അതിതീവ്ര മഴ മുന്നറിയിപ്പ്; മൂന്ന് ജില്ലകളിൽ റെഡ് അലേർട്ട് അഞ്ച് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുന്നു. അടുത്ത മണിക്കൂറുകളിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്ന് മൂന്ന് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു.
- റെഡ് അലേർട്ട് പ്രഖ്യാപിച്ച ജില്ലകൾ: പത്തനംതിട്ട, കോട്ടയം, ഇടുക്കി.
ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിനിടെ 204.4 മില്ലീമീറ്ററിൽ അധികം മഴ ലഭിക്കുമെന്നാണ് പ്രവചനം. അതിതീവ്രമായ മഴ ദുരന്തസാധ്യതകൾക്ക് ഇടയാക്കുമെന്നതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.
ഓറഞ്ച് അലേർട്ട് ജില്ലകൾ
- ഇന്ന്: കൊല്ലം, ആലപ്പുഴ, എറണാകുളം, കണ്ണൂർ, കാസർഗോഡ്.
- നാളെ: പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്.
ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ നദിക്കരകളിൽ താമസിക്കുന്നവരും മലയോര മേഖലകളിലേക്ക് യാത്ര ചെയ്യുന്നവരും കനത്ത ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
