അധികമുള്ള ലഗേജ് ഓൺലൈൻ ആയി ബുക്ക് ചെയ്യാം; പുതിയ നയവുമായി ഇന്ത്യൻ റെയിൽവേ, എത്ര വരെ കൊണ്ടു പോകാം?

ന്യൂഡൽഹി: ട്രെയിൻ യാത്രകളിൽ അധിക ലഗേജുമായി യാത്ര ചെയ്യുന്നവർക്ക് ആശ്വാസവുമായി ഇന്ത്യൻ റെയിൽവേയുടെ പുതിയ നയം. റിസർവ് ചെയ്ത ടിക്കറ്റുകളിൽ യാത്ര ചെയ്യുന്നവർക്ക് ഇനി അധിക ലഗേജ് ഓൺലൈനായി മുൻകൂട്ടി ബുക്ക് ചെയ്യാം. ജൂലൈ 31 മുതൽ പ്രാബല്യത്തിൽ വന്ന പുതിയ സംവിധാനം വഴി ഐആർസിടിസി പ്ലാറ്റ്ഫോം മുഖേന ടിക്കറ്റിനൊപ്പം തന്നെ ലഗേജും ബുക്ക് ചെയ്യാം.
കൺഫേം ആയ റിസർവ്ഡ് ടിക്കറ്റുള്ള യാത്രക്കാർക്ക് മാത്രമാണ് ഈ സൗകര്യം ലഭിക്കുന്നത്. നേരത്തെ അധിക ലഗേജുകൾ കൊണ്ടുപോകാൻ സ്റ്റേഷനിലെ പാഴ്സൽ ഓഫീസുകളെ ആശ്രയിക്കേണ്ടിയിരുന്ന ബുദ്ധിമുട്ടാണ് ഇതിലൂടെ ഒഴിവാകുന്നത്.
ക്ലാസ് തിരിച്ചുള്ള സൗജന്യ ലഗേജ് പരിധി
ഓരോ യാത്രാ ക്ലാസുകൾക്കും റെയിൽവേ അനുവദിച്ചിരിക്കുന്ന സൗജന്യ ലഗേജ് പരിധി താഴെ പറയുന്നതാണ്:
എസി ഫസ്റ്റ് ക്ലാസിൽ യാത്ര ചെയ്യുന്നവർക്ക് 70 കിലോ വരെയും, ഫസ്റ്റ് ക്ലാസ് & എസി 2 ടയറിൽ 50 കിലോഗ്രാം വരെയും സൗജന്യമായി ലഗേജ് കൊണ്ടുപോകാം. സ്ലീപ്പർ ക്ലാസിൽ 40 കിലോഗ്രാമും, സെക്കൻഡ് ക്ലാസിൽ 35 കിലോഗ്രാമും ആണ് സൗജന്യ പരിധി. എസി 3 ടയർ, എസി 3 ഇക്കോണമി, എസി ചെയർ കാർ എന്നിവയിൽ 40 കിലോഗ്രാം വരെ സൗജന്യമായി കൊണ്ടുപോകാം. എന്നാൽ ഈ ക്ലാസുകളിൽ അധിക ലഗേജ് കൊണ്ടുപോകാൻ അനുവാദമില്ല. മറ്റ് ക്ലാസുകളിൽ നിശ്ചിത ചാർജ് നൽകി പരമാവധി ഭാരം ഇരട്ടിയാക്കി വർദ്ധിപ്പിക്കാൻ സാധിക്കും (ഉദാഹരണത്തിന് എസി ഫസ്റ്റ് ക്ലാസിൽ 150 കിലോ വരെ).
ബാഗുകളുടെ അനുവദനീയമായ വലുപ്പം
യാത്രാ കോച്ചുകൾക്കുള്ളിൽ സൂക്ഷിക്കുന്ന ബാഗുകൾക്ക് റെയിൽവേ കൃത്യമായ അളവുകൾ നിശ്ചയിച്ചിട്ടുണ്ട്. എസി 3 ടയർ, എസി 3 ഇക്കോണമി, എസി ചെയർ കാർ കോച്ചുകളിൽ 55 cm x 45 cm x 22.5 cm അളവിലുള്ള ബാഗുകളാണ് അനുവദനീയമായിട്ടുള്ളത്. എസി ഫസ്റ്റ് ക്ലാസ്, എസി 2 ടയർ, സ്ലീപ്പർ, ജനറൽ ക്ലാസ് എന്നീ കോച്ചുകളിൽ 100 cm x 60 cm x 25 cm അളവിലുള്ള ബാഗുകൾ കൊണ്ടുപോകാം.
ഓൺലൈനായി ലഗേജ് ബുക്ക് ചെയ്യുന്നത് എങ്ങനെ?
സൗജന്യ പരിധിക്കപ്പുറമുള്ള ലഗേജുകൾക്ക് സാധാരണ ലഗേജ് നിരക്കിന്റെ 1.5 മടങ്ങ് തുക ഈടാക്കും.
ഇന്ത്യൻ റെയിൽവേയുടെ പാഴ്സൽ പോർട്ടലിൽ രജിസ്റ്റർ ചെയ്ത് ലോഗിൻ ചെയ്ത ശേഷം, യാത്ര പുറപ്പെടുന്ന സ്ഥലവും എത്തിച്ചേരേണ്ട സ്റ്റേഷനും ട്രെയിനും തിരഞ്ഞെടുത്ത് നിരക്കുകൾ പരിശോധിച്ച് ഓൺലൈനായി ലഗേജ് ബുക്ക് ചെയ്യാവുന്നതാണ്. ഓൺലൈൻ ഫോം സമർപ്പിച്ചതിനു ശേഷം ലഭിക്കുന്ന ഇ-ഫോർവേർഡിംഗ് നോട്ടിന്റെ പ്രിന്റ് ഔട്ട് സഹിതം യാത്രയ്ക്കു മുൻപ് സ്റ്റേഷനിൽ ലഗേജ് എത്തിക്കുക. അവിടെ ലഗേജ് തൂക്കിനോക്കി നിരക്കുകൾ അടച്ചാൽ റെയിൽവേ രസീത് നൽകും.
‘ട്രാക്ക് & ട്രേസ്’ സൗകര്യം വഴി യാത്രക്കാർക്ക് ലഗേജിന്റെ യാത്ര തത്സമയം നിരീക്ഷിക്കാം. ലഗേജ് ലക്ഷ്യസ്ഥാനത്ത് എത്തിയാൽ എസ്എംഎസ് സന്ദേശം ലഭിക്കും. തുടർന്ന് കൗണ്ടറിൽ രസീത് കാണിച്ച് ലഗേജ് കൈപ്പറ്റാം.
