സുരക്ഷാ പരിശോധന ശക്തമാക്കി കുവൈത്ത് പൊലീസ്; നിയമലംഘകരായ 12 പേർ അറസ്റ്റിൽ

കുവൈത്ത് സിറ്റി: കുവൈത്തിൽ സുരക്ഷാ പരിശോധന കർശനമാക്കി അധികൃതർ. വിവിധ ഗവർണറേറ്റുകളിൽ ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് നടത്തിയ മിന്നൽ പരിശോധനകളിൽ തൊഴിൽ നിയമലംഘകരും വിവിധ കേസുകളിൽ പ്രതികളുമായ 12 പേർ പിടിയിലായി. ആഭ്യന്തര മന്ത്രാലയത്തിന്റെ കർശന നിർദ്ദേശപ്രകാരം രാജ്യത്തുടനീളം ഫീൽഡ് പട്രോളിംഗ് ശക്തമാക്കിയതിനിടെയാണ് വിവിധ രാജ്യക്കാരായ ഇവർ കുടുങ്ങിയത്. നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെയുള്ള പരിശോധന ശക്തമായി തുടരുമെന്ന് അധികൃതർ വ്യക്തമാക്കി. അറസ്റ്റിലായവരെ തുടർനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി.
അതേസമയം, സ്വകാര്യ വാഹനങ്ങളിൽ അനധികൃതമായി യാത്രക്കാരെ കടത്തിയ രണ്ട് ഏഷ്യൻ പ്രവാസികളെ ട്രാഫിക് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് അറസ്റ്റ് ചെയ്തു. ഇവരുടെ വാഹനങ്ങൾ പൊലീസ് കസ്റ്റഡിയിലെടുക്കുകയും പ്രതികളെ ട്രാഫിക് ഡിറ്റൻഷൻ സെന്ററിലേക്ക് മാറ്റുകയും ചെയ്തു. സ്വകാര്യ കാറുകളിൽ ആളുകളെ കൊണ്ടുപോകുന്നത് ഗുരുതരമായ ഗതാഗത നിയമലംഘനമാണെന്നും ഇത്തരം പ്രവൃത്തികളിൽ ഏർപ്പെടുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
