ട്രംപ് അയഞ്ഞതിന് പിന്നില്‍ ആയുധക്ഷാമം

വാഷിങ്ടണ്‍: ഇറാനെതിരെ വാരാന്ത്യത്തില്‍ നടത്താനിരുന്ന സുപ്രധാന ആക്രമണത്തില്‍ നിന്ന് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പിന്മാറിയതിന് പിന്നില്‍ ഗുരുതരമായ ആയുധക്ഷാമമെന്ന് റിപ്പോര്‍ട്ട്. ഇറാനുമായുള്ള യുദ്ധം നീണ്ടതോടെ പ്രധാന മിസൈല്‍ പ്രതിരോധ സംവിധാനമായ ടാഡ് (THAAD) ഇന്റര്സെപ്ടറുകളുടെ ശേഖരത്തില്‍ 80 ശതമാനവും തീര്‍ന്നതായാണ് സി.എന്‍.എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പാട്രിയറ്റ് ഇന്റര്സെപ്ടറുകളുടെ ശേഖരത്തില്‍ 50 ശതമാനവും യു.എസ് സൈന്യം ഉപയോഗിച്ചുകഴിഞ്ഞു.
ഏപ്രിലില്‍ യുദ്ധത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ യു.എസ് സൈന്യം തങ്ങളുടെ ടോമാഹോക് മിസൈലുകളുടെ ഏകദേശം 30 ശതമാനവും തൊടുത്തുവിട്ടിരുന്നു. വ്യോമപ്രതിരോധ സംവിധാനങ്ങളുടെ ഈ കുറവ് ഇറാന്റെ പ്രഹരം നേരിടുന്നതില്‍ യു.എസിനും സഖ്യകക്ഷികള്‍ക്കും കടുത്ത തിരിച്ചടിയാകുമെന്ന് ഗള്‍ഫ് രാജ്യങ്ങള്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു.
കണക്കുകള്‍ പുറത്തുവിട്ട് സി.എസ്.ഐ.എസ്
ഇറാന് യുദ്ധം ആരംഭിക്കുന്നതിന് മുമ്പ് യു.എസ് സേനയുടെ പക്കല്‍ ഏകദേശം 2,200 പാട്രിയറ്റുകളും 452 ടാഡ് മിസൈലുകളുമാണുണ്ടായിരുന്നതെന്ന് സെന്റര്‍ ഫോര്‍ സ്ര്ടാറ്റജിക് ആന്‍ഡ് ഇന്റര്‍നാഷണല്‍ സ്റ്റഡീസിന്റെ (CSIS) കണക്കുകള്‍ വ്യക്തമാക്കുന്നു. യുദ്ധവേളയില്‍ യു.എസിന്റെ കൃത്യതയാര്‍ന്ന ദീര്‍ഘദൂര മിസൈലുകളെല്ലാം തന്നെ ഉപയോഗിച്ചുതീര്ത്തതായി റോയിട്ടേഴ്സും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
ആശങ്കയായി ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍
യു.എസ് സൈനിക താവളങ്ങളുള്ള പശ്ചിമേഷ്യന്‍ രാജ്യങ്ങളുടെയെല്ലാം പ്രധാന ആശ്രയം യു.എസ് വ്യോമപ്രതിരോധ സംവിധാനങ്ങളാണ്. അതിനിടെ, ഇറാന്റെ നിര്‍ണായക അടിസ്ഥാന സൗകര്യങ്ങള്‍ക്കും ഊര്ജ്ജകേന്ദ്രങ്ങള്ക്കും നേരേയുള്ള ആക്രമണങ്ങള്‍ വിപരീത ഫലങ്ങള്‍ സൃഷ്ടിക്കുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളും ഗള്‍ഫ് രാജ്യങ്ങളുടെ ആശങ്കകളും ഉപദേശകര്‍ ട്രംപിനെ ധരിപ്പിച്ചിരുന്നു. ഇതാണ് അവസാന നിമിഷം സൈനിക നടപടിയില്‍ നിന്ന് പിന്‍വാങ്ങാന്‍ ട്രംപിനെ പ്രേരിപ്പിച്ചത്.
എന്നാല്‍, സൗദി അറേബ്യ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളുടെ സമ്മര്‍ദം കാരണമാണ് ആക്രമണം നിര്‍ത്തിവച്ചതെന്നാണ് വൈറ്റ് ഹൗസിന്റെ ഔദ്യോഗിക വിശദീകരണം.
ആയുധക്ഷാമ വാര്‍ത്ത നിഷേധിച്ച് വൈറ്റ് ഹൗസ്
ആയുധക്ഷാമം സംബന്ധിച്ച മാധ്യമ വാര്‍ത്തകള്‍ വൈറ്റ് ഹൗസ് വക്താവ് അന്ന കെല്ലി കര്‍ശനമായി നിഷേധിച്ചു. പ്രസിഡന്റ് ട്രംപിന്റെ എല്ലാ തന്ത്രപരമായ ലക്ഷ്യങ്ങളും അതിനപ്പുറവും നിറവേറ്റാനുള്ള ആയുധങ്ങളും വെടിക്കോപ്പുകളും യു.എസ് സൈന്യത്തിന്റെ കൈവശമുണ്ടെന്ന് അവര്‍ സി.എന്‍.എന്നിനോട് വ്യക്തമാക്കി.
