ഡീപ്ഫേക്ക് ദുരുപയോഗം: നിയമനടപടി സ്വീകരിക്കുമെന്ന് നടി മൃണാൽ താക്കൂറിന്റെ കർശന മുന്നറിയിപ്പ്

കൊച്ചി: ജനപ്രിയ നടി മൃണാൽ താക്കൂറിന്റെ മുഖമോ രൂപമോ ഉപയോഗിച്ച് നിർമ്മിക്കുന്ന ഡീപ്ഫേക്ക് (Deepfake) ഉള്ളടക്കങ്ങൾക്കെതിരെ കർശന മുന്നറിയിപ്പുമായി താരം രംഗത്ത്. നിർമിത ബുദ്ധി (AI) സാങ്കേതികവിദ്യ ദുരുപയോഗം ചെയ്ത് തന്റെ വ്യക്തിത്വം വളച്ചൊടിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് നടി സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കി. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ശക്തമായ കുറിപ്പിലൂടെയാണ് മൃണാൽ നിലപാട് വ്യക്തമാക്കിയത്. “എന്റെ രൂപഭാവങ്ങൾ ഉപയോഗിച്ച് ഡീപ്ഫേക്ക് ഉള്ളടക്കങ്ങൾ നിർമ്മിക്കുകയോ പങ്കിടുകയോ ചെയ്യുന്നത് നിയമവിരുദ്ധവും അംഗീകരിക്കാനാവാത്തതുമാണ്. ഇത് ഉടൻ നിർത്താനുള്ള ഔദ്യോഗിക മുന്നറിയിപ്പായി കണക്കാക്കുക. എന്റെ ഐഡന്റിറ്റിയുടെ മേലെയുള്ള ഏത് ദുരുപയോഗവും നിയമനടടികളിലേക്ക് നയിക്കുന്നതായിരിക്കും” എന്ന് നടി കുറിച്ചു. എന്നാൽ, ഏത് പ്രത്യേക അക്കൗണ്ടോ ഉള്ളടക്കമോ ആണ് ഈ മുന്നറിയിപ്പിന് ആധാരമെന്ന് നടി കുറിപ്പിൽ വ്യക്തമാക്കിയിട്ടില്ല. ജനപ്രിയ ടെലിവിഷൻ പരമ്പരയായ ‘കുങ്കും ഭാഗ്യ’യിലൂടെ അഭിനയജീവിതം ആരംഭിച്ച താരം, ‘ലവ് സോണിയ’, ‘സൂപ്പർ 30’, ‘ബട്ല ഹൗസ്’, ‘സീതാ രാമം’, ‘ഹി നണ്ണ’, ‘ദി ഫാമിലി സ്റ്റാർ’, ‘സൺ ഓഫ് സർദാർ 2’ തുടങ്ങിയ ശ്രദ്ധേയമായ ചിത്രങ്ങളിലൂടെ മികച്ച നിരൂപക പ്രശംസ നേടിയിട്ടുണ്ട്.
