്ങൾക്ക് മുമ്പ് എടുത്ത അഞ്ച് ലക്ഷം രൂപയുടെ കവറേജ് ഇന്നത്തെ കാലത്ത് ഒരു ഗുരുതര രോഗ ചികിത്സയ്ക്ക് തികയണമെന്നില്ല. പ്രത്യേകിച്ചും വൻനഗരങ്ങളിലെ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികളിൽ ചികിത്സാ ബില്ലുകൾ ലക്ഷങ്ങൾ കടക്കുന്ന സാഹചര്യത്തിൽ അധിക കവറേജ് നൽകുന്ന പോളിസികൾ തുണയാകും.
ക്ലെയിം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
രണ്ട് പോളിസികൾ ഉണ്ടെന്ന് കരുതി ഒരേ ആശുപത്രി ബില്ല് ഉപയോഗിച്ച് രണ്ടിടത്തുനിന്നും മുഴുവൻ തുകയും ക്ലെയിം ചെയ്യാനാകില്ല. നിങ്ങളുടെ യഥാർത്ഥ ചികിത്സാ ചെലവിന് മുകളിലുള്ള തുക ലഭിക്കുകയുമില്ല. ചികിത്സാ ചെലവ് ആദ്യത്തെ പോളിസിയുടെ പരിധി ലംഘിക്കുകയാണെങ്കിൽ, ബാക്കി വരുന്ന തുക രണ്ടാമത്തെ കമ്പനിയിൽ നിന്ന് ക്ലെയിം ചെയ്യാവുന്നതാണ്.
ഇൻഷുറൻസ് റഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റിയുടെ (IRDAI) മാർഗനിർദേശ പ്രകാരം ഏത് ഇൻഷുറൻസ് കമ്പനിയെ ആദ്യം സമീപിക്കണമെന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം പോളിസി ഉടമയ്ക്കുണ്ട്. ആദ്യ കമ്പനി അനുവദിച്ച തുക കഴിഞ്ഞ് ബാക്കി വരുന്ന തുകയ്ക്ക് ആവശ്യമായ രേഖകൾ സമർപ്പിച്ച് രണ്ടാമത്തെ കമ്പനിയെ സമീപിക്കാം.
രേഖകളും വിവരങ്ങളും കൃത്യമായിരിക്കണം
ഒന്നിലധികം പോളിസികൾ കൈകാര്യം ചെയ്യുമ്പോൾ അവയുടെ പ്രീമിയം അടക്കേണ്ട തീയതികൾ, പോളിസി രേഖകൾ എന്നിവ കൃത്യമായി സൂക്ഷിക്കണം. പുതിയ പോളിസി എടുക്കുമ്പോൾ നിലവിലുള്ള ഇൻഷുറൻസ് വിവരങ്ങൾ കമ്പനിയെ കൃത്യമായി അറിയിക്കുകയും വേണം. വിവരങ്ങൾ മറച്ചുവെക്കുന്നത് ഭാവിയിൽ ക്ലെയിമുകൾ തള്ളാൻ കാരണമായേക്കാം.
