വിക്കറ്റ് വീഴ്ത്തിയിട്ടും കാര്യമില്ല, വാതിൽ കൊട്ടിയടച്ച് അഗാർക്കർ; മുഹമ്മദ് ഷമിക്ക് ഇനി തിരിച്ചുവരവില്ലേ

മുംബൈ: ഇന്ത്യന്‍ പേസ് നിരയുടെ നട്ടെല്ലായ ജസ്പ്രീത് ബുംറയുടെ പരിക്കുകള്‍ ടീം മാനേജ്മെന്റിന് വലിയ പ്രതിസന്ധി തീര്‍ക്കുമ്പോഴും, സീനിയര്‍ പേസര്‍ മുഹമ്മദ് ഷമിയെ തഴഞ്ഞ് സെലക്ഷന് കമ്മിറ്റി. ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്കുശേഷം ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമില്‍ ഇടംപിടിച്ചെങ്കിലും ഫിറ്റ്നസ് വീണ്ടെടുക്കാത്തതിനെ തുടര്‍ന്ന് ബുംറയ്ക്ക് അവസാന നിമിഷം പിന്മാറേണ്ടി വന്നിരുന്നു. തുടര്‍ന്ന് ജമ്മു കശ്മീര്‍ പേസര്‍ ആഖിബ് നബിയെ ബി.സി.സി.ഐ പകരക്കാരനായി ടീമിലെത്തിക്കുകയായിരുന്നു.
കഴിഞ്ഞ രഞ്ജി ട്രോഫിയില്‍ വിക്കറ്റ് വേട്ടയില്‍ ഒന്നാമതെത്തിയ ആഖിബ് നബിയുടെ തിരഞ്ഞെടുപ്പ് അര്ഹിച്ചതാണെങ്കിലും, ഈ നീക്കം മുഹമ്മദ് ഷമിയുടെ ഭാവി സംബന്ധിച്ച് വലിയ ചോദ്യചിഹ്നങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. 2023-ന് ശേഷം ഇന്ത്യക്കായി ടെസ്റ്റ് ക്രിക്കറ്റില്‍ ഷമി കളിച്ചിട്ടില്ല. പരിക്കിനെത്തുടര്‍ന്നാണ് പുറത്തായതെങ്കിലും ആഭ്യന്തര മത്സരങ്ങളില്‍ മികച്ച ഫോം തുടര്‍ന്നിട്ടും അജിത് അഗാര്‍ക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷന് കമ്മിറ്റി താരത്തെ പരിഗണിച്ചിരുന്നില്ല. നീണ്ട ഫോര്‍മാറ്റുകള്‍ കളിക്കാനുള്ള ശാരീരികക്ഷമത ഷമിക്കില്ലെന്നാണ് ചീഫ് സെലക്ടറുടെ വാദമെങ്കിലും, രഞ്ജിയിലെ മികച്ച പ്രകടനം ഈ വാദങ്ങളെ ഖണ്ഡിക്കുന്നതായിരുന്നു. എന്നാല്‍, സെലക്ടര്‍മാരുടെ തീരുമാനത്തിനെതിരെ ഷമി ഉന്നയിച്ച ചില വിമര്‍ശനങ്ങളാണ് ടീമിന് പുറത്തുനിര്‍ത്താന്‍ കാരണമെന്നാണ് സൂചന.
ഇനി ദേശീയ ടീമിലേക്ക് മടങ്ങിയെത്തുക ഷമിയെ സംബന്ധിച്ചിടത്തോളം കടുത്ത വെല്ലുവിളിയാണ്. ദുലീപ് ട്രോഫി ഉള്‍പ്പെടെയുള്ള ആഭ്യന്തര ടൂര്‍ണമെന്റുകളില്‍ യുവതാരങ്ങളെ പിന്തതള്ളി നൂറുശതമാനം ഫിറ്റ്നസ് തെളിയിച്ചാല്‍ മാത്രമേ ഇനി പരിഗണന ലഭിക്കാനിടയുള്ളൂ. അടുത്ത വര്‍ഷം ദക്ഷിണാഫ്രിക്കയില്‍ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പ് ടീമിലിടം നേടുക എന്നതും 35 കാരനായ ഷമിയെ സംബന്ധിച്ച് വലിയ കടമ്പയാണ്. ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ ഗുര്‍ണൂര്‍ ബ്രാറിലും പ്രിന്‍സ് യാദവിനെയും പോലുള്ള യുവതാരങ്ങള്‍ക്ക് സെലക്ടര്‍മാര്‍ മുന്‍ഗണന നല്കിയ പശ്ചാത്തലത്തില്‍, അഗാര്‍ക്കറുടെ കീഴില്‍ ഷമിയുടെ തിരിച്ചുവരവ് പ്രയാസകരമായിരിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
