ബോർഡിംഗ് പാസുകളുടെ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെക്കരുത്: ഖത്തർ സൈബർ സുരക്ഷാ ഏജൻസിയുടെ മുന്നറിയിപ്പ്

ദോഹ: വിമാന യാത്രക്കാരുടെ വ്യക്തിഗത വിവരങ്ങൾ ചോരാൻ സാധ്യതയുള്ളതിനാൽ, ബോർഡിംഗ് പാസുകളുടെയും യാത്രാ ടിക്കറ്റുകളുടെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കരുതെന്ന് ഖത്തർ ദേശീയ സൈബർ സുരക്ഷാ ഏജൻസിയുടെ (NCSA) കർശന മുന്നറിയിപ്പ്. ഓഗസ്റ്റ് 3-ന് പുറത്തിറക്കിയ ഔദ്യോഗിക പത്രക്കുറിപ്പിലാണ് അധികൃതർ ജാഗ്രതാ നിർദേശം നൽകിയത്.
ബോർഡിംഗ് പാസുകളിലും ടിക്കറ്റുകളിലുമുള്ള ക്യു.ആർ കോഡുകളും ബാർകോഡുകളും സ്കാൻ ചെയ്ത് അപരിചിതർക്ക് യാത്രക്കാരുടെ വ്യക്തിവിവരങ്ങളും യാത്രാ പദ്ധതികളും (Travel Itineraries) വളരെ എളുപ്പത്തിൽ ചോർത്താനാകും.
അവധിക്കാല ആഘോഷങ്ങളും യാത്രാ വിശേഷങ്ങളും സോഷ്യൽ മീഡിയയിൽ പങ്കുവെക്കുമ്പോൾ, ടിക്കറ്റുകളിലെ ബാർകോഡുകളും മറ്റ് വ്യക്തിഗത വിവരങ്ങളും പൂർണ്ണമായും മറയ്ക്കുകയോ (ബ്ലർ ചെയ്യുകയോ) എഡിറ്റ് ചെയ്ത് ഒഴിവാക്കുകയോ ചെയ്യണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു. യാത്രക്കാരുടെ സ്വകാര്യത സംരക്ഷിക്കുന്നതിനും സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിനുമാണ് എൻ.സി.എസ്.എ ഇത്തരം ബോധവൽക്കരണം ശക്തമാക്കിയിട്ടുള്ളത്.
